Sorry, you need to enable JavaScript to visit this website.

പ്രണയക്കെണികൾ ചതിക്കുഴിയൊരുക്കുന്നു; ആശങ്കാജനകമാണെന്ന് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

തലശേരി-പ്രണയക്കെണികൾ പെൺമക്കൾക്ക് ചതിക്കുഴിയൊരുക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്നത് ആശങ്കാജനകമാണെന്ന് തലശ്ശേരി അതിരൂപതാ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഈസ്റ്റർ ദിനത്തിൽ ഇടവകപള്ളികളിൽ വായിക്കുന്നതിനുള്ള ഇടയലേഖനത്തിലാണ് ഈ വിഷയങ്ങളിൽ ബിഷപ്പ് തന്റെ ആശങ്ക പങ്കുവച്ചത്. പ്രണയക്കെണികൾക്ക് പിന്നാലെ സ്ത്രീകൾ സമുദായത്തിൽ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും സ്ത്രീധന സമ്പ്രദായത്തെക്കുറിച്ചും ബിഷപ്പ് തന്റെ അതൃപ്തി അറിയിച്ചു. പിതൃസ്വത്തിൽ ആൺമക്കൾക്കെന്നപോലെ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധി ഇനിയും സമുദായം വേണ്ടരീതിയിൽ ഉൾക്കൊണ്ടില്ലെന്ന് മാർ ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി.സഭയിലും സമുദായത്തിലും സ്ത്രീകൾ അവഗണന നേരിടുന്നു എന്നത് വിസ്മരിക്കാനാകില്ല. സ്ത്രീകളെ ആദരിക്കുന്നതിൽ നമ്മുടെ രാജ്യവും സംസ്‌കാരവും ഏറെ പിന്നിലാണ്. കായികബലത്തിന്റെ പിന്തുണയിൽ കാലങ്ങളായി പുരുഷാധിപത്യം സമൂഹത്തിൽ ശക്തിപ്പെട്ടതായും ബിഷപ് ഓർമ്മിപ്പിച്ചു. നിയമവിരുദ്ധമായ സ്ത്രീധന സമ്പ്രദായം സമുദായത്തിൽ പലരൂപത്തിലും നിലനിൽക്കുന്നു. ഇത് അപമാനകരമാണ്. സ്ത്രീതന്നെയാണ് ധനം എന്നചിന്ത ശക്തിപ്പെടണമെന്നും ദാമ്പത്യത്തെ ബന്ധിപ്പിക്കുന്ന സ്ത്രീവിരുദ്ധ സമ്പ്രദായം അവസാനിപ്പിക്കേണ്ട കാലമായെന്നും ഇടയലേഖനത്തിൽ പറയുന്നുണ്ട്.
പ്രണയക്കെണിയിൽ കുടുക്കി നമ്മുടെ പെൺമക്കൾക്ക് ചതിക്കുഴികളൊരുക്കുന്ന സംഭവങ്ങൾ ആശങ്കാജകമായി വർദ്ധിക്കുന്നു. ഇതിനെതിരെ കരുതൽ വേണം. ആൺമക്കൾക്കെന്നപോലെ പെൺമക്കൾക്കും സ്വത്തിൽ തുല്യാവകാശം ഉറപ്പുവരുത്തുന്നതിലൂടെ കല്യാണസമയത്തെ ആഭരണധൂർത്തിന് അറുതിവരുത്താമെന്നും ഇടയലേഖനത്തിൽ പറയുന്നു.

Latest News