Sorry, you need to enable JavaScript to visit this website.

ഒരിക്കലും അവസാനിക്കാത്ത യാത്ര ദുരിതം


ദുബായ്, ഷാർജ സെക്ടറുകളിൽനിന്ന് കോഴിക്കോട്ടേക്ക് എത്ര സർവീസുകളുണ്ടായാലും മതിവരാത്ത സാഹചര്യത്തിലാണ് എയർ ഇന്ത്യ ഈ സെക്ടറിലെ സർവീസുകൾ നിർത്തലാക്കിയത്. പകരം എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ കൂട്ടുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതിൽ അപര്യാപ്തതകൾ ഏറെയാണ്. കൂടുതൽ പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന കൊച്ചിയിലേക്കുണ്ടായിരുന്ന ഡ്രീംലൈനർ സർവീസും നിർത്തലാക്കി. പകരം അതിന്റെ പകുതി പേർക്ക് യാത്ര ചെയ്യാവുന്ന സർവീസാണ് വന്നത്. ഗൾഫ് മലയാളികളോടുള്ള അവഗണനയാണ് ഇത്തരം നടപടികൾക്കു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. 

 

പ്രാവാസികളുടെ യാത്ര ദുരിതം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പ്രവാസം ആരംഭിച്ച നാൾ മുതൽ യാത്ര പ്രശ്‌നങ്ങൾ ഉടലെടുത്തതാണ്. അതിനു പരിഹാരം ഉണ്ടാക്കണമെന്ന നിലയ്ക്കാത്ത മുറവിളി തുടർന്നു കൊണ്ടിരിക്കേ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാകുന്നതല്ലാതെ കുറയുന്നില്ല. സർവീസുകളുടെ എണ്ണം വെട്ടിക്കുറക്കൽ, അമിത ടിക്കറ്റ് നിരക്ക്, മുന്നറിയിപ്പില്ലാതെയുള്ള സർവീസ് റദ്ദാക്കൽ, പലപ്പോഴും ഉണ്ടാകുന്ന ഡിലേ തുടങ്ങി പ്രശ്‌നങ്ങൾ നിരവധിയാണ്. വ്യോമയാന രംഗത്ത് പരിഷ്‌കരണങ്ങൾ ഒട്ടേറെ വന്നുവെങ്കിലും ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനുള്ള ആത്മാർഥ ശ്രങ്ങളൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവാറില്ല. പരാതിയും പരിവട്ടവുമായി പ്രവാസി സംഘടനകൾ സമീപിക്കുമ്പോഴെല്ലാം ആശ്വാസ വാക്കുകളുണ്ടാകുന്നതല്ലാതെ ഒന്നും യാതാർഥ്യമാവാറില്ല.  പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ ആശ്വാസമെന്ന് തോന്നുംവണ്ണമുള്ള ചില പൊടിക്കൈകൾ ഉണ്ടാകുമെങ്കിലും അവ താമസിയാതെ ഇല്ലാതാവുകയും ചെയ്യും. ഇതിന്റെ ഫലമായി പ്രവാസികൾക്കെന്നും വിമാന യാത്ര ദുരിതമയമാണ്. 


കേരളത്തിൽനിന്ന് വിദേശത്ത് ജോലി തേടിപ്പോകുന്നവരുടെയും പഠിക്കാൻ പോകുന്നവരുടെയുമെല്ലാം എണ്ണം അനുദിനം കൂടുകയാണെങ്കിലും അതിനനുസരിച്ച യാത്ര സൗകര്യ വികസനം ഉണ്ടാകാത്തതും ടിക്കറ്റ് നിരക്ക് തോന്നും പോലെ ഉയർത്തിയുള്ള ചൂഷണവുമാണ് പ്രധാന പ്രശ്‌നം. ഇതിനിടെ നിലവിലെ സൗകര്യങ്ങൾ പോലും വെട്ടിക്കുറക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വേറെ. പ്രവാസികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന മേഖലയാണ് യു.എ.ഇ. എന്നാൽ അവിടെ നിന്നുള്ളവരുടെ വരവും പോക്കും  കൂടുതൽ ദുരിതത്തിലാക്കും വിധമുള്ള നിലപാടാണ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സർവീസുകൾ വെട്ടിക്കുറച്ചതും ചൈൽഡ് ഫെയർ നിർത്തലാക്കിയതും വിദേശ വിമാന കമ്പനികൾക്ക് കൂടുതൽ സർവീസുകൾ നടത്താൻ അനുമതി നിഷേധിച്ചതുമെല്ലാമാണ് ഇപ്പോഴത്തെ പ്രതിഷേധത്തിനിടയാക്കിയിട്ടുള്ളത്.  ദുബായ്, ഷാർജ സെക്ടറുകളിൽനിന്ന് കോഴിക്കോട്ടേക്ക് എത്ര സർവീസുകളുണ്ടായാലും മതിവരാത്ത സാഹചര്യത്തിലാണ് എയർ ഇന്ത്യ ഈ സെക്ടറിലെ സർവീസുകൾ നിർത്തലാക്കിയത്. പകരം എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ കൂട്ടുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതിൽ അപര്യാപ്തതകൾ ഏറെയാണ്. കൂടുതൽ പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന കൊച്ചിയിലേക്കുണ്ടായിരുന്ന ഡ്രീംലൈനർ സർവീസും നിർത്തലാക്കി. പകരം അതിന്റെ പകുതി പേർക്ക് യാത്ര ചെയ്യാവുന്ന സർവീസാണ് വന്നത്. ഗൾഫ് മലയാളികളോടുള്ള അവഗണനയാണ് ഇത്തരം നടപടികൾക്കു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. 


