തലശ്ശേരി- പഴയ ബസ് സ്റ്റാന്റ് പരിസരത്തെ ട്രാവലേഴ്‌സ് ബംഗ്ലാവിന് മുൻവശത്ത് വർഷങ്ങളായി തലയുയർത്തി നിൽക്കുന്ന അപൂർവ മരമായ ബഒബാബ് മരത്തിന് വീണ്ടും ഭീഷണി. ആഫ്രിക്കൻ വനാന്തരങ്ങളിൽ മാത്രം കണ്ട് വരുന്ന അപൂർവയിനം മരത്തിനാണ് കോടാലി ഭീഷണി ഉയർന്നത.് മരത്തിന്റെ ചുറ്റും പരസ്യ പലകൾ തറപ്പിച്ച് മരത്തെ ഉണക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മരം ഉണങ്ങിയാൽ സമീപത്തെ ഷോപ്പിംഗ് കോംപ്ലക്‌സിന് നല്ല കാഴ്ച ലഭിക്കുമെന്ന തിരിച്ചറിവാണ് ഇത്തരം നീച പ്രവൃത്തി ചെയ്യാൻ ചിലരെ പ്രേരിപ്പിക്കുന്നതത്രേ.
തലശ്ശേരിയിൽ എത്തിയ ബ്രിട്ടീഷുകാർക്കാണ് ബഒബാബ് മരത്തെ പരിപാലിച്ചതിന്റെ പിതൃത്വം. ബഒബാബിന് വാർഷിക വളയങ്ങൾ ഇല്ല എന്ന പ്രത്യേകതയും ഉണ്ട.് അതിനാൽ മരത്തിന്റെ പ്രായം കണക്കാക്കുക പ്രയാസമാണ്. മരത്തിന്റെ മുഴുവൻ ഭാഗത്തും ലിറ്റർ കണക്കിനു വെള്ളം ശേഖരിച്ചു വെക്കാൻ കഴിയുമെന്നാണ് പ്രധാന പ്രത്യേകത. 2000 വർഷമാണ് ശാസ്ത്രലോകം കണക്കാക്കുന്ന പരമാവധി ആയുസ്സ്. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴേക്കും ചുറ്റളവിന്റെ വിസ്താരം വർധിക്കും. ട്രാവലേഴ്‌സ് ബംഗ്ലാവ് പൊളിച്ചു നീക്കി പുതിയ കെട്ടിടം പണിയുന്നതിനായി ബഒബാബ് മരം വെട്ടിമാറ്റാനുള്ള ശ്രമം 1984 ൽ തർക്കത്തിൽ കലാശിച്ചിരുന്നു.
എന്നാൽ ഇന്നു ഇരുമ്പാണികൾ തറച്ച് പരസ്യ ബോർഡുകൾ പതിക്കുന്നത് മരത്തിന് ഭീഷണിയാണ്. ഇത് മരം എളുപ്പം ഉണങ്ങി നശിക്കാൻ കാരണമാകും. മരത്തെ സംരക്ഷിക്കുന്നതിനു പകരം മറിച്ചു നീക്കാനുള്ള ഗൂഢനീക്കം നടക്കുന്നതായി വൃക്ഷ സ്‌നേഹികൾ പറയുന്നു. നഗരസഭാ ഉദ്യോഗസ്ഥനും തലശ്ശേരി ചേറ്റംകുന്ന് സ്വദേശിയുമായ എ.എൻ രാമചന്ദ്രൻ വൃക്ഷത്തിന്റെ കായും പൂവും ശേഖരിച്ച് വിത്തിട്ട് മുളപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. ഈ മരം കാണാൻ വിദേശികളുൾപ്പെടെ നിരവധി ആളുകൾ ഇവിടെയെത്താറുണ്ട്.