Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫഹദ് വധക്കേസിൽ പ്രതി കുറ്റക്കാരനെന്ന്  കോടതി കണ്ടെത്തി 

കാസർകോട്- ഫഹദ് വധക്കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. കാസർകോട് അഡി. സെഷൻ കോടതി ജഡ്ജി ശശികുമാർ ആണ് ഇന്നലെ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച വിധിക്കും. തെങ്ങുകയറ്റ തൊഴിലാളിയായ ഇരിയ കല്ല്യോട്ട് കണ്ണോത്തെ വിജയകുമാർ (31) ആണ് ഫഹദ് വധക്കേസിലെ പ്രതി. 
ഐ.പി.സി 341 (ഭീഷണിപ്പെടുത്തൽ), 302 (കൊലപാതകം) എന്നീ വകുപ്പുകൾ പ്രകാരമാണ് കോടതി വിധി. 2015 ജൂലൈ 9ന് രാവിലെയാണ് കല്യോട്ടിന് സമീപത്തെ ചാന്തൻമുള്ളിൽ നാടിനെ നടുക്കിയ അരുംകൊല നടന്നത്. 
കല്യോട്ട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാർഥിയായിരുന്ന മുഹമ്മദ് ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് വിജയകുമാർ വാക്കത്തിയുമായി ഇവർക്ക് സമീപമെത്തിയത്. ചകിതനായി ഓടുന്നതിനിടെ ഒരു കാലിന് സ്വാധീനക്കുറവുള്ള കുട്ടി വീഴുകയും കുട്ടിയെ പ്രതി വാക്കത്തി കൊണ്ട് കഴുത്തിനും പുറത്തും തുരുതുരാ വെട്ടുകയുമായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ എത്തുകയും രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്ന ഫഹദിനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്‌തെങ്കിലും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച വിജയകുമാറിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ ബേക്കൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. 
ഫഹദിന്റെ പിതാവിനോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലക്ക് പ്രേരണയായതെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. അന്നത്തെ ഹൊസ്ദുർഗ് സി.ഐയായിരുന്ന യു. പ്രേമനാണ് ഈ കേസിൽ അന്വേഷണം പൂർത്തിയാക്കി ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിൽ കുറ്റപത്രം നൽകിയത്. പിന്നീട് കേസ് വിചാരണക്കായി ജില്ലാകോടതിയിലേക്ക് മാറ്റുകയായിരുന്നു. ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന വിജയന് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. കുറ്റപത്രം വേഗത്തിൽ സമർപ്പിച്ചതിനാൽ വിജയന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. വിജയൻ ജാമ്യത്തിലിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും പോലീസ് നൽകിയ റിപ്പോർട്ടും പ്രതിക്ക് ജാമ്യം കിട്ടുന്നതിന് തടസമായി. 60 ഓളം സാക്ഷികളുണ്ടായിരുന്ന കേസിൽ ഫഹദിന്റെ സഹോദരിയടക്കം 36 സാക്ഷികളെ വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.വി രാഘവൻ ഹാജരായി.  
 

Latest News