കോഴിക്കോട് - ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെത്തിച്ച ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. മാലൂര്‍ കൂന്ന് എ.ആര്‍.ക്യാമ്പിലാണ് ഇയാളെ എത്തിച്ചിരിക്കുന്നത്. ഇത് വരെ അന്വേഷണ സംഘം ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലാണ് നടക്കുക. അതിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങും. എ ഡി ജി പി എം ആര്‍ അജിത്ത് കുമാര്‍ ഐ ജി നീരജ് കുമാര്‍, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ് പാല്‍ മീണ എന്നിവര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത്. രത്‌നഗിരിയില്‍ പിടിയിലായ സമയത്ത് പ്രതിയില്‍ നിന്ന് കിട്ടിയ മൊഴികള്‍ സത്യമാണോയെന്നത് സംബന്ധിച്ച പരിശോധനയും നടക്കും. അതേസമയം ഷാറൂഖ് സെയ്ഫിയെ പോലീസ് കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയാല്‍ ഇയാളെ ചോദ്യം ചെയ്യുന്നതിനായി ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസ് സംഘങ്ങള്‍ കോഴിക്കോട്ട് എത്തുമെന്നാണ് വിവരം. ഈ സംസ്ഥാനങ്ങളില്‍ നടന്ന ചില കേസുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതിനാണിത്. ദേശിയ അന്വേഷണ ഏജന്‍സിയും ഇയാളെ ചോദ്യം ചെയ്യും.