Sorry, you need to enable JavaScript to visit this website.

നെടുമ്പാശേരിയിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചതിൽ വിശദീകരണവുമായി അധികൃതർ

നെടുമ്പാശ്ശേരി- രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ സിയാലിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിലർ വ്യാജ പ്രചരണം നടത്തുന്നുവെന്ന് അധികൃതർ. എറണാകുളം സ്വദേശി അഭിഷേക് ജോസ് എന്ന യാത്രക്കാരനാണ് മാർച്ച് 31 ന് രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞു വീഴുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിക്കുകയും ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ചിലർ വ്യാജ പ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് സിയാൽ അധികൃതർ ആരോപിച്ചു. ഈ സംഭവത്തിൽ സഹയാത്രക്കാരേയും വിമാനത്താവളത്തിലെ സംവിധാനങ്ങളേയും കുറ്റപ്പെടുത്തിക്കൊണ്ടാണ് കുറിപ്പ് പ്രചരിക്കുന്നത്. വിമാനത്താവളത്തിൽ വച്ച് യാതൊരു വിധ ചികിത്സയും കിട്ടിയില്ലെന്നും കുഴഞ്ഞുവീണയാൾക്ക് ചുറ്റും നിന്നവർ മൊബൈൽ ഫോണിൽ ഫോട്ടോയെടുത്തുകൊണ്ടിരിക്കുകയായിരുന്നെന്നും ആംബുലൻസ് വൈകി എന്നൊക്കെയാണ് കുറിപ്പിലെ ആരോപണങ്ങൾ. വിമാനത്താവളത്തെ അപകീർത്തിപ്പെടുത്താൻ ചിലർ മനപൂർവ്വം വ്യാജ പ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് സിയാൽ അധികൃതർ പറഞ്ഞു. മാർച്ച് 31 ന് ശനിയാഴ്ച രാത്രി 9.34 ന് കൊച്ചി വിമാനത്താവളത്തിന്റെ രാജ്യാന്തര ടെർമിനലിന്റെ പുറപ്പെടൽ ഭാഗത്താണ് യാത്രികൻ കുഴഞ്ഞുവീണത്.  ഓസ്‌ട്രേലിയയിലേയ്ക്ക് പോകാനാണ് ഇദ്ദേഹം എത്തിയത്. ഏറെ തിരക്കുള്ള സ്ഥലത്ത്  സി.ഐ.എസ്.എഫ് സുരക്ഷാ സൈനികരുണ്ട്. ടെർമിനൽ മാനേജരുടേയും മെഡിക്കൽ ടീമിന്റേയും ഓഫീസും ഇതിനടുത്ത് തന്നെയാണ്. സി.ഐ.എസ്.എഫ്, വിമാനത്താവളത്തിലെ എക്‌സിക്യൂട്ടീവ് എന്നിവർ 9.35 ന് സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 24 മണിക്കൂറും ഡോക്ടറുടെ സേവനമുള്ള മെഡിക്കൽ റൂമാണ് വിമാനത്താവളത്തിലുള്ളത്. 9.37 ന് (അതായത് 3 മിനിട്ടിനകം ) ഡോക്ടറും മെഡിക്കൽ സംഘവും കുഴഞ്ഞു വീണയാളിന്റെ അടുത്തെത്തി. ഇതിന് ഒരു മിനിട്ടിന് മുമ്പ് യാത്രക്കാരിൽ മറ്റൊരാൾ  സി.പി.ആർ നൽകിയതായും സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പിന്നീട് ചികിത്സ ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം ഏറ്റെടുത്തു. 9.47 ന് വിമാനത്താവളത്തിലെ ആംബുലൻസ് എത്തി. കുഴഞ്ഞുവീണയാളെ ആംബുലൻസിൽ കയറ്റി ഡോക്ടറും നഴ്‌സും ഒപ്പം കയറി. 9.55 ന് അംബുലൻസ് അങ്കമാലി ലിറ്റിൽ ഫഌർ ആശുപത്രിയിലേയ്ക്ക് തിരിച്ചു. എല്ലാവിധ മെഡിക്കൽ സജ്ജീകരണവുമുള്ളതായിരുന്നു ആംബുലൻസ്. 10.04 ന് ആശുപത്രിയിലെത്തി. കാഷ്വാലിറ്റിയിലേയ്ക്ക് മാറ്റി. കുഴഞ്ഞുവീണയാൾക്ക് മെഡിക്കൽ പ്രോട്ടോക്കോൾ അനുസരിച്ചുള്ള എല്ലാവിധ ചികിത്സയും നൽകിയതായി സിയാൽ വ്യക്തമാക്കി. കഠിനമായ ഹൃദയസ്തംഭനം മൂലമാകാം മരണം സംഭവിച്ചതെന്നാണ് ചികിൽസിച്ച ഡോക്ടർമാരുടെ നിഗമനം.  മികച്ച സേവനം ലഭ്യമാക്കാൻ എല്ലാവിധ സഹായങ്ങളും നൽകിയിട്ടും വ്യാജ പ്രചരണം ദൗർഭാഗ്യകരാണെന്ന് സിയാൽ അധികൃതർ പറഞ്ഞു.
 

Latest News