തിരുവനന്തപുരം-മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് വിവാദത്തിൽ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ ഇഫ്താറിലാണ് ഇരുവരും പങ്കെടുത്തത്. അതേസമയം, ഈ ലോകായുക്തയിൽനിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലന്ന് ലോകായുക്തയിൽ മുഖ്യമന്ത്രിക്കെതിരെ ഹർജി നൽകിയ ആർ.എസ് ശശികുമാർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വിതരണം ചെയ്തതിൽ സ്വജനപക്ഷപാതമാരോപിച്ച്് സേവ് യൂണിവേഴ്‌സിറ്റി ഫോറം നേതാവ് ആർ.എസ് ശശികുമാർ നൽകിയ പരാതി ലോകായുക്തയുടെ പരിഗണനയിൽ ഇരിക്കുകയാണ്. ഇതിനിടെയാണ് കേസിലെ പ്രതിയായ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഇഫ്താർവിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത്. ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് ജൂഡീഷ്യറിയെ അപമാനിക്കുന്നതാണെന്നാണ് ശശികുമാർ പറഞ്ഞു. ഇഫ്താറിനെക്കുറിച്ചുള്ള സർക്കാരിന്റെ വാർത്താക്കുറിപ്പിൽ പങ്കെടുക്കുന്ന വി.ഐ.പികളുടെ പേര് ഇല്ലായിരുന്നു. ലോകായുക്തയും ഉപലോകായുക്തയും ചടങ്ങിൽ പങ്കെടുക്കാൻ പാടില്ലെന്ന് സർക്കാരിനുതന്നെ ബോധ്യമുണ്ടായിരുന്നു എന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്. സർക്കാർ ക്ഷണിച്ചാലും ലോകായുക്തയും ഉപലോകായുക്തയും പോകാൻ പാടില്ലായിരുന്നെന്നും ശശികുമാർ പറഞ്ഞു. ഈമാസം 12നാണ് ദുരിതാശ്വാസനിധിക്കേസ് ഫുൾ ബഞ്ച് പരിഗണിക്കുന്നത്. ലോകായുക്തയും രണ്ട് ഉപലോകായുക്തമാരുമാണ് ഫുൾ ബഞ്ചിലെ അംഗങ്ങൾ.
അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റൽ കേസിലെ ലോകായുക്ത ഭിന്നവിധിയിലെ അവ്യക്തതത ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്ന് പരാതിക്കാരൻ ശശികുമാർ വ്യക്തമാക്കി.
എന്ത് കൊണ്ടാണ് ഭിന്നാഭിപ്രായം ഉണ്ടായതെന്നും ആർക്കാണ് ഭിന്നാഭിപ്രായമെന്നും ലോകായുക്ത ഉത്തരവിൽ വ്യക്തമാക്കുന്നില്ലെന്ന് കാണിച്ച് റിട്ട് ഹർജി നൽകുമെന്ന് ശശികുമാർ പറഞ്ഞു. നിർണ്ണായക കേസിൽ വന്ന ഭിന്നവിധി നിയമരാഷ്ട്രീയ കേന്ദ്രങ്ങളിൽ തുടങ്ങിവെച്ചത് വലിയ ചർച്ചയാണ്. മുഖ്യമന്ത്രിയുടെ ദുരി താശ്വാസ ഫണ്ടിൽ നിന്നും തുക അനുവദിച്ച ക്യാബിനറ്റ് തീരുമാനം ലോകായുക്ത നിയമപ്രകാരം പരിശോധിക്കാമോ എന്നതിലാണ് ലോകായുക്ത ഡിവിഷൻ ബെഞ്ചിൽ ഭിന്ന അഭിപ്രായം. പക്ഷെ ലോകായുക്തക്കും ഉപലോകായുക്തക്കുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ എന്തെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നില്ല. എന്ത് കൊണ്ടാണ് ഭിന്നാഭി പ്രായമെന്നും പറയുന്നില്ല. ഈ കാര്യങ്ങൾ ഉന്നയിച്ച് തുടർ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് ശശികുമാർ പറഞ്ഞു. നിയമവിദഗ്ധരുമായി ചർച്ച നടത്തിയ ശേഷമാണ് റിട്ട് ഹർജി നൽകാനുള്ള തീരുമാനമെടുത്തത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനാ യ ഡിവിഷൻ ബെഞ്ചിലാണ് ഹർജി നൽകുകയെന്നും അദ്ദേഹം പറഞ്ഞു.