കോഴിക്കോട് - പ്രവാസിയായ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് കാറിലെത്തിയ നാലംഗ സംഘം ദുബായില്‍ ബിസിനസുകാരനായിരുന്ന താമരശ്ശേരിക്കടുത്ത പരപ്പന്‍പൊയില്‍ സ്വദേശി കുറുന്തോട്ടിക്കണ്ടിയില്‍ ഷാഫിയെ തട്ടിക്കൊണ്ടു പോയത്. ഷാഫിയുടെ ഭാര്യ സനിയ്യയെയും സംഘം കാറില്‍ കയറ്റിയെങ്കിലും ഡോര്‍ പൂര്‍ണ്ണമായും അടക്കാന്‍ കഴിയാത്തത് കാരണം റോഡില്‍ ഇറക്കി വിടുകയായിരുന്നു. ഷാഫിയെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട രണ്ടു പേരെയാണ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നത്. കൊടുവള്ളി സ്വദേശിയായ ഒരാള്‍ പണം ആവശ്യപ്പെട്ട് ഇടയ്ക്കിടെ ഷാഫിയുടെ വീട്ടില്‍ വന്ന് ബഹളം വെക്കാറുണ്ടായിരുന്നതായി വീട്ടുകാര്‍ പോലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.