എയർ ഇന്ത്യ കോഴിക്കോട്ടേക്കുള്ള സർവീസുകൾ പിൻവലിച്ചതോടെ ഈ സെക്ടറിൽ സീറ്റുകൾ കുറഞ്ഞുവെന്നു മാത്രമല്ല, സ്‌ട്രെച്ചർ സൗകര്യവും ഇല്ലാതായി. ഇതു സ്‌ട്രെച്ചറിൽ യാത്ര ചെയ്യേണ്ട രോഗികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസം ഉണ്ടാക്കുന്നതാണ്. തൃശൂർ മുതൽ കാസർകോട് വരെയുള്ള രോഗികൾ ഈ സൗകര്യമാണ് ഉപോഗപ്പെടുത്താറുള്ളത്. ഇനി ഇവിടങ്ങളിലുള്ളവർക്ക് കൊച്ചിയെയോ, തിരുവനന്തപുരത്തെയോ ആശ്രയിക്കേണ്ടിവരും. ഇവിടങ്ങളിൽനിന്ന് രോഗികളായ യാത്രക്കാർക്ക് മലബാർ മേഖലയിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുകയെന്നത് ഏറെ ദുഷ്‌കരമാണ്. മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള സൗകര്യവും എയർ ഇന്ത്യ സർവീസ് നിലച്ചതോടെ  ഇല്ലാതായിരിക്കുകയാണ്. എയർ ഇന്ത്യയിൽ മൂന്നു മൃതദേഹങ്ങൾ വരെ കൊണ്ടുപോകുന്നതിനുള്ള സൗകര്യമുണ്ടായിരുന്നു. യു.എ.ഇയിൽവെച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് അധികവും ആശ്രയിച്ചിരുന്നത് എയർ ഇന്ത്യയെയായിരുന്നു. സീറ്റ് ഹോൾഡ് ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും യാത്രക്കാർക്ക് ഇല്ലാതായിരിക്കുകയാണ്. കാർഗോ മേഖലയെയും ഇതു പ്രതികൂലമായി ബാധിച്ചു. മലബാർ മേഖലയിൽനിന്ന് യു.എ.ഇയിലേക്കും തിരിച്ചും ടൺകണക്കിനു കാർഗോയാണ് പോയിക്കൊണ്ടിരുന്നത്.

