ഇടുക്കി-ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുളള ഓപ്പേറഷൻ അരിക്കൊമ്പൻ നടപടി ചൊവ്വാഴ്ച മുതൽ സജീവമാകും. അരിക്കൊമ്പൻ ആനക്ക് ഘടിപ്പിക്കാനായി അസമിൽ നിന്ന് റേഡിയോ കോളർ എത്തിക്കാനുള്ള ഊർജിത ശ്രമത്തിലാണ് വനം വകുപ്പ്. ഹൈക്കോടതി ഉത്തരവ് പ്രകാരം ആയതിനാൽ അരിക്കൊമ്പനെ മാറ്റുന്ന പറമ്പിക്കുളം മേഖലയിലെ പ്രതിഷേധം ഫലിക്കില്ലെന്നാണ് വിലയിരുത്തൽ
അസമിലെ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ കൈവശമാണ് ജി.പി.എസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന റേഡിയോ കോളറുള്ളത്.ഇത് കേരളത്തിലെത്തിക്കണമെങ്കിൽ അവിടുത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി വേണം. തിങ്കളാഴ്ച വിമാനമാർഗം റേഡിയോ കോളർ കേരളത്തിലെത്തും. പിന്നാലെ തന്നെ ഓപ്പറേഷൻ ആരംഭിക്കും. നിലവിൽ വനംവകുപ്പിന്റെ കൈയിലുള്ള ജി.എസ്.എം റേഡിയോ കോളറിന് പറമ്പിക്കുളത്തെ ഉൾക്കാടുകളിൽ റേഞ്ച് കിട്ടില്ല എന്നതിനാലാണ് സാറ്റ്‌ലൈറ്റ് വഴി പ്രവർത്തിക്കുന്ന റേഡിയോ കോളറെത്തിക്കുന്നത്.
പറമ്പിക്കുളത്തെ ജനകീയ സമിതി അരിക്കൊമ്പന്റെ മാറ്റത്തിനെതിരെ അപ്പീൽ നൽകാനൊരുങ്ങുകയാണ്. അതേസമയം വിഷയം പരിഗണിച്ചത് ഡിവിഷൻ ബഞ്ചായതിനാൽ ഇത് സ്വീകരിക്കാനുള്ള സാധ്യത കുറവാണ്. അങ്ങനെ വന്നാൽ സുപ്രീംകോടതിയിൽ പോകേണ്ടി വരും. ഇതിന് കാലതാമസം എടുത്തേക്കാം. ഇതിനിടയിൽ ആനയെ മാറ്റാനാകുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. എല്ലാ വകുപ്പുകളും സഹായിക്കണമെന്ന നിർദേശം കൂടി ഉള്ളതിനാൽ പ്രതിഷേധം ഉണ്ടായാലും അത് വിലപ്പോകില്ലെന്നാണ് വിലയിരുത്തൽ.
ചിത്രം അരിക്കൊമ്പൻ