Sorry, you need to enable JavaScript to visit this website.

പാളിച്ചയില്ലാത്ത സുരക്ഷയുമായി കൊച്ചി വിമാനത്താവള ഡിപ്പാർച്ചർ ബാഗേജ് സ്‌ക്രീനിങ് 

നെടുമ്പാശ്ശേരി - തുടർച്ചയായി രണ്ടാം ദിവസവും വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച വൻതോതിലുള്ള വിദേശ കറൻസി കണ്ടെത്താൻ കഴിഞ്ഞത് സിയാൽ സെക്യൂരിറ്റി വിഭാഗത്തിലെ സ്‌ക്രീനിംഗ് സംവിധാനത്തിന്റെ മേന്മ വിളിച്ചോതി.
ബുധനാഴ്ച പുലർച്ചെ പതിനൊന്ന് കോടിയോളം രൂപ മൂല്യമുള്ള വിവിധ കറൻസികൾ പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെ രാത്രി ഒരുകോടിയിലധികം രൂപ മൂല്യമുള്ള കറൻസി കടത്താനുള്ള ശ്രമവും സിയാൽ സുരക്ഷാ വിഭാഗം തടഞ്ഞു.
കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിലെ പുറപ്പെടൽ മേഖലയിലാണ് ബാഗേജ് സ്‌ക്രീനിങ് സംവിധാനമുള്ളത്. രാജ്യാന്തര യാത്ര നടത്തുന്ന ഓരോ വിമാനത്തിലേക്കുമുള്ള ചെക്ക്-ഇൻ ബാഗേജുകൾ സ്‌ക്രീനിങ് നടത്തുന്നത് സിയാൽ സെക്യൂരിറ്റ്ി വിഭാഗമാണ്. ആധുനിക സി.ടി.സ്‌കാൻ യന്ത്രവും വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാരുമുള്ളതിനാൽ ഇതുവഴിയുള്ള അനധികൃത വസ്തുക്കളുടെ കടത്ത് നിരന്തരം പിടിക്കപ്പെടുന്നു. നക്ഷത്ര ആമകൾ, മയക്കുമരുന്ന്, കഞ്ചാവ്, നിരോധിക്കപ്പെട്ട മരുന്നുകൾ തുടങ്ങി ചെക്ക്-ഇൻ ബാഗേജിൽ ഉൾപ്പെട്ടിട്ടുള്ള അനധികൃത വസ്തുക്കളെയെല്ലാം തിരിച്ചറിയാനും അവ യഥാസമയം കസ്റ്റംസ് വിഭാഗത്തിന് റിപ്പോർട്ട് ചെയ്യാനും ടെർമിനൽ-ത്രീ പ്രവർത്തനം തുടങ്ങിയ ശേഷം സാധിച്ചിട്ടുണ്ട്. 
രാത്രി എട്ടു മണി മുതൽ രാവിലെ ആറു മണി വരെയുള്ള സമയത്താണ് ഏറ്റവുമധികം  രാജ്യാന്തര വിമാന സർവീസുകളുള്ളത്. 90 ശതമാനം സർവീസുകളും ഈ സമയത്താണെന്ന് പറയാം. അതുകൊണ്ടു തന്നെ വിമാനത്താവള ഓപ്പറേഷനിലെ ഏറ്റവും തിരക്കുള്ള സമയമാണിത്. ശരാശരി പന്ത്രണ്ടായിരത്തോളം യാത്രക്കാരും ഇരുപതിനായിരത്തോളം ബാഗുകളും ഈ സമയത്ത് പരിശോധനക്കായി എത്തുന്നു. ബാഗുകൾ ചെക്ക്-ഇൻ കൗണ്ടറിൽനിന്ന് മിനിട്ടുകൾക്കുള്ളിൽ സുരക്ഷാ പരിശോധന പൂർത്തിയാക്കി അതത് വിമാനങ്ങളിലേക്കെത്തുന്ന പ്രവർത്തനമാണ് ബാഗേജ് ഹാൻഡ്‌ലിങ് സംവിധാനം. ഇവിടെയാണ് സിയാൽ സെക്യൂരിറ്റി വിഭാഗത്തിന്റെ സേവനം. വൻതോതിലുള്ള കടത്ത് ശ്രമം നടക്കുന്നതും ഈ സമയത്താണ്. അതുകൊണ്ടുതന്നെ ഒരു സെക്കന്റ് ജാഗ്രതക്കുറവുണ്ടായാൽ അനധികൃത വസ്തുക്കളുടെ കടത്ത് അനായാസം സാധ്യമാകും. എന്നാൽ ഏറെ തിരക്കുള്ള സമയത്തും കസ്റ്റംസ് വിഭാഗത്തിന് അഭിമാനകരമായ വൻതോതിലുള്ള പിടിച്ചെടുക്കൽ നടത്താൻ സിയാൽ സെക്യൂരിറ്റിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 
 വിമാനത്താളവത്തിലെ ആഗമന ഭാഗത്ത് ബാഗേജ് സ്‌ക്രീനിങ് ഇല്ല. അതുകൊണ്ടു തന്നെ ടെർമിനൽ ത്രീയിലേയ്ക്ക് എത്തുന്ന യാത്രക്കാരുടെ ബാഗുകൾ സിയാൽ സെക്യൂരിറ്റി വിഭാഗം പരിശോധിക്കുന്നില്ല. കസ്റ്റംസിന് സംശയം തോന്നുന്ന യാത്രക്കാരെ അവരുടെ സാന്നിധ്യത്തിൽ ബാഗ് തുറന്ന് പരിശോധിക്കുന്ന പ്രവർത്തനം മാത്രമാണ്  ആഗമന ഭാഗത്ത് നടക്കുന്നത്. നിശ്ചിത ഡ്യൂട്ടിയടയ്ക്കാത്ത സ്വർണം ഉൾപ്പെടെയുള്ള സാധനങ്ങൾ പിടിച്ചെടുക്കുന്ന ജോലി നിർവഹിക്കുന്നത് കസ്റ്റംസ് ആണ്. 
 

Latest News