Sorry, you need to enable JavaScript to visit this website.

എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കുന്നത് ഇന്ത്യക്ക് വന്‍തിരിച്ചടിയാകും

ദുബായ്- എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാനുള്ള ഒപെക് പ്ലസ് തീരുമാനം ഇന്ത്യക്ക് തിരിച്ചടിയാകും. ഇപ്പോള്‍തന്നെ വന്‍ വിലയാണ് പെട്രോളിനും ഡീസലിനും നല്‍കേണ്ടിവരുന്നത്. പുതിയ തീരുമാനം ഇന്ത്യ ഉള്‍പ്പെടെ ഇന്ധന ഇറക്കുമതി രാജ്യങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരാന്‍ ഇടയാക്കും.
ഉല്‍പാദക രാജ്യങ്ങള്‍ തീരുമാനം നടപ്പാക്കുന്നതോടെ പ്രതിദിനം 36.6 ലക്ഷം ബാരല്‍ എണ്ണയുടെ കുറവ് വിപണിയില്‍ ഉണ്ടാകും. ആഗോള ആവശ്യത്തിന്റെ 3.7 ശതമാനം വരുമിത്. ഇന്ധന വില ബാരലിന് 70 ഡോളറിലേക്കു കൂപ്പു കുത്തിയതാണ് ഉല്‍പാദനം കുറയ്ക്കാനുള്ള തീരുമാനത്തിനു കാരണം.
തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ വില ബാരലിന് 86 ഡോളര്‍ വരെ ഉയര്‍ന്നു. അടുത്ത മാസം തീരുമാനം നടപ്പാക്കുന്നതോടെ വില വീണ്ടും വര്‍ധിക്കുമെന്നും ബാരലിന് 100 ഡോളറിലേക്ക് എത്തുമെന്നും ഉല്‍പാദക രാജ്യങ്ങള്‍ അറിയിച്ചു. ബാരലിന് 139 ഡോളര്‍ വിലയുണ്ടായിരുന്നതാണ് 70ല്‍ എത്തിയത്. വിപണി സ്ഥിരത ലക്ഷ്യമിട്ടാണ് എണ്ണ ഉല്‍പാദനം കുറച്ചതെന്ന് സൗദി അറേബ്യ പ്രതികരിച്ചു.
ഇന്ധന വിലയില്‍ ചൂതാട്ടം നടത്തുന്നവരെ നേരിടാനുള്ള നീക്കമായാണ് വിപണി ഇടപെടലിനെ സൗദി വിശേഷിപ്പിക്കുന്നത്. ഇന്ധന വിലയില്‍ വാതുവയ്പ്പു നടത്തുന്നതിനെതിരെ ശക്തമായ നിലപാടാണ് തുടക്കം മുതല്‍ സൗദി സ്വീകരിക്കുന്നത്.

 

Latest News