കോഴിക്കോട്- നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടർ തീം പാർക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പ്രവർത്തനം നിർത്തി വെക്കാൻ നിർദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് തീം പാർക്കിന് സ്‌റ്റോപ് മെമോ നൽകിയത്. പാർക്കിനകത്ത് മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിലാണു നിർദേശം. സ്‌റ്റോപ് മെമ്മോ അടുത്ത ദിവസം വില്ലേജ് ഓഫീസർ നേരിട്ടു കൈമാറും.
കഴിഞ്ഞ ദിവസം രാത്രിയാണ് കനത്ത മഴക്കിടെ പാർക്കിൽ മണ്ണിടിച്ചിലുണ്ടായത്. പാർക്കിലേക്കാവശ്യമായ വെളളമെടുക്കുന്ന കുളത്തിനു സമീപമാണ് മണ്ണിടിച്ചിൽ. പാർക്കിന്റെ കീഴ്ഭാഗത്താണ് കുളം.
ജനവാസ കേന്ദ്രമല്ലാത്തതിനാൽ നാശനഷ്ടങ്ങളുണ്ടായിട്ടില്ല. പാർക്കിന്റെ നിമാണം പരിസ്ഥിതി ലോല മേഖലയിലാണെന്ന ആരോപണം നിലനിൽക്കേയാണ് പാർക്ക് സ്ഥിതി ചെയ്യുന്ന കുന്നിൽ മണ്ണിടിച്ചിലുണ്ടായത്.