Sorry, you need to enable JavaScript to visit this website.

ട്രംപും കിമ്മും സമാധാനത്തിന്റെ വഴിയും

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ജെ ട്രംപും ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉനും തമ്മിൽ സിംഗപ്പൂരിൽ നടന്ന ഉന്നതതലം ചരിത്രത്തിൽ ഇടം തേടുക സമാധാനത്തിന്റെ കരുത്തും  വിജയ പ്രതീക്ഷയുമായി ബന്ധപ്പെട്ടാണ്. ഒരിക്കലും ആയുധ കരുത്തിന്റേയോ അധികാര ഭ്രാന്തിന്റേയോ വിജയവുമായി ബന്ധപ്പെട്ടാകില്ല. ഇരു കൊറിയകളുമായി ബന്ധപ്പെട്ടു തുടങ്ങിയ ആ ചരിത്ര നിമിഷം അവിടെ മാത്രമല്ല ഏഷ്യാ ഉപഭൂഖണ്ഡമാകെയും ലോകമാകെ തന്നെയും സമാധാനത്തിനു വേണ്ടിയുള്ള ശ്രമങ്ങളുടെ കരുത്തും പ്രതീക്ഷയും വ്യാപിപ്പിക്കും. 
കിമ്മിന്റെയും ഉത്തര കൊറിയയുടെയും വിജയമായാണ് ഉന്നതതല കരാറിനെ പ്രസിഡന്റ് ട്രംപിന്റെ നാട്ടിലെ തന്നെ പൊതുജനാഭിപ്രായം. നാനൂറ് വാക്കുകളിൽ രൂപപ്പെട്ട കരാർ ട്രംപിന്റെയും കിമ്മിന്റെയും വൈചിത്ര്യമുള്ള കയ്യൊപ്പുകളാൽ ആധികാരികത പകർന്നിട്ടുണ്ടെങ്കിലും പൊള്ളയായ അക്ഷരങ്ങൾ മാത്രമാണെന്നാണ് വിമർശനം. കിം മടങ്ങിയത് നേട്ടം സ്വന്തമാക്കിയാണെന്നും ശക്തമായ വിമർശനമുണ്ട്. ഉപരോധങ്ങളും യുദ്ധഭീഷണിയും കൊണ്ട്  കീഴടക്കുകയോ തകർക്കുകയോ ചെയ്യുമെന്ന മട്ടിൽ അധികാരമേറ്റ ശേഷം ആഗോള അരങ്ങ് തകർത്ത പ്രസിഡന്റ് ട്രംപ് ആണവ നിരായുധീകരണത്തിന്റെയും പരസ്പര സഹകരണത്തിന്റെയും വക്താവായാണ്  ഉന്നതതലത്തിൽനിന്നു പുറത്തു വന്നത്.
ഇറാഖിനും ഇറാനും അഫ്ഗാനിസ്ഥാനും ശേഷം അമേരിക്കയുടെ വിദേശ-സൈനിക നയത്തിൽ  ഇപ്പോഴുണ്ടായ മാറ്റം മാത്രമല്ല ഇതിൽ പ്രകടമാകുന്നത്. ശീതയുദ്ധമെന്ന് വ്യാഖ്യാനിച്ചു പോന്നെങ്കിലും നീണ്ട കാലം ലോക സമാധാനം നിലനിർത്താൻ സോവിയറ്റ് യൂണിയന്റെ സാന്നിധ്യം ഫലപ്രദമായതു പോലെ ചൈനയുടെ സാന്നിധ്യം ഈ ഉച്ചകോടിയുടെ വിജയത്തിൽ നിഴലിക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് സീ ജിംഗ് പിംഗിന്റെ വിശാല സ്വപ്‌നത്തിന്റെ വിജയമാണ് ഉച്ചകോടിയിൽ ഉണ്ടായതെന്ന വാഷിംഗ്ടൺ പോസ്റ്റിലെ നിരീക്ഷണം അതിന്റെ ഭാഗമാണ്.
 'ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ എന്ന വാണക്കാരൻ സ്വയം ഒരു ആത്മഹത്യാ പദ്ധതിയുമായി മുന്നോട്ടു പോകുകയാണ്. എന്നാൽ അമേരിക്കയുടെ ആക്രമണത്തെ അതിജീവിക്കാൻ ഉത്തര കൊറിയയ്ക്കാവില്ല.'  ഒമ്പതു മാസം മുമ്പാണ് പ്രസിഡന്റ് ട്രംപ് യു.എൻ പൊതുസഭയിൽ ഈ വെല്ലുവിളി മുഴക്കിയത്. താനും കിമ്മും പരസ്പരം മനസ്സിലാക്കിയെന്നും കിമ്മിനെ വിശ്വസിക്കാമെന്നും മാത്രമല്ല ഇപ്പോൾ ട്രംപ് പറയുന്നത്:
കിം മഹത്തായ വ്യക്തിത്വമാണെന്നും പ്രതിഭാശാലിയാണെന്നും തന്റെ ജനങ്ങളെ സ്‌നേഹിക്കുന്ന ഭരണാധികാരിയാണെന്നും മറ്റുമാണ്.  ഉടമ്പടി ചെയ്യുന്ന മഹാനാണെന്നു പോലും ട്രംപിനു ബോധ്യപ്പെട്ടു. മറ്റാരുടെയും സാന്നിധ്യമില്ലാതെ ഒരു മണിക്കൂർ നേരിലും വിപുലമായ ഉപദേശക സംഘത്തോടു കൂടി മൂന്നു മണിക്കൂറും നടന്ന ചർച്ചകൾക്കും ശേഷമാണ് കൂടിക്കാഴ്ച ഒരിക്കൽ റദ്ദാക്കിയ  ട്രംപിന് ഈ തിരിച്ചറിവുണ്ടാകുന്നത്.  കരാറിൽ ഒപ്പുവെച്ച ദിവസം ലോക ചരിത്രത്തിലെ അതിമഹത്തായ ദിനവും നിമിഷവുമാണെന്നാണ് യു.എസ് പ്രസിഡന്റ് വിശേഷിപ്പിക്കുന്നത്. എബ്രഹാം ലിങ്കന്റെയും ജോൺ എഫ് കെന്നഡിയുടെയും മറ്റും പിൻഗാമിയായ ട്രംപ് ഇപ്പോൾ ഏറെ വിവേക ശാലിയായതു പോലെ. ആർക്കും ഒരു യുദ്ധമുണ്ടാക്കാൻ കഴിയും. ധീരരായവർക്കേ പക്ഷേ സമാധാനമുണ്ടാക്കാൻ കഴിയൂ എന്നു കൂടി ട്രംപ് പറഞ്ഞു. 
 കൊറിയൻ അർദ്ധദ്വീപിനെ ലക്ഷ്യമാക്കിയുള്ള യു.എസ് - ദക്ഷിണ കൊറിയ സൈനികാഭ്യാസം കരാറിന്റെ ഭാഗമായി ട്രംപ് ഉടനെ തന്നെ നിർത്തിവെപ്പിച്ചു. യു.എസ് സേനയെ കൊറിയയിൽനിന്ന് പിൻവലിക്കാമെന്നുള്ള ഉപാധിയും വെച്ചു. ഉത്തര കൊറിയൻ പ്രസിഡന്റ് കിമ്മിന്റെ ഉള്ളംകൈയിൽ വെച്ചുകൊടുത്ത ട്രംപിന്റെ ഉപാധികൾ ദക്ഷിണ കൊറിയയിലും ജപ്പാനിലും അമേരിക്കയിൽ തന്നെയും ഞെട്ടലിന്റെയും അമ്പരപ്പിന്റെയും മിന്നലുകളുയർത്തി. ഏഷ്യയിലെ ഈ തന്ത്രപ്രധാനമായ അമേരിക്കൻ സൈനിക സാമീപ്യം കുറയ്ക്കണമെന്ന് ഉത്തര കൊറിയ മാത്രമല്ല, ചൈനയും റഷ്യയും നേരത്തെ ആവശ്യപ്പെട്ടു വരുന്നതാണ്- മുൻ അമേരിക്കൻ ഭരണകൂടങ്ങളും തലേദിവസം വരെ ട്രംപും നിരാകരിച്ചു പോന്നതും. 
