കോഴിക്കോട് - ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് വേണ്ടി വാദിക്കാന്‍ അഡ്വ. ആളൂര്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കേസില്‍ ഹാജരാകണമെന്ന് അഭ്യര്‍ത്ഥിച്ച് ഷാറൂഖ് സെയ്ഫിയുടെ സഹോദരന്‍ ഫക്രൂദ്ദീന്‍ നേരിട്ട് അഡ്വ. ആളൂരുമായി സംസാരിച്ചെന്നും അദ്ദേഹം അതിന് സമ്മതം മൂളിയെന്നും സൂചനയുണ്ട്. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഷാറൂഖ് സെയ്ഫിയെ പതിനൊന്ന് ദിവസത്തെ പൊലീസ് കസ്റ്റ്ഡിയില്‍ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും 11 ദിവസമേ കോടതി അനുവദിച്ചുള്ളൂ. ഇയാളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഇതിനായി മാലൂര്‍ക്കുന്ന് എ ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് ഷാറൂഖ് സെയ്ഫിയെ കോടതിയില്‍ ഹാജരാക്കിയതും തിരിച്ചുകൊണ്ടുപോയതും. ഇന്നലെ കരള്‍ സംബന്ധമായ അസുഖം കണ്ടതിനെത്തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.