ഒന്നുകിൽ കൊല്ലുക, അല്ലെങ്കിൽ കൊല്ലപ്പെടുക എന്നൊരു വ്യക്തമായ സന്ദേശം ബദറിന് കൈമാറാനുണ്ട്. 1400 സംവത്സരങ്ങളിലൂടെ ആ സന്ദേശം തന്നെയാണ് ബദർ പ്രസരിപ്പിക്കുന്നതും. എന്നാൽ മൂർത്തമായ സമരാങ്കണത്തിലേക്ക് പ്രവേശിക്കുന്ന ആദർശ വിശ്വാസി അതിനു മുമ്പേ എത്തിപ്പെടുന്ന വിശ്വാസ തലമുണ്ട്- പരിത്യാഗം. ഒരു പരിത്യാഗിയുടെ മാനസികാവസ്ഥയാണ് ബദർ സമ്മാനിക്കുന്നത്. അതിനാൽ, കാല ദേശ ഭാഷ വ്യത്യാസമെന്യേ മനുഷ്യാവസ്ഥയിലെല്ലാം ബദർ തെളിനിലാവായി ശോഭ പരത്തും.
എത്രയോ തവണ ആ രണാങ്കണ മണ്ണിലൂടെ സഞ്ചരിച്ചിട്ടുണ്ട്. പ്രാകൃത മരുഭൂമിയായി, ഇപ്പോൾ മതിലുകളാൽ ചുറ്റപ്പെട്ട് ഏതാനും ഏക്കർ പഞ്ചാരമണൽ ഭൂമിയായി സൗദിയുടെ പടിഞ്ഞാറൻ തീരത്തെ പുരാതന പട്ടണങ്ങളായ യാമ്പുവിനും മദീനക്കും ഇടയിൽ അൽ ബദർ എന്ന പേരിനാൽ വിളിക്കപ്പെടുന്ന ഒരു പ്രദേശം. ആധുനികതയുടെ അടയാളങ്ങളൊന്നും എത്തിനോക്കാത്ത ആ മണ്ണ് മനസ്സിനെ പിന്നെയും പിന്നെയും മഥിച്ചുകൊണ്ടേയിരിക്കും. എ.ഡി 624 മാർച്ച് 13 ന് റമദാൻ 17 ന്റെ ഉച്ചതിരിഞ്ഞ മണിക്കൂറുകളിൽ സംഭവിച്ചതിനെയാണ് സത്യാസത്യ വിവേചനം എന്ന് ഖുർആൻ വിശേഷിപ്പിച്ചത്. സത്യത്തിന്റെ നിലനിൽപിന് അതിനിർണായകമായിരുന്നു ആ സംഘട്ടനം.
അറിയപ്പെടാതിരുന്ന രണ്ട് ചെറു അറബ് നാട്ടുരാജ്യങ്ങൾ തമ്മിലുള്ള പോരാട്ടമായിട്ട് ബദർ യുദ്ധം ചിത്രീകരിക്കപ്പെടാറുണ്ട്. എന്നാൽ ചോരയും ചോരയും തമ്മിൽ തന്നെയായിരുന്നു മുഖ്യമായും ആ പോരാട്ടം. മക്കയുടെ അധിപരായ അബൂജഹലും ഉമയ്യദ് ഇബ്ൻ ഖലഫുമടക്കം മുൻനിര നേതാക്കളെല്ലാം കൊല്ലപ്പെട്ട്, മദീനയുടെ മൂന്നിരട്ടി ഉണ്ടായിരുന്ന മക്ക സൈന്യം തകർന്ന് തരിപ്പണമായി, രണ്ട് രാജ്യങ്ങൾക്കും പുതിയ രാഷ്ട്രീയ നേതൃത്വം ഉദയം ചെയ്ത പരിണാമങ്ങൾക്ക് കാരണമാണ് ബദർ. അന്ന് മദീന പരാജയപ്പെട്ടിരുന്നെങ്കിൽ ഒരുപക്ഷേ ഇസ്‌ലാം എന്നൊരു വ്യവസ്ഥിതി എന്നെന്നേക്കുമായി ഭൂമിയിൽനിന്ന് നിഷ്‌ക്രമിച്ചേനേ. ബദർ രക്തസാക്ഷ്യത്തിന് ഇസ്‌ലാമോളം പ്രാധാന്യം ചരിത്രത്തിലും വിശ്വാസത്തിലുമുണ്ട്.
ഒന്നുകിൽ കൊല്ലുക, അല്ലെങ്കിൽ കൊല്ലപ്പെടുക എന്നൊരു വ്യക്തമായ സന്ദേശം ബദറിന് കൈമാറാനുണ്ട്. 1400 സംവത്സരങ്ങളിലൂടെ ആ സന്ദേശം തന്നെയാണ് ബദർ പ്രസരിപ്പിക്കുന്നതും. എന്നാൽ മൂർത്തമായ സമരാങ്കണത്തിലേക്ക് പ്രവേശിക്കുന്ന ആദർശ വിശ്വാസി അതിനു മുമ്പേ എത്തിപ്പെടുന്ന വിശ്വാസ തലമുണ്ട്- പരിത്യാഗം. ഒരു പരിത്യാഗിയുടെ മാനസികാവസ്ഥയാണ് ബദർ സമ്മാനിക്കുന്നത്. അതിനാൽ കാല ദേശ ഭാഷ വ്യത്യാസമെന്യേ മനുഷ്യാവസ്ഥയിലെല്ലാം ബദർ തെളിനിലാവായി ശോഭ പരത്തും. ബദറിനോളം സമ്പൂർണമായ ഒരു രാഷ്ട്രീയ ചരിത്ര സംഘർഷം ചരിത്രരേഖയിൽ വേറെയില്ല.
മുഹമ്മദ് എന്ന നാൽപതുകാരൻ മക്ക നിവാസിയെ ദൈവദൂതനായി പ്രഖ്യാപിക്കുന്ന സന്ദർഭമാണ് അതുവരെയുണ്ടായിരുന്ന സാമൂഹ്യ ക്രമത്തിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചത്. മുഹമ്മദ് ഏറെ വ്യത്യസ്തനാണ്. പരമ്പരാഗതമായി അടിത്തറയുള്ള കുടുംബത്തിൽ പിറന്നവനാണ്. എന്നാൽ പൂർണ യതീം ആണ്. സ്വന്തമായി ധനാഗമന മാർഗങ്ങളൊന്നും ഇല്ലായിരുന്നു. സുന്ദരിയും വിധവയും നാല് പെൺമക്കളുടെ ഉമ്മയും കുലീനയുമായ ഖദീജ ബിൻത് ഖുവൈലിദ് തന്നേക്കാൾ പതിനഞ്ച് വയസ്സ് ചെറുപ്പമുള്ള മുഹമ്മദിനെ വിവാഹം കഴിക്കുകയും തന്റെ സ്വത്തുക്കൾ പരസ്യമായി മുഹമ്മദിന് എഴുതിവെക്കുകയും ചെയ്യുന്നതോടെ മുഹമ്മദ് ദരിദ്രനെന്ന ചാപ്പക്കെറുവിൽനിന്ന് മോചിതനാവുന്നുണ്ട്.
മക്ദൂമി ഗോത്രത്തിൽ പെട്ട അംറ് ഇബ്ൻ ഹിഷാം എന്ന പ്രവാചകന്റെ സമപ്രായക്കാരനാണ് ബദർ യുദ്ധത്തിന്റെ കാരണക്കാരനെന്ന് പറയാം. അബുൽ ഹകം അഥവാ ബുദ്ധിവിധികളുടെ പിതാവ് എന്നായിരുന്നു മക്കയിൽ അദ്ദേഹത്തിന്റെ വിളിപ്പേര്. എന്നാൽ അന്ധമായ മുഹമ്മദ് വിരോധവും അതിൽനിന്നും ഉടലെടുത്ത ഇസ്‌ലാമിന്റെ മുഖ്യ ശത്രു എന്ന നേതൃസ്ഥാനവും അദ്ദേഹത്തെ അജ്ഞതയുടെയും തിന്മകളുടെയും വിളനിലമാക്കി മാറ്റി. അതോടെ അബു ജാഹിൽ (അജ്ഞതയുടെ പിതാവ്) എന്ന് തിരിച്ചുവിളിക്കപ്പെടുന്ന സ്ഥിതിയിലേക്ക് കൂപ്പുകുത്തി. മുപ്പതാമത്തെ വയസ്സിൽ, ഹക്കീം ഇബ്‌നു ഹിഷാമിന്റെ ഉടമസ്ഥതയിലുള്ള ദാറുന്നദ്‌വ പ്രത്യേക അസംബ്ലികളിൽ അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. ഈ അസംബ്ലിയിൽ പ്രവേശനമനുവദിക്കപ്പെടുന്ന ചുരുങ്ങിയ പ്രായം നാൽപത് വയസ്സാണെന്നിരിക്കേ മക്കയിൽ അദ്ദേഹത്തിന് ലഭിച്ചിരുന്ന സ്വീകാര്യതയുടെ ആഴം അതിൽനിന്ന് മനസ്സിലാക്കാം.
മക്കയിലെ ഖുറൈശി ഗോത്രങ്ങൾക്കിടയിലും അവിടേക്ക് തീർത്ഥാടനത്തിനായി വരുന്ന ലോകത്തിന്റെ വിവിധ പ്രദേശത്തുകാർക്കിടയിലും കുലീനതയും പദവിയും നിലനിർത്താൻ അധികാര ശ്രേണിയിൽ രണ്ട് കുടുംബ പരമ്പര എന്നും മത്സരത്തിലായിരുന്നു. മുഹമ്മദിന്റെ ഗോത്രമായ ബനു അബ്ദുമനാഫും അബു ജഹലിന്റെ ബനു മഖ്ദൂമും. ഇതേക്കുറിച്ച് അബു ജഹ്ൽ ഇങ്ങനെ പറയുന്നുണ്ട്: 'പദവിയും കുലീനതയും കൈവരിക്കാൻ ഞങ്ങൾ എല്ലാ കാര്യങ്ങളിലും ബനു അബ്ദുൽ മനാഫുമായി മത്സരിച്ചു. അവർ ആളുകളെ പോറ്റി, അങ്ങനെ ഞങ്ങളും ആളുകൾക്ക് ഭക്ഷണം നൽകി. അവർ ദാനം ചെയ്തു, ഞങ്ങളും ദാനം ചെയ്തു. അവർ ആളുകളെ നോക്കി, ഞങ്ങളും അങ്ങനെ തന്നെ. ഞങ്ങൾ അവർക്ക് തുല്യരാകുന്നതുവരെ ഇവയെല്ലാം ചെയ്തു. ഇപ്പോൾ അവർ പറയുന്നു, ആകാശത്ത് നിന്ന് വെളിപാടുകൾ സ്വീകരിക്കുന്ന ഒരു പ്രവാചകൻ ഞങ്ങളിൽ വന്നിരിക്കുന്നു. ഇതിനോട് ഞങ്ങൾക്ക് എങ്ങനെ മത്സരിക്കാൻ കഴിയും? അല്ലാഹുവാണെ, ഞങ്ങൾ ഒരിക്കലും അവനിൽ വിശ്വസിക്കില്ല, അവന്റെ സന്ദേശം ഞങ്ങൾ ഒരിക്കലും സ്വീകരിക്കുകയുമില്ല!
