തിരുവനന്തപുരം- കെ.എസ്.യു സംസ്ഥാന ഭാരവാഹി പട്ടിക പുനഃസംഘടനാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പട്ടിക തയാറാക്കിയതെന്ന് ആരോപിച്ച് സംസ്ഥാന കെ.എസ്.യുവിന്റെ മേല്‍നോട്ടചുമതല വഹിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമും അഡ്വ. ജയന്തും സ്ഥാനമൊഴിഞ്ഞു. ചുമതല ഒഴിയുന്നതായി ചൂണ്ടിക്കാണിച്ച് ഇരുവരും ശനിയാഴ്ച കെ. സുധാകരന് കത്ത് നല്‍കി.കെ.എസ്.യുവില്‍ നിന്ന് കെ.എം. അഭിജിത്തിനെ മാറ്റി അലോഷ്യസ് സേവിയറിനെ അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിച്ച് പട്ടിക പുറത്തുവന്നിരുന്നു. എന്നാല്‍, ഇതിനുശേഷം സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏറെ നീണ്ടു. നിലവില്‍ ഇപ്പോള്‍ പുനഃസംഘടനാ പട്ടികയ്ക്ക് അംഗീകാരമായെങ്കിലും പുറത്തുവന്നിരിക്കുന്നത് ഒരു ജംബോ പട്ടികയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
സംസ്ഥാന ചുമതലയിലുണ്ടായിരുന്ന ബല്‍റാമും ജയന്തും നല്‍കിയ പട്ടികയില്‍ ഉണ്ടായിരുന്നത് 45 പേര്‍ മാത്രമായിരുന്നു. എന്നാല്‍ നിലവില്‍ എന്‍.എസ്.യു.ഐ അംഗീകരിച്ച പട്ടികയില്‍ 94 പേരുണ്ട്. ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം.