ഇടുക്കി-അഞ്ചുനാട്ടിൽ പഴക്കാലത്തിന്റെ വരവറിയിച്ച് പീച്ച് പഴങ്ങൾ വിളഞ്ഞു. വേനലിനൊപ്പം ആരംഭിക്കുന്ന കാന്തല്ലൂരിലെ പഴക്കാലം ഡിസംബർ വരെ നീളും. ജനുവരിയിൽ പിങ്ക് നിറത്തിലുള്ള പൂക്കൾ കൊണ്ട് നിറയുന്ന പീച്ച് മരങ്ങൾ ഏപ്രിലിൽ പഴങ്ങളായി മാറും. പിന്നാലെ മെയ്, ജൂൺ മാസത്തോടെ പ്ലസം പഴങ്ങളുടെയും ബ്ലാക്ക് ബെറി പഴങ്ങളുടെയും വരവായി. ജൂലൈ മുതൽ ഓഗസ്റ്റ് അവസാനം വരെ ആപ്പിളിന്റെ ആധിപത്യമാണ്. ശൈത്യം എത്തുമ്പോൾ തുടങ്ങുന്ന ഓറഞ്ചിന്റെയും പാഷൻ ഫ്രൂട്ടിന്റെയും കാലം ഡിസംബർ അവസാനം വരെ തുടരും.
പോയ വർഷം മറയൂർ മലനിരകളിൽ ശീതകാല പച്ചക്കറികൾക്കൂം ഫലവർഗങ്ങൾക്കും വളരെ അനുയോജ്യ കാലാവസ്ഥയായിരുന്നു. പീച്ച് മരങ്ങളും പ്ലംസ് മരങ്ങളും നിറയെ പൂക്കൂകയും അവയെല്ലാം കായ്കളായി മാറുകയും ചെയ്തു. അതിന് മുൻ വർഷം വേനൽ മഴയോടൊപ്പം ആലിപ്പഴം വീണ് പഴങ്ങൾക്ക് കേട് സംഭവിച്ചിരുന്നു. ഇത്തവണ പച്ചയും ചുവപ്പും കലർന്ന പീച്ച് പഴങ്ങൾ മരങ്ങളിൽ ഇലകളുടെ എണ്ണത്തിനൊപ്പമാണ് നിറഞ്ഞു നിൽക്കുന്നത്. കാന്തല്ലൂർ, ഗുഹനാഥപുരം, കുളച്ചിവയൽ,പെരടിപള്ളം എന്നിവിടങ്ങളിലാണ് വ്യാപകമായി പീച്ച് പഴങ്ങൾ പാകമായിരിക്കുന്നത്.
കാന്തല്ലൂർ പഞ്ചായത്ത് അംഗം പി ടി തങ്കച്ചന്റെ പഴതോട്ടത്തിൽ മാംഗോ പീച്ച്, ആപ്പിൾ പീച്ച് എന്നിവ ഉൾപ്പെടെ അൻപതിലധികം മരങ്ങൾ ഉണ്ട്. ആപ്പിൾ പീച്ചിന് ആപ്പിളിന് സമാനമായ നിറമാണ്. ആപ്പിൾ പീച്ചിന് കിലോ ഗ്രാമിന് 500 രൂപ വരെയും സാധാരണ പീച്ചിന് 300 രൂപ വരെയും വില ലഭിക്കുമെന്നും തങ്കച്ചൻ പറയുന്നു. കൊളോണിയൽ കാലത്ത് വിദേശികളാണ് കാലാവസ്ഥയുടെ പ്രത്യേകത മനസിലാക്കി കാന്തല്ലുരിൽ പീച്ച് പഴങ്ങൾ എത്തിച്ചതെന്ന് കരുതുന്നു. പ്രത്യേക രുചി അനുഭവം നൽകുന്ന ആപ്പിൾ പീച്ച് സാധാരണ കാലാവസ്ഥയിൽ രണ്ട് മാസത്തിൽ അധികം കേട് വരാതെ ഇരിക്കുമെന്നതും പ്രത്യേകത. ഒരു പീച്ച് മരത്തിൽ നിന്നും ശരാശരി 25 മുതൽ 50 കിലോ വരെ പഴം ലഭിക്കാറുണ്ട്. പീച്ചിന് പ്രത്യേക വിപണി കണ്ടെത്തേണ്ട ആവശ്യം ഇതേവരെ ഉണ്ടായിട്ടില്ല. തോട്ടത്തിൽ എത്തുന്ന സഞ്ചാരികൾ വാങ്ങി തീർക്കുകയാണ് പതിവെന്ന് തങ്കച്ചൻ പറയുന്നു.