Sorry, you need to enable JavaScript to visit this website.

പുതിയ ഐ.ടി ചട്ടം: സാമൂഹിക മാധ്യമങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം- സാമൂഹ്യ മാധ്യമങ്ങളിൽ സർക്കാറുമായി ബന്ധപ്പെട്ട് വരുന്ന വിവരങ്ങളിലെ വസ്തുതാ പരിശോധനക്ക് പ്രത്യേക സംവിധാനം കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നടപടി ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കയ്യേറ്റവുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി കുറ്റപ്പെടുത്തി. മാധ്യമ സെൻസർഷിപ് ഏർപ്പെടുത്തുന്നതിനു സമാനമായ രീതിയിലാണ് ഇലക്‌ട്രോണിക്‌സ്-ഐ.ടി മന്ത്രാലയം ഇപ്പോൾ ഐ.ടി ചട്ടം ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്തിരിക്കുന്നത്. സർക്കാർ നയങ്ങൾക്കെതിരെയുള്ളതും സർക്കാരിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധവുമായിട്ടുള്ള വാർത്തകളെയും വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന് വാസ്തവ വിരുദ്ധമെന്ന് മുദ്ര കുത്താനും അത്തരം വിവരങ്ങൾ പുറത്തു വിടുന്ന സാമൂഹ്യ മാധ്യമ അക്കൗണ്ടുകളെയും വ്യക്തികളെയും നിയന്ത്രിക്കാനും വേട്ടയാടാനും ഇതിലൂടെ ഇട വരും.

തീവ്ര വലതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളും ഹിന്ദുത്വ ഗ്രൂപ്പുകളും പടച്ചു വിടുന്ന 'വാർത്ത'കളിലെയും 'വിവര'ങ്ങളിലെയും യഥാർത്ഥ വസ്തുതകളെ പുറത്തു കൊണ്ട് വന്ന ആൾട്ട് ന്യൂസിലെ മുഹമ്മദ് സുബൈർ എന്ന മാധ്യമ പ്രവർത്തകനെ കേന്ദ്ര സർക്കാർ വേട്ടയാടിയത് അടുത്ത കാലത്താണ്. മീഡിയ വൺ കേസിൽ മുദ്ര വെച്ച കവറിൽ സർക്കാർ കോടതികളിൽ സമർപ്പിച്ച ന്യായവാദങ്ങൾ പരിശോധിച്ചാൽ സർക്കാർ വിരുദ്ധ വാർത്തകളെ എത്ര അസഹിഷ്ണുതയുടെയാണ് സർക്കാർ നോക്കിക്കാണുന്നത് എന്നത് വ്യക്തമാണ്. 

കഴിഞ്ഞ ആഴ്ചകളിൽ രാമ നവമിയോടനുബന്ധിച്ചു ബീഹാറിലും ഗുജറാത്തിലും നടന്ന മുസ്‌ലിം വിരുദ്ധ അക്രമണങ്ങളുടെ വാർത്തകളും വിവരങ്ങളും ജനങ്ങളിലേക്കെത്തിച്ച മാധ്യമ പ്രവർത്തകർക്ക് അത്തരം വാർത്തകൾ അവാസ്തവമാണെന്നും അവ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യണമെന്നും പോലീസിൽ നിന്ന് നിർദേശം കിട്ടിയിട്ടുണ്ട്. ഇപ്രകാരം ഭാവിയിൽ യാഥാർഥ്യങ്ങളും നിജസ്ഥിതികളും വ്യാപകമായ രീതിയിൽ അദൃശ്യമാക്കപ്പെടുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഭേദഗതി പിൻവലിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.  

Latest News