കോഴിക്കോട്- ട്രെയിന്‍ തീവയ്പ്പ് കേസില്‍ കസ്റ്റഡിയില്‍ വിട്ട പ്രതി ഷാരൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യല്‍ തുടരകയാണ്. ചേവായൂര്‍ മാലൂര്‍കുന്ന് പോലീസ് ക്യാംപിലാണ് ചോദ്യം ചെയ്യല്‍. ഇന്നലെ വൈകിട്ടും രാത്രിയും നടത്തിയ ചോദ്യം ചെയ്യലില്‍ കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. കൃത്യത്തിന് പിന്നില്‍ ആരാണ്, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ ആദ്യഘട്ടത്തില്‍ ശേഖരിക്കുകയാണ് ലക്ഷ്യം. തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ തെളിവെടുപ്പ് നടത്തും.
കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കൂടുതല്‍ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഷാരൂഖ് സെയ്ഫിയുടെ കേരളത്തിലേക്കുള്ള യാത്രയെ കുറിച്ച് അന്വേഷണ സംഘം വിശദാംശങ്ങള്‍ ശേഖരിച്ചു. ഇന്ന് കൂടുതല്‍ പരിശോധനകള്‍ നടക്കും. യാത്രയില്‍ ഷാരൂഖിന്റെ ഫോണ്‍ സ്വിച്ച് ഒഫ് ആയതില്‍ അടക്കം ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ആരെങ്കിലും ഒപ്പം യാത്ര ചെയ്‌തോ എന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല.
അതേസമയം, ട്രെയിനില്‍ യാത്രക്കാരെ പെട്രോളൊഴിച്ച് തീവച്ച സംഭവം മൂന്നുപേരുടെ മരണത്തിനിടയാക്കിയതിനാല്‍ ഷാരൂഖ് സെയ്ഫിക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. യു.എ.പി.എ ചുമത്തിയിട്ടില്ല. കോടതി 11 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. മഹാരാഷ്ട്ര എ.ടി.എസ് സംഘവും സംസ്ഥാന എ.ടി.എസ് സംഘവും ചെന്നൈയില്‍ നിന്ന് ഡി.ഐ.ജി കാളീരാജ് മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ഐ.എയുടെ മൂന്നംഗസംഘവും കോഴിക്കോട്ടുണ്ട്. ഇവര്‍ സംഘംതിരിഞ്ഞും ഒരുമിച്ചും ചോദ്യം ചെയ്യും. പ്രതിക്കെതിരെ കൊലപാതകം (302), കൊലപാതകശ്രമം (307), ആസിഡ് പോലുള്ളവ ഉപയോഗിച്ച് കഠിന പരിക്കേല്‍പ്പിക്കല്‍ (326എ) തീപിടിക്കുന്ന വസ്തുക്കളുപയോഗിച്ച് കുഴപ്പമുണ്ടാക്കുക (436 ),ഇന്ത്യന്‍ റെയില്‍വേ ആക്ട് 151ാം വകുപ്പ് തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്നത്.