ആലപ്പുഴ - ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് വയോധികന് ദാരുണാന്ത്യം. ചെറിയനാട് സ്വദേശി അരിയന്നൂർശ്ശേരി ചിലമ്പോലിൽ കുറ്റിയിൽ മുരളീധരൻ പിള്ള(69)യാണ് മരിച്ചത്. വീടിന് സമീപത്ത് മുളവെട്ടി കൊണ്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.
എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതിക്ക് മഞ്ഞപ്പിത്തം
കോഴിക്കോട് - എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ആരോഗ്യ പരിശോധനയിലാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റാക്കുകയായിരുന്നു.
കരൾ പ്രവർത്തനത്തിൽ ചെറിയ പ്രശ്‌നങ്ങളുള്ളതായും വിവരമുണ്ട്. രക്ത പരിശോധനയിൽ ചില സംശയം ഉണ്ടായതിനെ തുടർന്നാണ് ഷാറൂഖ് സെയ്ഫിയെ വീണ്ടും വിശദമായ പരിശോധന നടത്തിയത്. പ്രതിയുടെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്റെയും പഴക്കം ഡോക്ടർമാരുടെ സംഘം നേരത്തെ പരിശോധിച്ചിരുന്നു.
ട്രെയിൻ തീവെപ്പ്: കൂടുതൽ പ്രതികളുണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് എ.ഡി.ജി.പി
- പ്രതിയെ കുരുക്കിയത് ശാസ്ത്രീയ തെളിവുകളെന്ന് അന്വേഷണ സംഘം
കോഴിക്കോട് - കോഴിക്കോട്ടെ ട്രെയിൻ തീവെപ്പ് കേസിൽ സംയുക്ത ഓപ്പറേഷനിലൂടെയാണ് പ്രതി ഷാറൂഖ് സെയ്ഫിയെ പിടികൂടിയതെന്ന് എ.ഡി.ജി.പി എം.ആർ അജിത്കുമാർ. പ്രതിയെ രത്‌നഗിരിയിൽ വച്ചാണ് പിടികൂടിയതെന്നും സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നു ഇപ്പോൾ പറയാനാകില്ലെന്നും എ.ഡി.ജി.പി പറഞ്ഞു.
വിവിധ ഏജൻസികളുടെ സഹായത്തോടെ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ എത്രയും പെട്ടെന്ന് കേരളത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ അർദ്ധരാത്രിയിൽ മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ വച്ചാണ് ഷാറൂഖ് സെയ്ഫി പിടിയിലായത്. മുംബൈ എ.ടി.എസ് ആണ് ഇയാളെ രത്‌നഗിരി സ്റ്റേഷനിൽ വച്ച് പിടികൂടിയത്. രത്‌നഗിരി സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രതിയെ പിടികൂടാനുള്ള നീക്കം മണത്തറിഞ്ഞ് ആശുപത്രിയിൽനിന്ന് മുങ്ങിയെങ്കിലും പോലീസ് സമർത്ഥമായി വലയിലാക്കുകയായിരുന്നു.