Sorry, you need to enable JavaScript to visit this website.

സമൂല മാറ്റം കാത്ത് കോൺഗ്രസിലെ ഗ്രൂപ്പ് നേതാക്കൾ

തിരുവനന്തപുരം-സംസ്ഥാന കോൺഗ്രസിൽ വരാനിരിക്കുന്ന സമൂല മാറ്റത്തിനായി ഗ്രൂപ്പു നേതാക്കളുടെ കാത്തിരിപ്പ് നീളുകയാണ്. വി.എം.സുധീരന്റെ തുറന്നുപറച്ചിൽ പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്. ഉമ്മൻ ചാണ്ടിക്കെതിരെ പാർട്ടിയിൽ വലിയൊരു വിഭാഗത്തിന് ഉണ്ടായിരുന്ന അമർഷമാണ് വി.എം.സുധീരനും പി.ജെ.കുര്യനും പ്രകടിപ്പിച്ചത്. ജനകീയ മുഖമുള്ള ഉമ്മൻ ചാണ്ടിയുടെ പാർട്ടിക്കുള്ളിലെ ഏകാധിപത്യ മുഖത്തെയാണ് ഇവർ വലിച്ചു പുറത്തിട്ടത്. ഇതിന് മറുപടി പറയാൻ പോലും കഴിയാതെ നേതാക്കൾ ഉൾവലിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് വരാനിരിക്കുന്ന വലിയ നേതൃമാറ്റത്തിനായാണ് ഏവരും ഉറ്റുനോക്കുന്നത്. വി.എം.സുധീരൻ, പി.ജെ.കുര്യൻ, പി.സി.ചാക്കോ തുടങ്ങിയ മുതിർന്ന നേതാക്കളുടെ അമർഷവും പ്രതിഷേധവും ഹൈക്കമാന്റ് കാണാതിരിക്കില്ല. അതുകൂടി കണക്കിലെടുത്തായിരിക്കും സംസ്ഥാനത്ത് നേതൃമാറ്റത്തിന് രാഹുൽ ഗാന്ധി മുൻകൈയെടുക്കുക.
ഗ്രൂപ്പ് രാഷ്ട്രീയത്തെ അപ്പാടെ വെട്ടിമാറ്റാൻ കഴിയില്ലെങ്കിലും സമവാക്യങ്ങളിൽ മാറ്റം വരുത്താൻ നേതൃത്വത്തിലുണ്ടാവുന്ന മാറ്റങ്ങളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ്, യു.ഡി.എഫ് കൺവീനർ സ്ഥാനങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് നിന്ന് ചില നേതാക്കളെ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനും സാധ്യതയുണ്ട്. കെ.സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ  എന്നിവരിലൊരാൾ കെ.പി.സി.സി പ്രസിഡന്റ് ആകുമെന്നാണ് സൂചന. എം.എം.ഹസ്സനെ യു.ഡി.എഫ് കൺവീനറാക്കാനും സാധ്യതയുണ്ട്. മുന്നണി ചെയർമാനായ ഉമ്മൻ ചാണ്ടി എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി പോയതിനാൽ പുതിയ ചെയർമാനെയും നിശ്ചയിക്കേണ്ടിവരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാവും പുതിയ ചെയർമാൻ. വി.എം.സുധീരന് താൽപര്യമുണ്ടെങ്കിൽ അദ്ദേഹത്തെ കേന്ദ്ര നേതൃത്വത്തിലേക്ക് കൊണ്ടുപോകും. 
കോൺഗ്രസിന്റെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള മുന്നണി വിപുലീകരണത്തിന് മാത്രമേ ഇനി ഹൈക്കമാന്റ് അനുവവാദം നൽകുകയുള്ളൂ. വിട്ടുവീഴ്ചകൾ നടത്തിയതു വഴി പാർട്ടിക്ക് സംസ്ഥാനത്ത് ഏറെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളതെന്ന് ഹൈക്കമാന്റ് തിരിച്ചറിയുന്നു. ഉമ്മൻ ചാണ്ടി യു.ഡി.എഫ് ചെയർമാനായ ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിന്റെ അംഗസംഖ്യ കുറയുകയും ഘടകകക്ഷികൾ ശക്തിപ്പെടുകയുമാണുണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 22 സീറ്റുകൾ മാത്രമാണ് നേടാനായത്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അഞ്ചാം മന്ത്രിസ്ഥാനം ലീഗിന് വിട്ടുകൊടുത്തതോടെ ലീഗ് മുന്നണിയിൽ പിടി മുറുക്കുകയാണുണ്ടായത്. ഇനി ലീഗിന് അഞ്ച് മാത്രമാർ എല്ലാക്കാലവും കോൺഗ്രസ് നൽകേണ്ടിവരും. കോൺഗ്രസിനൊപ്പം ലീഗും എത്തുന്നു എന്ന സൂചനയാണ് ഇത് നൽകുന്നത്. ഇപ്പോൾ നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ലീഗിനാണ്. അടുത്ത യു.