Sorry, you need to enable JavaScript to visit this website.

എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തില്‍ മരിച്ച മട്ടന്നൂര്‍  സ്വദേശികളുടെ വീട്ടിലെത്തി മുഖ്യമന്ത്രി സഹായം കൈമാറി 

കണ്ണൂര്‍-എലത്തൂരില്‍ ട്രെയിനിലുണ്ടായ തീവയ്പ്പിനെ തുടര്‍ന്ന് മരിച്ച മട്ടന്നൂര്‍ സ്വദേശികളുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പലോട്ടുപള്ളി സ്വദേശി സ്വദേശി റഹ്മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ വീടുകളിലാണ് മുഖ്യമന്ത്രി എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കളക്ടര്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഞായറാഴ്ച രാത്രി 9.27നാണ് ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഡി1 കോച്ചില്‍ തീവയ്പ്പുണ്ടായത്.
അതേസമയം, പ്രതി ഷാരൂഖ് സെയ്ഫി റിമാന്‍ഡിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയാണ് മജിസ്ട്രേറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഈ മാസം ഇരുപത് വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പ്രതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റും. മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഷാരൂഖിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ശരീരത്തിലേറ്റ പൊള്ളല്‍ ഗുരുതരമല്ല. കണ്ണിന് ചെറുതായി നീരുണ്ട്. എന്നാല്‍ ഇത് കാഴ്ചയെ ബാധിക്കുന്നില്ല. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഷാരൂഖിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.
 

Latest News