Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽ റൺവേ നിയന്ത്രണം നീങ്ങി

  • വിമാന സർവീസുകൾ പകൽ സമയത്ത് 

കൊണ്ടോട്ടി - കരിപ്പൂർ വിമാനത്താവളത്തിൽ ആറു മാസമായി നിലനിൽക്കുന്ന വിമാനങ്ങളുടെ റൺവേ നിയന്ത്രണം നീക്കി. വിമാനത്താവളം 24 മണിക്കൂർ പ്രവർത്തനക്ഷമമാക്കിയതോടെ പകലിൽനിന്ന് രാത്രിയിലേക്ക് മാറ്റിയ സർവ്വീസുകൾ പുനഃക്രമീകരിച്ചു. 
റൺവേയുടെ അറ്റത്ത് വിമാനങ്ങൾ തെന്നി നീങ്ങിയാൽ പിടിച്ചു നിർത്താനായി ഒരുക്കുന്ന റിസയുടെ നീളം വർധിപ്പിക്കുന്ന പ്രവൃത്തികൾക്കായാണ് കഴിഞ്ഞ ജനുവരി 15 മുതൽ റൺവേയിൽ എട്ട് മണിക്കൂർ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പകൽ 12 മുതൽ രാത്രി ഏഴ് മണിവരെയും മാർച്ച് 24 മുതൽ പകൽ 12 മുതൽ രാത്രി എട്ട് മണിവരെയും റൺേവ അടച്ചിട്ടാണ് പ്രവൃത്തികൾ നടത്തിയത്.
റൺവേയിലെ റിസ 90 മീറ്ററിൽനിന്നു 240 മീറ്ററായി വർധിപ്പിക്കുന്ന പ്രവൃത്തികളാണ് നടന്നുവരുന്നത്. റിസ നീളം കൂട്ടുന്നതിന്റെ സിവിൽ പ്രവൃത്തികൾ പൂർത്തിയായെങ്കിലും ഇലക്ട്രിക്കൽ ജോലികൾ അവശേഷിക്കുന്നുണ്ട്. റൺവേയിൽ ചെറിയ കുഴികൾ സ്ഥാപിച്ച് പ്രകാശ സംവിധാനം ക്രമീകരിക്കേണ്ട പ്രവൃത്തിയാണ് അവശേഷിക്കുന്നവയിൽ പ്രധാനം. ഈ പ്രവൃത്തി പൂർത്തിയാകാൻ കാലതാമസമെടുക്കും. എന്നാൽ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താതെ റൺവയിലെ പ്രകാശ സംവിധാനം പുനഃക്രമീകരിക്കാൻ കഴിയും. റൺവേയുടെ വശങ്ങളിൽ മണ്ണിട്ട് ഒരേ ഉയരത്തിലാക്കുന്ന പ്രവൃത്തികൾ മഴ ആരംഭിച്ചതോടെ നിർത്തിവെച്ചിരിക്കുകയാണ്.
റൺവേ റിസ നവീകരണത്തിന്റെ പേരിൽ രാത്രിയിലേക്ക് മാറ്റിയിരുന്ന ഇൻഡിഗോ വിമാനത്തിന്റെ കരിപ്പൂർ-മസ്‌ക്കത്ത് സർവീസ് പുലർച്ചെയിലേക്ക് മാറ്റി. മസ്‌ക്കറ്റിൽനിന്ന് പ്രാദേശിക സമയം രാത്രി 11.15 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 4.15ന് കരിപ്പൂരിലെത്തും. ഈ വിമാനം പിന്നീട് കരിപ്പൂരിൽനിന്ന് യാത്രക്കാരുമായി രാവിലെ 6.05ന് മസ്‌ക്കത്തിലേക്ക് മടങ്ങും. ജെറ്റ് എയർവെയ്‌സിന്റെ മുംബൈയിൽനിന്നുളള വിമാനം രാവിലെ 11.45ന് പുറപ്പെട്ട് ഉച്ചക്ക് 1.25ന് കരിപ്പൂരിലെത്തും. ജെറ്റ് എയർവെയ്‌സിന്റെ ബംഗളുരു സർവീസിനും മാറ്റം വരുത്തി. ഉച്ചക്ക് 1.20 ന് ബംഗളുരുവിൽനിന്ന് പുറപ്പെടുന്ന വിമാനം 2.45ന് കരിപ്പൂരിലെത്തും. ഈ വിമാനം ഉച്ച കഴിഞ്ഞ് 3.10 ന് കരിപ്പൂരിൽനിന്ന് ബംഗളുരുവിലേക്ക് തന്നെ യാത്രക്കാരുമായി തിരിച്ചു പറക്കും.


 

Latest News