സർവീസ് ഇല്ലാതായതോടെ ഈ സൗകര്യം നഷ്ടപ്പെട്ടുവെന്നു മാത്രമല്ല, ഈ മേഖലയെ ആശ്രയിച്ചു ഉപജീവനം കണ്ടെത്തുന്നവരും പ്രതിസന്ധിയിലായിരിക്കുകയാണ്. 2 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ നൽകിയിരുന്ന ഇളവ് നിർത്തലാക്കിയതോടെ കുടുംബങ്ങളാണ് ഇതുമൂലം ഏറെ പ്രയാസം അനുഭവിക്കുന്നത്. ഇപ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്കിൽ ടിക്കറ്റ് എടുക്കേണ്ട ഗതികേടിലാണ് കുടുംബങ്ങൾ. ജീവിതച്ചെലവ് കൂടിയതിനെത്തുടർന്നുള്ള സാമ്പത്തിക പ്രയാസങ്ങൾക്കിടെ ഇതു കൂടിയായതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബങ്ങൾ. ടിക്കറ്റ് നിരക്കാണെങ്കിൽ സാധാരണക്കാർക്ക് താങ്ങാനാവാത്ത വിധം വർധിക്കുകയാണ്. നേരത്തെ അവധിക്കാലത്തും മറ്റുമായിരുന്നു ടിക്കറ്റ് നിരക്ക് വർധനയെങ്കിൽ ഇപ്പോൾ എല്ലാ സീസണുകളിലും നിരക്കിൽ കുറവില്ലാത്ത അവസ്ഥയാണ്. അവധിക്കാലമാവുമ്പോൾ ഒരു നിയന്ത്രണവുമില്ലാതെയാണ് നിരക്ക് കൂട്ടുന്നത്. സർവീസുകൾ കൂടുതലുണ്ടായാൽ ടിക്കറ്റ് ഡിമാന്റിൽ കുറവുണ്ടാവുകയും അതു യാത്രക്കാർക്ക് ആശ്വാസമാവുകയും ചെയ്യും. എന്നാൽ ഉള്ള സർവീസുകൾ തന്നെ ഇല്ലാതാവുമ്പോൾ നിരക്ക് കൂടുകയാല്ലാതെ കുറയില്ല. ഇന്ത്യയിലേക്ക് സർവീസുകളുടെ എണ്ണം കൂട്ടാൻ വിദേശ വിമാന കമ്പനികൾ തയാറാണെങ്കിലും ഇന്ത്യയുടെ ഭാഗത്തുനിന്ന് അതിനനുകൂലമായ പ്രതികരണം ഇല്ലാതായതോടെ അതിനുള്ള സാഹചര്യവും നഷ്ടമായി. ഇങ്ങനെ പലവിധ കാരണങ്ങൾ കൊണ്ട് പ്രവാസികൾ അുഭവിക്കുന്ന പ്രയാസങ്ങൾ വർധിക്കുകയാണ്. 


നിരക്ക് വർധന പോലുള്ള പ്രശ്‌നങ്ങൾ ഈ സെക്ടറിൽ മാത്രമല്ല, മറ്റെല്ലാ രാജ്യങ്ങളിലെയും പ്രവാസികൾ നേരിടുന്നതാണ്. അവധിക്കാലത്തും ഉത്സവ സീസണുകളിലുമെല്ലാം ടിക്കറ്റ് നിരക്കിൽ ഗണ്യമായ വർധന വരുത്തി വൻ ചൂഷണമാണ് നടത്തി വരുന്നത്. ഇതിനെതിരെ പ്രവാസികളുടെ എല്ലാ കോണുകളിൽനിന്നും പ്രതിഷേധം ഉയരാറുണ്ടെങ്കിലും ബധിര കർണങ്ങളിലാണ് പതിക്കാറുള്ളത്. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജൻ പ്രശ്‌നത്തിൽ ഇടപെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചുവെന്നത് ആശ്വാസകരമാണെങ്കിലും ഇതിന്റെ പേരിൽ ടിക്കറ്റ് നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കാൻ വകയില്ല. കാരണം ഇതിനു മുൻപും ഇത്തരം കത്തയക്കലുകൾ ഉണ്ടായിട്ടുള്ളതാണ്. തിരക്കേറിയ അവസരങ്ങളിൽ വിമാനക്കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ വിമാന കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തണമെന്നാണ് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്കിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്നിരട്ടിയിലേറെ വർധനയാണ് ഉണ്ടായിരിക്കുന്നതെന്നും മാസങ്ങളോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കുന്ന ചെറിയ സമ്പാദ്യം വിമാന ടിക്കറ്റിനായി നൽകേണ്ട അവസ്ഥയാണ് പ്രവാസികൾക്കുള്ളതെന്നും അതിനാൽ ഇക്കാര്യത്തിൽ ഇടപെടൽ ഉണ്ടാകണമെന്നുമാണ് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്മേൽ എന്തെങ്കിലും നടപടി കേന്ദ്രം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാൻ വകയില്ല. ഒരു പതിവ് പല്ലവിയായി ഇതും അവസാനിക്കുകയും അമിത നിരക്ക് പ്രവാസികൾ നൽകേണ്ടി വരുന്നത് തുടരുകയും ചെയ്യും. ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്ക് ഒഴുകുന്ന വിദേശ നാണ്യത്തിന്റെ അധിക പങ്കും പ്രവാസികളുടേതാണ്. എന്നാൽ അതിനനുകൂലമായ സഹായമോ പ്രതികരണമോ സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാവാത്തിടത്തോളം ഈ ദുരിതം തുടരും. 

Latest News