- ഡെന്മാർക്ക് 1-പെറു 0
സരാൻസ്‌ക് - മുപ്പത്താറ് വർഷത്തിനു ശേഷം ലോകകപ്പിൽ തിരിച്ചെത്തിയ പെറുവിന് തോൽവിയുടെ നിരാശ. സരാൻസ്‌കിൽ ഇരമ്പിയെത്തിയ ഇരുപതിനായിരത്തോളം പെറു ആരാധകർ സൃഷ്ടിച്ച നിറപ്പകിട്ടാർന്ന ഗാലറിക്കു മുന്നിൽ രണ്ടാം പകുതിയിൽ യൂസുഫ് യുരാരിയാണ് ഡെന്മാർക്കിന്റെ വിജയ ഗോളടിച്ചത്. ആദ്യ പകുതിയുടെ അവസാന വേളയിൽ വീഡിയോ അസിസ്റ്റന്റ് റഫറി വഴി കിട്ടിയ പെനാൽട്ടി പാഴാക്കിയതിന് പെറു കനത്ത വില നൽകേണ്ടി വന്നു. മത്സരത്തിലുടനീളം പെറു നിരന്തരം ആക്രമിച്ചെങ്കിലും ഡെന്മാർക്ക് ഗോളി കാസ്പർ ഷ്‌മൈക്കൽ അടിപതറാതെ നിന്നു. ഡെന്മാർക്കിന്റെ വിഖ്യാത ഗോളി പീറ്റർ ഷ്മീക്കലിന്റെ മകനാണ് കാസ്പർ.
യുരാരി തന്നെയായിരുന്നു പെറുവിന് കിട്ടിയ പെനാൽട്ടിക്ക് കാരണക്കാരൻ. യുരാരിയോടൊപ്പം പന്തിനായി പൊരുതിയ ക്രിസ്റ്റ്യൻ സ്യൂവ വീണപ്പോൾ ഗാംബിയക്കാരനായ റഫറി ബകരി ഗസാമ വീഡിയോ അസിസ്റ്റന്റിന്റെ ('വാർ') സഹായം തേടി. പെനാൽട്ടിയാണെന്ന് 'വാർ' വിധിച്ചു. സ്യൂവ തന്നെ പെനാൽട്ടി എടുക്കാൻ മുന്നോട്ടു വന്നെങ്കിലും ഷോട്ടെടുക്കും മുമ്പ് അൽപമൊന്ന് അറച്ചു. ഗോളിയെ എതിർവശത്തേക്ക് ആകർഷിച്ചെങ്കിലും പന്ത് ക്രോസ്ബാറിനു മുകളിലൂടെ പറന്നു.
രണ്ടാം പകുതിയിൽ സ്യൂവ മറ്റൊരു മനോഹരമായ അവസരം പാഴാക്കിയതിനു പിന്നാലെയാണ് ഡെന്മാർക്ക് ഗോളടിച്ചത്. അമ്പത്തൊമ്പതാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്‌സന്റെ പാസുമായി കുതിച്ച യുരാരി പാഞ്ഞു വന്ന ഗോളി പെഡ്രൊ ഗയേസെക്കും ഇടതു പോസ്റ്റിനുമിടയിലൂടെ പന്ത് വലയിലേക്ക് പായിച്ചു.
റിസർവ് ബെഞ്ചിലായിരുന്ന നായകൻ പൗളൊ ഗുരേരൊ അറുപത്തിരണ്ടാം മിനിറ്റിൽ കളത്തിലിറങ്ങിയെങ്കിലും പെറുവിന് സമനില ഗോൾ കണ്ടെത്താനായില്ല. ഉത്തേജക വിലക്ക് കാരണം സമീപകാലത്ത് കളിക്കാതിരുന്നതിനാലാണ് ഗുരേരോയെ റിസർവ് ബെഞ്ചിലിരുത്തിയത്.