അബുദാബി- മാർബർഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഒമാനിലേക്കുള്ള വിമാന യാത്രക്കാർക്ക് മുന്നറിയിപ്പുമായി യു.എ.ഇ വിമാനക്കമ്പനിയായ എമിറേറ്റസ്. ഗിനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത മാർബർഗ് വൈറസിന്റെ പശ്ചാതലത്തിൽ ഒമാൻ സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശത്തെ ചുവടുപിടിച്ചാണ് എമിറേറ്റ്‌സിന്റെയും മുന്നറിയിപ്പ്.
ഒമാൻ അധികൃതർ എല്ലാ എയർലൈനുകൾക്കുമായി പുറപ്പെടുവിച്ച നിർദേശ പ്രകാരമാണ് എമിറേറ്റ്‌സും മുന്നറിയിപ്പു നൽകിയത്. മാരകമായ മാർബർഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർ രാജ്യത്തെത്തിയാൽ ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് ഒമാൻ നിർദേശിച്ചു. യാത്ര കഴിഞ്ഞ് ഇരുപത്തിയൊന്നു ദിവസത്തിനകം അസ്വസ്ഥത അനുഭവപ്പെടുന്നവർ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ സഹായം തേടണമെന്നും ഒമാൻ അധികൃതർ മുന്നറിയിപ്പു നൽകുന്നു. മാർബർഗ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും അത്യാവശ്യമെങ്കിൽ മതിയായ മുൻകരുതലെടുത്തു മാത്രം യാത്ര ചെയ്യാനാണ് ഒമാൻ അധികൃതർ മുന്നറിയിപ്പിൽ നിർദേശിക്കുന്നത്. രാജ്യം മാർബർഗ് വൈറസ് ബാധയുണ്ടായാൽ നേരിടാൻ സജ്ജമാണെന്നും ഒമാൻ അറിയിച്ചു. മാർബർഗ് രോഗബാധയുടെ ലക്ഷണങ്ങളായ പനി, മസിൽ വേദന, ത്വക്കിൽ തടിപ്പ് എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിൽ നിന്നും വിട്ടുനിൽക്കുക, മറ്റുള്ളവരുടെ ശാരീരിക ദ്രവങ്ങളുമായി സമ്പർക്കമുണ്ടാകുന്നത് ഒഴിവാക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങളും പുറപ്പെടുവിച്ചു. പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകളിൽ നിന്നും അവയുടെ വാസസ്ഥലങ്ങളിൽ നിന്നും പരമാവധി വിട്ടുനിൽക്കണമെന്നുെ മുന്നറിയിപ്പിലുണ്ട്. മാർബർഗ് വൈറസ് ബാധയിലൂടെ അറുപത് മുതൽ എൺപത് ശതമാനം വരെയാണ് മരണസാധ്യത.
അതേസമയം, ദുബായ്ക്കും ടാൻസാനിയയിലെ ഡാർ എസ് സലാമിനും ഇടയിലുള്ള വിമാനങ്ങൾ സാധാരണ ഷെഡ്യൂൾ അനുസരിച്ച് പ്രവർത്തിക്കുമെന്ന് എമിറേറ്റ്‌സ് എയർലൈൻ അറിയിച്ചു. രണ്ട് ലക്ഷ്യസ്ഥാനങ്ങളിലേക്കും എത്തിച്ചേരുന്ന യാത്രക്കാർക്കായി യു.എ.ഇ ഐസൊലേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ആരോഗ്യപ്രതിരോധ മന്ത്രാലയം (മൊഹാപ്) അവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലോ വൈദ്യസഹായം തേടണമെന്നും ശുപാർശ ചെയ്തു.