Sorry, you need to enable JavaScript to visit this website.

ഷാറൂഖ് സെയ്ഫിയെ കോഴിക്കോട്ടെത്തിച്ചത് മതിയായ സുരക്ഷയില്ലാതെ, മൂന്ന് കാറുകളിലായി യാത്ര

കോഴിക്കോട് - എലത്തൂരില്‍ ട്രെയിനില്‍ തീയിട്ട സംഭവത്തിലെ പ്രതി ഷാറൂഖ് സെയ്ഫിയെ അന്വേഷണ സംഘം കോഴിക്കോട്ടേക്ക് കൊണ്ടു വന്നത് മതിയായ സുരക്ഷയില്ലാതെ.  കാറിലാണ് പ്രതിയെ മുംബൈയില്‍ നിന്ന് കൊണ്ടു വന്നത്. മൂന്ന് പോലീസുകാരാണ്് കാറിലുണ്ടായിരുന്നത്. കണ്ണൂരില്‍ ധര്‍മ്മടത്തിനടുത്ത് മമ്മാക്കുന്നില്‍ വെച്ച് കാറിന്റെ  ടയര്‍ പഞ്ചറായതോടെയാണ് വളരെ ഗൗരവമേറിയ കേസിലെ പ്രതിയെ വേണ്ട സുരക്ഷ പോലുമില്ലാതെ കൊണ്ടുവന്ന കാര്യം വെളിച്ചത്തായത്. ഒരു മണിക്കൂറിലധികം ഇവിടെ കിടന്ന ശേഷമാണ് വേറൊരു വാഹനമെത്തിച്ച് പ്രതിയെ അതില്‍ കയറ്റി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.  പ്രതിയുമായി വഴിയില്‍ കിടന്ന വാഹനത്തിന് എടക്കാട് പൊലീസാണ് സുരക്ഷ ഒരുക്കിയത്.തലപ്പാടി അതിര്‍ത്തി  ചെക് പോസ്റ്റ് വരെ ഇന്നോവ കാറില്‍ ആയിരുന്നു ഷാറൂഖ് സെയ്ഫിയെ കൊണ്ടുവന്നത്. പിന്നീട്  ഫോര്‍ച്യൂണര്‍ കാറിലേക്ക്  പ്രതിയെ മാറ്റി കയറ്റി ധര്‍മ്മടം റൂട്ടില്‍ മമ്മാക്കുന്ന് എത്തിയതോടെ പുലര്‍ച്ചെ 3.35ന് കാറിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടുകയായിരുന്നു. ഒരു മണിക്കൂറോളം ഇവിടെ വാഹനം കുടുങ്ങി. പിന്നീട് കണ്ണൂരിലെ തീവ്രവാദ സുരക്ഷാ സ്‌ക്വാഡിന്റെ ജിപ്പ് കൊണ്ടു വന്നെങ്കിലും അതു കേടായി. അതിനുശഷേം മറ്റൊരു വാഹനം കണ്ടെത്തി അതിലാണ് പ്രതിയെ കോഴിക്കോട്ടെത്തിച്ചത്.
മറ്റൊരാളുടെ ഉപദേശ പ്രകാരമാണ് താന്‍ ട്രെയിനില്‍ തീയിട്ടതെന്നും ആക്രമണം നടത്തിയാല്‍ നല്ലത് സംഭവിക്കുമെന്നും ഇയാള്‍ ഉപദേശിച്ചതായാണ് ഷാറൂഖ് സെയ്ഫി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുള്ളത്. ദല്‍ഹിയില്‍ നിന്നുള്ള ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട ഒരു സുഹൃത്തിനെക്കുറിച്ചും ഷാറൂഖ് സെയ്ഫി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ മുംബൈയില്‍ ഇറങ്ങിയതായും മൊഴിയില്‍ പറയുന്നു. ദല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ജനറല്‍ ടിക്കറ്റാണ് കൈവശമുണ്ടായിരുന്നത്. കേരളത്തില്‍ എത്തിയ ശേഷം ഏത് സ്‌റ്റേഷനിലാണ് ഇറങ്ങിയതെന്ന് അറിയില്ല. ട്രെയിന്‍ ഇറങ്ങിയ ഉടനെ 
പെട്രോള്‍ പമ്പില്‍ പോയി മൂന്ന് കുപ്പി പെട്രോള്‍ വാങ്ങിയ ശേഷം തൊട്ടടുത്ത ട്രെയിനില്‍ കയറി അക്രമണം നടത്തുകയായിരുന്നു. പെട്രോള്‍ ഒഴിച്ച ശേഷം കയ്യില്‍ കരുതിയ ലൈറ്റര്‍ കൊണ്ട് കത്തിച്ചുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ട്രെയിനില്‍ തീയിട്ട ശേഷം പിടിക്കപ്പെടാതിരിക്കാന്‍ രണ്ട് കോച്ചിനപ്പുറത്തേക്ക് മാറിയിരിക്കുകയായിരുന്നു. കണ്ണൂരില്‍ എത്തിയ ശേഷം അജ്മീറിലേക്ക് പോകാന്‍ ലക്ഷ്യമിട്ട് മറ്റൊരു ട്രെയിനില്‍ കയറിയെന്നും ഖേദ് എന്ന സ്ഥലത്തെത്തിയപ്പോള്‍ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റെന്നും നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയാണുണ്ടായതെന്നും ഷാറൂഖ് സെയ്ഫി അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. 

 

Latest News