ട്രെയിനില്‍ നിന്ന് വീണ് അബോധാവസ്ഥയിലായ  യുവതിയെ രക്ഷിച്ചത് കേരള പോലീസ് 

കൊച്ചി-കളമശേരിയില്‍ ട്രെയിനില്‍ നിന്നു കുറ്റിക്കാട്ടില്‍ വീണ് അബോധാവസ്ഥയില്‍ കിടന്ന യുവതിയെ രക്ഷിച്ചത് പോലീസ്. നെട്ടൂര്‍ ഐ എന്‍ ടി യു സി ജംഗ്ഷന് സമീപം വൈലോപ്പിള്ളി വീട്ടില്‍ സോണിയയെ(35) ആണ് എസ് ഐ കെ എ നജീബ്, പോലീസുകാരായ ആര്‍ ശ്രീജിഷ്, ഷാബിന്‍ ഇബ്രാഹിം, ടി എ നസീബ് എന്നിവര്‍ രക്ഷപ്പെടുത്തിയത്. മംഗളുരു- ബെംഗളൂരു - തിരുവനന്തപുരം മാവേലി എക്സ്പ്രസില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ 2.20നാണ് സോണിയ വീണത്. ഒരു സ്ത്രീ കളമശേരിയ്ക്കും ഇടപ്പള്ളിയ്ക്കും ഇടയില്‍ വീണതായി ലോക്കോ പൈലറ്റ് കളമശേരി റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് എസ് ഐ നജീബും സംഘവും കളമശേരി മുതല്‍ ഇടപ്പള്ളി വരെ പാളത്തിലൂടെ നടന്ന് തിരഞ്ഞെങ്കിലും യുവതിയെ കണ്ടെത്തിയില്ല. തിരികെ പോകുമ്പോഴാണ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപത്തെ കുറ്റിക്കാട്ടില്‍ കിടന്ന സോണിയയെ കണ്ടത്. ഉടന്‍ എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. മുരളിയുടെയും കാര്‍മിലിയുടേയും മകളായ സോണിയ പുനെയില്‍ ഹോം നഴ്സാണ്. ജോലിസ്ഥലത്തുനിന്ന് വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചത്. വയറിലും കാല്‍മുട്ടുകളിലും പരിക്കേറ്റിട്ടുണ്ട്.
 

Latest News