കൊച്ചി- പനമ്പിള്ളി നഗര്‍ മനോരമ ജംഗ്ഷനിലുള്ള എസ്. ബി. ഐ സി. ഡി. എം/ എ. ടി. എം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച പ്രതികളില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ പുലാമന്തോള്‍ സ്വദേശി പാലത്തിങ്കല്‍ വീട്ടില്‍ ഷഫീര്‍ (20) ആണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ എം. എസിന്റെ നേതൃത്വത്തില്‍ അറസ്റ്റിലായത്.
ഫെബ്രുവരിയിലാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മനോരമ ജംഗ്ഷനിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ. ടി. എം തകര്‍ത്ത് വന്‍ മോഷണ ശ്രമം നടന്നത്. ക്യാബിനുള്ളില്‍ കടന്ന രണ്ട് പ്രതികള്‍ അലാം ഓഫ് ചെയ്ത് ഗ്യാസ് കട്ടറും മറ്റ് സാമഗ്രികളും ഉപയോഗിച്ച് മെഷീന്‍ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ബാങ്കിന്റെ മുബൈയിലുള്ള കണ്‍ട്രോള്‍ റൂമില്‍ അലര്‍ട്ട് കിട്ടിയതിനെ തുടര്‍ന്ന് പോലീസ് കണ്‍ട്രോളില്‍ വിവരം ലഭിക്കുകയും സ്റ്റേഷന്‍ നൈറ്റ് പട്രോളിംങ് പാര്‍ട്ടി ഉടന്‍ സ്ഥലത്തെത്തുകയും ഇതോടെ പ്രതികള്‍ കടന്ന് കളയുകയായിരുന്നു. എ. ടി. എം മെഷീനിന്റെ പകുതി തകര്‍ത്ത നിലയിലായിരുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണറും ഐ. ജി. പിയുമായ സേതുരാമന്റെ നിര്‍ദേശാനുസരണം എറണാകുളം എ. സി. പി പി. രാജ്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. പ്രതികള്‍ സംഭവ സമയം തൊപ്പി ധരിച്ചിരുന്നതിനാല്‍ മുഖം കൃത്യമായി കാണാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് സമീപത്തുള്ള മുഴുവന്‍ സി. സി. ടി. വി ഫൂട്ടേജുകളും പരിശോധിച്ചതില്‍ നിന്നും പ്രതികളെ കുറിച്ച് ചെറിയ സൂചന ലഭിക്കുകയും എന്നാല്‍ കൂടുതല്‍ ദിവസത്തെ സി. സി. ടി. വി പരിശോധിച്ചതില്‍ നിന്നും പ്രതികള്‍ മുന്‍പ് ഇതേ എ. ടി. എമ്മില്‍ ഉപയോഗിച്ച പ്രിപെയ്ഡ് കാര്‍ഡിന്റെ വിവരങ്ങള്‍ ലഭ്യമാകുകയും ചെയ്തത് അന്വേഷണ വേഗത വര്‍ധിപ്പിക്കുകയായിരുന്നു.
മൊബൈല്‍ ലൊക്കേഷന്‍ പരിശോധനയില്‍ കടവന്ത്ര ഭാഗത്ത് ഇയാള്‍ എത്തിയതായി മനസ്സിലാക്കിയതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മലപ്പുറം പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ വാഹന മോഷണ കേസും ഷഫീറിനെതിരെയുണ്ട്. സി. സി. ടി. വി ടെക്‌നീഷ്യന്‍ കോഴ്‌സ് കഴിഞ്ഞിട്ടുള്ള പ്രതി പ്രസ്തുത അറിവ് വച്ചാണ് അലാം ഓഫ് ചെയ്തത്.
എസ്. ഐമാരായ ഉണ്ണികൃഷ്ണന്‍ കെ. വി, ദിനേഷ്. ബി സി. പി. ഒമാരായ സുബിത്ത്കുമാര്‍, നിഖില്‍ ഒ. ബി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.