Sorry, you need to enable JavaScript to visit this website.

മധു വധം: ശിക്ഷാ വിധി നീതിയുക്തമല്ല -വെൽഫെയർ പാർട്ടി

തിരുവനന്തപുരം - ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് മണ്ണാർക്കാട് എസ്.സി -എസ്.ടി പ്രത്യേക കോടതി വിധിച്ച ശിക്ഷ നീതിയുക്തമല്ലെന്ന് വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്. 

ഏഴു വർഷത്തെ കഠിന തടവും പിഴയുമാണ് പ്രതികൾക്ക് കോടതി വിധിച്ചിരിക്കുന്നത്. ഒരു കൂട്ടമാളുകൾ ചേർന്ന് നടത്തിയ കൊലപാതകത്തിൽ ഒരാൾക്ക് പോലും ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണ്.

മധു വധക്കേസിലെ പ്രതികൾക്കെതിരെ ഐ.പി.സി 302 പ്രകാരം മനപ്പൂർവ്വമുള്ള കൊലപാതകം എന്ന കുറ്റം  തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതെ വന്നത് വലിയ വീഴ്ചയാണ്. ഐ.പി.സി 304(2) പ്രകാരം മനപ്പൂർവ്വമല്ലാത്ത നരഹത്യ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.

പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തിൽ അല്ലെങ്കിൽ അബദ്ധത്തിൽ ഒരാൾ കാരണം മറ്റൊരാൾ കൊലപ്പെടുന്ന സംഭവത്തിലാണ് മനപ്പൂർവമല്ലാത്ത നരഹത്യ എന്ന വകുപ്പ് ചുമത്തപ്പെടേണ്ടത്. എന്നാൽ 10 ൽ അധികം പേർ ചേർന്ന് ഒരു മനുഷ്യനെ വളഞ്ഞിട്ട് ആക്രമിച്ചാൽ മരണം സംഭവിക്കും എന്നത് ഉറപ്പാണ്. ഇങ്ങനെയൊരു കേസിൽ എങ്ങനെയാണ് മനപ്പൂർവമല്ലാത്ത നരഹത്യയിൽ മാത്രമായി കേസ് ഒതുക്കാൻ കഴിയുന്നതെന്ന് അദ്ദേഹം ചോദിച്ചു. 

കേസിന്റെ തുടക്കം മുതൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് വ്യക്തമായ അലംഭാവം നടന്നിട്ടുണ്ട്. പ്രോസിക്യൂഷനെ നിയമിക്കുന്നത് തൊട്ട് അത് പ്രകടമായിരുന്നു. പ്രോസിക്യൂഷനുകൾക്ക് ആവശ്യമായ പിന്തുണ നൽകാതെ സർക്കാർ ഒളിച്ചു കളിച്ചു. നിയമിക്കപ്പെട്ട പ്രോസിക്യൂഷനാകട്ടെ, ഒന്നര വർഷത്തോളം ഒന്നും ചെയ്യാതിരുന്നു. തുടർന്ന് കേസിലെ ഏതാണ്ട് മുഴുവൻ സാക്ഷികളും കൂറു മാറി. കേസിലെ മൂന്നാം പ്രതി ജാമ്യത്തിലായിരിക്കെ അദ്ദേഹത്തെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത് സർക്കാരിന് നേതൃത്വം കൊടുക്കുന്ന സി.പി.എമ്മാണ്.
 
മധുവിനും കുടുംബത്തിനും തങ്ങൾ നീതി ലഭ്യമാക്കി എന്ന രീതിയിൽ സർക്കാരും സി.പി.എമ്മും ഇപ്പോൾ നടത്തുന്ന അവകാശവാദങ്ങൾ തീർത്തും വാസ്തവവിരുദ്ധവും പരിഹാസ്യവുമാണ്. സർക്കാർ സംവിധാനങ്ങൾ കർത്തവ്യങ്ങളിൽ നിന്ന് മാറി നടന്നപ്പോഴൊക്കെ മധുവിനു വേണ്ടി നില കൊണ്ടത് സാമൂഹിക  രാഷ്ട്രീയ സംഘടനകളും മാധ്യമങ്ങളുമാണ്. ആ സാമൂഹിക ജാഗ്രത കൊണ്ട് മാത്രമാണ് കേസ് ഇതേ വരേയ്ക്കും എത്തിയത്. 

പക്ഷെ പകൽ വെളിച്ചത്തിൽ ഒരു ആദിവാസി യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ നീതിയുക്തമായ ശിക്ഷാവിധിയല്ല കോടതിയിൽ നിന്ന് വന്നിരിക്കുന്നത്. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്താൻ സംസ്ഥാന  സർക്കാർ മേൽക്കോടതിയെ സമീപിക്കേണ്ടതുണ്ടെന്ന് എസ്. ഇർഷാദ് ആവശ്യപ്പെട്ടു. 
 

Latest News