ഡി.എഫ് സർക്കാരിൽ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് അവർ ആവശ്യപ്പെട്ടേക്കും. യു.ഡി.എഫ് കൺവീനർ സ്ഥാനം അവർ ആദ്യം നോട്ടമിട്ടെങ്കിലും തൽക്കാലം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. കേരളാ കോൺഗ്രസിനെ കൂടി മുന്നണിയിൽ കൊണ്ടുവന്ന് ലീഗ് കോൺഗ്രസിനെതിരെയുള്ള നീക്കം ശക്തമാക്കുകയാണ്. രാജ്യസഭാ സീറ്റ് നേടയെടുത്തുകൊണ്ട് അവർ തങ്ങളുടെ ശക്തി ബോധ്യപ്പെടുത്തുകയും ചെയ്തു. കോൺഗ്രസിന്റെ താൽപര്യവും വളർച്ചയുമായിരുന്നില്ല ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യമെന്ന സുധീരന്റെ ആരോപണങ്ങൾക്ക് വസ്തുതയുടെ പിന്തുണ ലഭിക്കുന്നത് അങ്ങനെയാണ്. 
നേരത്തെ എം.പി.വീരേന്ദ്രകുമാറിന് കൊടുത്ത രാജ്യസഭാ സീറ്റ് കോൺഗ്രസിന് നഷ്ടമാകുകയായിരുന്നു. ഇപ്പോൾ ലഭിക്കുമായിരുന്ന സീറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. മാത്രവുമല്ല, യു.പി.എയുടെ ഒരു ലോക്‌സഭാംഗത്തെ ഒരു വർഷത്തേക്ക് നഷ്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇതിനെല്ലാം കാരണക്കാർ സംസ്ഥാനത്ത് മൂന്ന് നേതാക്കളാണെന്ന് ഹൈക്കമാന്റ് മനസ്സിലാക്കുന്നു.
കേരളത്തിൽ ഈ കലാപങ്ങളൊക്കെ നടക്കുമ്പോൾ പാർട്ടിയിൽ സംസ്ഥാനത്തിന്റെ അന്തിമ വാക്ക് എന്ന് കണക്കാക്കുന്ന എ.കെ.ആന്റണി മൗനം തുടരുകയാണ്. ഇന്നേവരെ ആന്റണി പ്രതികരിച്ചിട്ടില്ല. ആന്റണിയുടെ മൗനം ഉമ്മൻ ചാണ്ടിക്കെതിരെയുള്ള പ്രതിഷേധമായാണ് കണക്കാക്കുന്നത്. പി.ജെ.കുര്യനോട് ആന്റണിക്കുള്ള താൽപര്യം ഉമ്മൻ ചാണ്ടിക്കും അറിവുള്ളതാണ്. പി.ജെ.കുര്യനെ വെട്ടുക വഴി ഉമ്മൻ ചാണ്ടി ആന്റണിക്ക് നൽകിയ തിരിച്ചടി കൂടിയായിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനം നൽകി കേരളത്തിൽ നിന്ന് പറഞ്ഞുവിട്ടതിന് പിന്നിൽ ആന്റണിയുണ്ടെന്ന് ഉമ്മൻ ചാണ്ടി വിശ്വസിക്കുന്നു. തനിക്ക് ഇഷ്ടമില്ലാത്ത സുധീരന് കെ.പി.സി.സി സ്ഥാനം ലഭിച്ചതിന് പിന്നിൽ ആന്റണി ആയിരുന്നെന്നും ഉമ്മൻ ചാണ്ടിക്കറിയാം. ഗ്രൂപ്പ് ബലം കൊണ്ട് സുധീരനെ പുകച്ചു പുറത്തുചാടിച്ചത് ആന്റണിക്ക് കൂടി നൽകിയ സൂചനയായിരുന്നു. എ.ഐ. സി.സി ജനറൽ സെക്രട്ടറിയായ ഉമ്മൻ ചാണ്ടി പ്രവർത്തക സമിതിയിൽ ഉൾപ്പെടുമെന്നതിനാൽ ആന്റണിയെ പ്രതിരോധിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലാണ് എ ഗ്രൂപ്പിനുള്ളത്. എന്നാൽ വി.എം.സുധീരനെ പ്രവർത്തക സമിതിയിലേക്ക് കൊണ്ടുവരാനാവും ആന്റണിയുടെ അടുത്ത നീക്കം. അത് നടന്നുകൂടെന്നുമില്ല. സംസ്ഥാന കോൺഗ്രസിനുള്ളിലെ ഇപ്പോഴുള്ള നിശ്ശബ്ദത ഭാരവാഹി പ്രഖ്യാപനത്തോടെ മാറിയേക്കും.

Latest News