റിയാദ്- കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ഉപവിഭാഗമായ വെൽഫെയർ വിംഗ് എക്‌സിറ്റ് 18 ലെ യാനബീഹ് ഇസ്തിറാഹയിൽ ഇൽഹാം-2023 എന്ന പേരിൽ വളണ്ടിയർമാരുടെ യോഗം ചേർന്നു. വൈസ് ചെയർമാൻ മഹബൂബ് ചെറിയവളപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ ഉദ്ഘാടനം ചെയ്തു.
ജനറൽ കൺവീനർ ഷിഹാബ് സ്വാഗതവും കൺവീനർ ദഖ് വാൻ നന്ദിയും പറഞ്ഞു. ചെയർമാൻ സിദ്ദീഖ് തുവ്വൂർ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. രക്തദാന വിഭാഗമായ ഡ്യൂ ഡ്രോപ്‌സ് വഴി കഴിഞ്ഞ 3 വർഷങ്ങളിൽ മൂന്നിലധികം തവണ രക്തം ദാനം ചെയ്ത അബ്ദുൽ ശുക്കൂർ, ഫാസിൽ, അബ്ദുൽ നാസർ, മുസ്തഫ പാപ്പിനിശ്ശേരി എന്നിവരെ യോഗത്തിൽ ആദരിച്ചു.
പ്രവാസികൾ അനുഭവിക്കുന്ന മരണം, തൊഴിൽ, നിയമ കേസുകൾ, വർഷങ്ങളായി മരുഭൂമിയിലകപ്പെട്ടവരുടെ കേസുകൾ, ആശുപത്രി കേസുകൾ, നഷ്ടപരിഹാരം തുടങ്ങി നിരവധി വിഷയങ്ങൾ ഇന്ത്യൻ എംബസിയിലെയും സൗദിയിലെ വിവിധ മന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥരുടെ സഹായത്തോടെ റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ ഇതിനകം കൈകാര്യം ചെയ്തു. പ്രവർത്തനങ്ങളുടെ ഡോക്യുമെന്ററി പ്രദർശനവും നടത്തി.
പ്രവാസവും സാമൂഹ്യ പ്രവർത്തനവും എന്ന വിഷയത്തിൽ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിദ്ദീഖ് കോങ്ങാട് ക്ലാസെടുത്തു. യോഗത്തിൽ ഇൽഹാം എന്ന വാക്ക് പോലെ തന്നെ വളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ പ്രചോദനമാകട്ടെ എന്ന് യോഗത്തിൽ സംസാരിച്ചവർ ആശംസിച്ചു. സംഘടിത സാമൂഹ്യ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന വിംഗിനെയും നേതൃത്വത്തെയും യോഗം പ്രകീർത്തിച്ചു.
അബ്ദുൽ മജീദ് പയ്യന്നൂർ, മുജീബ് ഉപ്പട, യു.പി മുസ്തഫ, ഉമ്മർ അമാനത്ത്, കെ.ടി അബൂബക്കർ, മുഹമ്മദ് കണ്ടക്കൈ തുടങ്ങിയവർ ആശംസകളർപ്പിച്ചു. കബീർ വൈലത്തൂർ, ഷാഹിദ് മാസ്റ്റർ, നൗഷാദ് ചാക്കീരി, അബ്ദുൽ മജീദ് പി.സി, സുഫിയാൻ ചൂരപ്പുലാൻ, സിദ്ദീഖ് ആനപ്പടി, നിയാസ്, അബ്ദുൽ മജീദ്, ഉസ്മാൻ ചെറുമുക്ക്, അബ്ദുൽ സമദ്, കുഞ്ഞിപ്പ തവനൂർ തുടങ്ങിയവർ നേതൃത്വം നൽകി.