ഈ രാഷ്ട്രീയ പ്രശ്‌നം മുഹമ്മദിന്റെ പ്രവാചകത്വ ലബ്ധിയോടെ ഉടലെടുത്ത സവിശേഷ വിഷയമാണ്. മക്കയുടെ യുവാക്കളുടെ ഹരമായി മാറിയ അബൂസുഫ്‌യാൻ എന്ന വർത്തക പ്രമാണി പ്രവാചക കുടുംബാംഗം തന്നെയാണ്. സിറിയയിലേക്കും മെസപ്പൊട്ടോമിയയിലേക്കും മറ്റും കച്ചവട സംഘത്തെ നയിച്ചുകൊണ്ട് മക്കക്കാരുടെ നിക്ഷേപം കൈകാര്യം ചെയ്തിരുന്നത് അബൂസുഫ്‌യാനാണ്. പ്രവാചകത്വ ലബ്ധിക്ക് ശേഷം മുഹമ്മദിലേക്ക് മക്കയിൽനിന്ന് പലരും ആകൃഷ്ടരായെങ്കിലും മക്കയുടെ കുഞ്ചിക സ്ഥാനങ്ങൾ അലങ്കരിക്കുന്നവരിൽ ആരും അക്കൂട്ടത്തിലുണ്ടായിരുന്നില്ല. എ.ഡി 616 ൽ ഉമർ ബിൻ ഖത്താബ് കടന്നുവരും വരെ നിരന്തര വേട്ടയാടലുകൾക്ക് മക്കയിലെ മുസ്‌ലിംകൾ വിധേയരായി. അതിനിടക്ക് രണ്ട് പ്രാവശ്യം പേർഷ്യൻ രാജാവ് നജാഷി ഭരണം നടത്തുന്ന അബിസീനിയയിലേക്ക് (ഇന്നത്തെ എത്യോപ്യയും എരിത്രിയയും) മുസ്‌ലിംകൾ പലായനം നടത്തിയിട്ടുണ്ട്. ആദ്യ സംഘത്തിൽ 15 പേരും രണ്ടാം സംഘത്തിൽ 97 പേരുമാണുണ്ടായിരുന്നത്.
എന്നാൽ 622 ആയപ്പഴേക്കും യഥ്‌രിബ് എന്ന പടിഞ്ഞാറൻ പട്ടണം പ്രവാചകനെയും അനുചരരേയും സ്വീകരിക്കാൻ തയാറായത് മുഹമ്മദിനും അനുയായികൾക്കും അനുഗ്രഹമായി മാറി. മുഹമ്മദിന്റെ ആഗമനത്തോടെ ആ പട്ടണത്തിന്റെ പേര് പോലും പ്രവാചക പട്ടണം എന്ന അർഥത്തിൽ മദീനത്തുന്നബവി എന്നായിത്തീർന്നു. അവരുടെ മക്കയിൽ ഉപേക്ഷിക്കപ്പെട്ട സമ്പാദ്യം ഇപ്പോൾ കൈകാര്യം ചെയ്യുന്നത് അവിശ്വാസികളായ ഖുറൈശികളാണ്. അവരാവട്ടെ കച്ചവടത്തിൽ നിക്ഷേപിച്ച് ഈ സമ്പത്തിന്റെ മേൽ ആദായം പങ്കിടുകയും ചെയ്യുന്നു. ഇത് തിരിച്ചു പിടിക്കാനുള്ള ശ്രമമായി മദീനയിലെത്തിയവരുടെ ചിന്തയിൽ. അങ്ങനെ 623 ൽ അബൂസുഫ്‌യാൻ സംഘത്തെ തടയുവാൻ ശ്രമിക്കുകയും അതിൽ മുസ്‌ലിംകൾ പരാജയപ്പെടുകയും ചെയ്തു.
പിറ്റേ വർഷവും അബൂസുഫ്‌യാന്റെ കച്ചവട സംഘത്തിന് നേരെയുള്ള മിന്നലാക്രമണം വിപുലമായി നടപ്പാക്കാൻ പദ്ധതിയുമായി മദീന സംഘം വഴിയിൽ കാത്തിരുന്നു. അബൂസുഫ്‌യാൻ രണ്ട് കാര്യങ്ങൾ ചെയ്തു. ആപൽസന്ധിയെക്കുറിച്ച വിവരം മക്കയെ ധരിപ്പിച്ചു. എന്നിട്ട്, മറ്റൊരു വഴിയിലൂടെ യാത്ര തുടർന്നു, രക്ഷപ്പെട്ടു. എന്നാൽ അബൂജഹലിന്റെ നേതൃത്വത്തിൽ മക്കയിൽനിന്നും പുറപ്പെട്ട 1300 സൈനികരിൽ 300 പേരൊഴികെ മുഹമ്മദിന്റെ കഥ കഴിക്കുവാൻ ഉറച്ച തീരുമാനമെടുത്തു. അതാണ് മക്കയുടെ പരാജയത്തിനും ഇസ്‌ലാമിന്റെ വെന്നിക്കൊടി പാറുന്നതിലേക്കും നിദാനമായ ബദർ യുദ്ധം.