ആലപ്പുഴ-വിവാഹ ആലോചനകള്‍ മുടക്കുന്നത് ഹോബിയാക്കിയ ഒരു വിഭാഗം എല്ലാ നാട്ടിലുമുണ്ട്. വധുവിന്റെ ആളുകള്‍ അന്വേഷിക്കാനെത്തുമ്പോള്‍ അഭ്യുദയകാംക്ഷികളായി ഭാവിച്ച് ഉപദേശം നല്‍കുന്ന രീതിയില്‍ മുടക്കുന്നത് മുതല്‍ വരന്റെ ആളുകളോട് പ്രതിശ്രുത വധുവിന്റെ കറക്കം പൊടിപ്പും തൊങ്ങലും വെച്ച് വിവരിക്കും. എങ്ങിനെയും ഒരു വിവാഹാലോചന പൊളിഞ്ഞാല്‍ ഇവര്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് ഹാപ്പിനസ്. എന്നാല്‍ ഇത്തരക്കാരെ കൈകാര്യം ചെയ്യാനും ആലപ്പുഴയിലെ നാട്ടുകാര്‍ രംഗത്തെത്തിയെന്നത് ശ്രദ്ധേയമായി. കല്യാണം മുടക്കുന്നവര്‍ക്ക് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത് കുട്ടനാട് വെളിയനാട്ടിലെ ചെറുപ്പക്കാരാണ്. പുളിഞ്ചുവട് കവലയിലാണ് ഇവര്‍ ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ ഈ ബോര്‍ഡിന് അധികം ആയുസില്ലായിരുന്നു. നേരം വെളുത്തപ്പോള്‍ ആരോ കീറിക്കളഞ്ഞു.
കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക് എന്നാണ് ബോര്‍ഡില്‍ ആദ്യം എഴുതിയിരിക്കുന്നത്. നാട്ടിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങളുടെ ജാതി, മതം, പ്രായം, രാഷ്ട്രീയം, എന്നിവ നോക്കാതെ വീട്ടില്‍ കയറി തല്ലുമെന്നാണ് ബോര്‍ഡിലെ വാചകം. പുളിഞ്ചുവട് കവലയ്ക്ക് അവര്‍ ' പരദുഷണം മുക്ക്' എന്ന പേരുമിട്ടു.
നാട്ടിലെ പലരുടെയും കല്യാണം പലപ്പോഴായി മുടങ്ങിയെങ്കിലും ആദ്യമാരും അത് ഗൗരവമായെടുത്തില്ല. രണ്ടുവര്‍ഷമായി കല്യാണം മുടങ്ങുന്നത് വ്യാപകമായതോടെയാണ് ഇതിനെതിരെ ചെറുപ്പക്കാര്‍ രംഗത്തെത്തിയത്. കോട്ടയത്ത് സ്വകാര്യ കമ്പനിയില്‍ ജോലിയുള്ള ചെറുപ്പക്കാരന്റെ 12 കല്യാണാലോചനകളാണ് ഒന്നരവര്‍ഷത്തിനുള്ളില്‍ മുടങ്ങിയതെന്നാണ് വിവരം.
ചെറുക്കനും പെണ്ണും കണ്ടിഷ്ടപ്പെട്ട്, ഇരുകുടുംബങ്ങളും ധാരണയായ ശേഷമാണ് മിക്ക കല്യാണവും മുടങ്ങുന്നത്. ഇതില്‍ നിശ്ചയം വരെ തീരുമാനിച്ച ശേഷം മുടങ്ങിയവയുമുണ്ട്. ഫോണ്‍വിളിച്ചും അന്വേഷിക്കാനെത്തുന്നവരോട് അപവാദം പറഞ്ഞുമാണ് മുടക്കുന്നതെന്ന് ചെറുപ്പക്കാര്‍ പറയുന്നു. പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ചെറുപ്പക്കാര്‍ ചേര്‍ന്ന് കല്യാണം മുടക്കികള്‍ക്ക് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്. ഇനിയെങ്കിലും സാമൂഹ്യ വിരുദ്ധ ശല്യം അവസാനിക്കുമെന്നാണ് ആലപ്പുഴക്കാരുടെ പ്രതീക്ഷ.