- ചെന്നൈ-ബംഗളൂരു സെക്ടറിലും പുതിയ സർവീസ്
കൊണ്ടോട്ടി - കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാന കമ്പനിയായ ഗൾഫ് എയർ സർവീസ് തുടങ്ങി. കരിപ്പൂർ-ബഹ്‌റൈൻ സെക്ടറിലേക്കാണ് ഗൾഫ് എയർ പ്രതിദിന സർവീസ് ആരംഭിച്ചത്. ആദ്യ സർവീസ് കരിപ്പൂർ വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു ഉദ്ഘാടനം ചെയ്തു.
കന്നിയാത്രക്കാരെ ബൊക്കെ നൽകിയാണ് സ്വീകരിച്ചത്. ദിനേന രാവിലെ 5.30ന് കരിപ്പൂരിൽനിന്നു പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 7.30ന് ബഹ്‌റൈനിലെത്തും. തിരിച്ച് രാത്രി 9.25ന് ബഹ്‌റൈനിൽനിന്നു പുറപ്പെട്ട് പുലർച്ചെ 4.30നാണ് കരിപ്പൂരിലെത്തുക. 169 യാത്രക്കാരെ ഉൾക്കൊളളുന്ന വിമാനം കാർഗോ സർവീസ് കൂടി നടത്തും.
കരിപ്പൂരിൽനിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് ബഹ്‌റൈനിലേക്ക് സർവീസ് നടത്തുന്നത്. നേരത്തെ ബഹ്‌റൈൻ എയർ സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് വിമാന കമ്പനി പൂട്ടിയതോടെ നിർത്തുകയായിരുന്നു. കരിപ്പൂർ-ബഹ്‌റൈൻ നേരിട്ടുളള യാത്രക്കാർക്ക് പുറമെ ജിദ്ദയിൽനിന്ന് കണക്ഷൻ സർവീസ് നടത്തുന്നത് കരിപ്പൂർ യാത്രക്കാർക്ക് ഏറെ ആശ്വാസമാവും. 47 കിലോ വരെ ലഗേജ് അനുവദിക്കുന്നത് യാത്രക്കാർക്ക് പ്രതീക്ഷയേകുന്നുണ്ട്. കരിപ്പൂർ-ജിദ്ദ സെക്ടറിൽ നേരിട്ട് സർവീസിന് സൗദി എയർലെൻസ് തയാറായിട്ടും എയർപോർട്ട് അഥോറിറ്റിയും ഡി.ജി.സി.എയും അനുമതി നൽകിയിട്ടില്ല.
കരിപ്പൂരിൽനിന്ന് ചെന്നൈ-ബംഗളുരു സെക്ടറിൽ സ്‌പെയ്‌സ് ജെറ്റ് പുതിയ സർവീസ് തുടങ്ങി. ചെന്നെയിൽനിന്ന് വൈകിട്ട് 3.30ന് പുറപ്പെടുന്ന വിമാനം അഞ്ചിന് കരിപ്പൂരിലെത്തും. ഈ വിമാനം 5.20 ന് കരിപ്പൂരിൽനിന്ന് പുറപ്പെട്ട് 6.25ന് ബംഗളൂരുവിലെത്തും. 7.15ന് പുറപ്പെട്ട് രാത്രി 8.20ന് കരിപ്പൂരിലെത്തും. രാത്രി 8.40ന് പുറപ്പെടുന്ന വിമാനം പിന്നീട് ചെന്നൈയിലേക്കാണ് പറക്കുക. റൺവെ റിസ പ്രവൃത്തികൾ പൂർണമാകുന്നതോടെ ആഭ്യന്തര-അന്താരാഷ്ട്ര സെക്ടറിൽ സർവീസ് വീണ്ടും വർധിക്കും.