ലോക ഫുട്‌ബോളില്‍ കഴിഞ്ഞ രണ്ടു വര്‍ഷം ഏറ്റവുമധികം തരംഗം സൃഷ്ടിച്ച ടീമാണ് ഐസ് ലന്റ്. 2016 ല്‍ യൂറോ കപ്പിലെ അരങ്ങേറ്റത്തില്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ പോര്‍ചുഗലിനെ തളക്കുകയും വെയ്ന്‍ റൂണിയുടെ ഇംഗ്ലണ്ടിനെ തോല്‍പിക്കുകയും ചെയ്തു അവര്‍. ലോകകപ്പ് അരങ്ങേറ്റത്തില്‍ ലിയണല്‍ മെസ്സിയുടെ അര്‍ജന്റീനയെ പിടിച്ചുകെട്ടി. വെറും 3.3 ലക്ഷം മാത്രം ജനസംഖ്യയുള്ള കൊച്ചു രാജ്യം എങ്ങനെ ഈ വലിയ നേട്ടം കൊയ്തു.
![](https://www.malayalamnewsdaily.com/sites/default/files/2018/06/17/17hannes1.jpg)
വെറും 33,000 പേര്‍ മാത്രമാണ് ഐസ്്‌ലന്റില്‍ സ്ഥിരമായി കളിക്കുന്നത്. തണുത്ത കാലാവസ്ഥയില്‍ കളി തടസ്സപ്പെടാതിരിക്കാന്‍ അവിടെ ഇന്‍ഡോര്‍ കോര്‍ടുകള്‍ ധാരാളമുണ്ട്. പരിശീലനത്തിന് സബ്‌സിഡി നിരക്കാണ്. ലൈസന്‍സുള്ള കോച്ചുമാര്‍ യഥേഷ്ടം. ക്ലബ് രജിസ്‌ട്രേഷനുള്ള 35 കളിക്കാര്‍ക്ക് ഒരാള്‍ എന്ന നിരക്കില്‍ അവിടെ പരിശീലകരുണ്ട്. അതുകൊണ്ടു തന്നെ ഓരോ കളിക്കാരനും വ്യക്തിഗത ശ്രദ്ധ കിട്ടുന്നു.
ഐസ്്‌ലന്റ് ദേശീയ ടീമിലെ ഐക്യബോധം മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്തതാണ്. കളിക്കാര്‍ വല്ലപ്പോഴും കണ്ടുമുട്ടുന്നവരല്ല. കൊച്ചു രാജ്യമായതിനാല്‍ ഒരുമിച്ച് വളര്‍ന്നവരാണ് ഇവര്‍. മറ്റു ടീമുകളെ പോലെ ഓരോ സ്ഥാനത്തിനും വേണ്ടി കടിപിടിയില്ല. 2016 ലെ യൂറോ കപ്പില്‍ കളിച്ചവരില്‍ ബഹുഭൂരിഭാഗവും ലോകകപ്പ് ടീമിലുമുണ്ട്. ലോകകപ്പ് ടീമിലെ 23 പേരില്‍ എട്ടു പേര്‍ ഏഴു വര്‍ഷം മുമ്പ് 2011 ലെ യൂറോപ്യന്‍ അണ്ടര്‍21 ചാമ്പ്യന്‍ഷിപ്പില്‍ ഒരുമിച്ചു കളിച്ചവരാണ്. ഇവര്‍ കൂടിച്ചേരുമ്പോള്‍ അത് കുടുംബസംഗമം പോലെയാണ്. പരസ്പരസ്‌നേഹത്തിലാണ് അവര്‍ എല്ലാ കാര്യവും ചെയ്യുന്നത്. ഒന്നും അടിച്ചേല്‍പിക്കേണ്ടതില്ല.
വേറൊരു പ്രശ്‌നം ജനങ്ങളുമായുള്ള ബന്ധം. ചെറിയ രാജ്യമായതിനാല്‍ മിക്കവര്‍ക്കും പരസ്പരമറിയാം. ഒരു കളി തോറ്റാല്‍ പുറത്തിറങ്ങാനാവില്ല. നാട്ടുകാരോട് മുഴുവന്‍ ഉത്തരം പറയേണ്ടി വരും. ജനങ്ങള്‍ക്ക് കളിക്കാരെ നന്നായി അറിയാം. പലര്‍ക്കും കുടുംബബന്ധമുണ്ടാവും, ഒരുമിച്ചു പഠിച്ചിട്ടുണ്ടാവും. കുടുംബക്കാരെയും പരിചയക്കാരെയും നിരാശപ്പെടുത്താനാവില്ലെന്നത് കളിക്കാര്‍ക്ക് പ്രചോദനമായി മാറുന്നു.
ജനങ്ങളോട് ഉത്തരവാദിത്തമുണ്ട് എന്ന ബോധം ടീമില്‍ ശക്തമാണ്. ഐസ്്‌ലന്റിന്റെ ഓരോ ഹോം മത്സരത്തിനും മുമ്പ് ഒരു പ്രത്യേക കേന്ദ്രത്തില്‍ കോച്ച് എത്തും. പിറ്റേന്നത്തെ കളിയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ജനങ്ങളുമായി ചര്‍ച്ച ചെയ്യും.
പ്രതികൂലമായ കാലാവസ്ഥയുമായി പൊരുതി ജയിച്ചവരാണ് ഈ കളിക്കാര്‍. ശക്തമായ കാറ്റില്‍ ചിലപ്പോള്‍ ഗോള്‍കിക്കുകള്‍ ഗോളിയുടെ നേരെ തിരിച്ചുവന്നേക്കും, മഴ പെയ്യുന്നത് പലപ്പോഴും കനത്ത കാറ്റില്‍ ഭൂമിക്കു സമാന്തരമായാണ്. തണുപ്പില്‍ ചിലപ്പോള്‍ കണ്ണു തുറക്കാനാവില്ല.
എല്ലാത്തിനുമുപരി ഗാലറിയില്‍ ഐസ്്‌ലന്റ് ആരാധകര്‍ മറ്റൊരു കളിക്കാരനെപ്പോലെയാണ്. അവരുടെ പിന്തുണ ഇപ്പോള്‍ ലോകപ്രശസ്തമാണ്. അവരുടെ തണ്ടര്‍ക്ലാപ്പിന് ആരാധകര്‍ ഏറിവരികയാണ്. ഐസ്്‌ലന്റ് കളിക്കാരുടെയും ആരാധകരുടെയും സമര്‍പ്പണം 100 ശതമാനമല്ല, 250 ശതമാനമാണ്. പിന്നെയെങ്ങനെ അവര്‍ ജയിക്കാതിരിക്കും.