 ദക്ഷിണ കൊറിയയിലെയും ജപ്പാനിലെയും അമേരിക്കൻ പ്രതിരോധ ആയുധക്കുടകൾ പൊളിച്ചുമാറ്റണമെന്ന് ഉത്തര കൊറിയ നേരത്തേ മുതൽ ആവശ്യപ്പെടുന്നുണ്ട്. ആണവായുധ പരീക്ഷണ ഇടങ്ങൾ നീക്കം ചെയ്യാമെന്നതാണ് ഉത്തര കൊറിയ സമ്മതിച്ച ഉപാധി.  അമേരിക്ക നിരായുധീകരണത്തോടൊപ്പം നിർബന്ധം പിടിച്ചിരുന്ന പരിശോധന നടത്താനുള്ള അനുവാദം, പരീക്ഷണങ്ങളിലേക്ക് തിരിച്ചുപോകില്ലെന്ന ഉറപ്പ് - ഇതേക്കുറിച്ചൊന്നും കരാറിൽ നേരിട്ട് പരാമർശമില്ല.    
സൈനികാഭ്യാസങ്ങൾ നിർത്തിവെക്കുന്നതു വഴി വലിയ സാമ്പത്തിക ചെലവ് ഒഴിവാക്കാമെന്ന പത്രസമ്മേളനത്തിലെ ട്രംപിന്റെ വിശദീകരണം കൂടിയായപ്പോൾ ഉത്തര കൊറിയയുടെ ആയുധ സംഭരണത്തോടൊപ്പം യു.എസ് - ദക്ഷിണ കൊറിയ സുരക്ഷാ ബന്ധങ്ങൾ കൂടി ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിയാലോചനാ വിഷയമാകുമോയെന്ന ആശങ്കയും ദക്ഷിണ കൊറിയയ്ക്കുണ്ടായിട്ടുണ്ട്. വാഷിംഗ്ടൺ പോസ്റ്റിൽതന്നെ പിറ്റേ ദിവസം എഴുതിയ മുഖപ്രസംഗത്തിൽ അമേരിക്കയുടെ അസംതൃപ്തി ഇങ്ങനെ പ്രകടമാക്കുന്നു: പരീക്ഷണയിടങ്ങൾ ഉത്തര കൊറിയ പൊളിച്ചുമാറ്റുമെന്നത് അർത്ഥമില്ലാത്ത കാര്യമാണ്.  കിമ്മിന് ഏകപക്ഷീയമായി കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതിൽനിന്ന് ട്രംപ് പിന്തിരിയണം. 
നിരായുധീകരണം ഉറപ്പാക്കി സാമ്പത്തിക സഹകരണത്തിലേക്ക് നീങ്ങുകയെന്ന ട്രംപിന്റെ അജണ്ടയാണ് കരാറിന്റെ അടിസ്ഥാനമെന്നാണ് മാധ്യമ വാർത്തകളിൽനിന്ന് മനസ്സിലാകുന്നത്. ഉത്തര കൊറിയൻ പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക് ട്രംപ് ക്ഷണിച്ചത് തുടർ ചർച്ചകൾക്കാണ്. ഉത്തര കൊറിയ സന്ദർശിക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് പറയുന്നതും. ഭൂമിയിൽ ഞാൻ പോകാൻ ആഗ്രഹിക്കുന്ന അവസാനത്തെ ഇടമായിരിക്കും ഉത്തര കൊറിയയെന്ന് ട്രംപ് പറഞ്ഞത് 2013 ലാണ്. 2015 ലാണ് കിമ്മിനെ കിറുക്കനെന്നും പിന്നീട് അഴകിയ രാവണനെന്നും വിളിച്ചത്.  ഉത്തര കൊറിയയെന്ന അസംബന്ധത്തെ എന്നെന്നേക്കുമായി  ഇല്ലാതാക്കാൻ ചൈനയോടും ജപ്പാനോടും ട്രംപു തന്നെ ആവശ്യപ്പെട്ടുപോന്നതാണ്. 
 തന്റെ മുൻഗാമികളായ ഭരണാധികാരികളോടും ഉത്തര കൊറിയയാണ് അമേരിക്കയ്‌ക്കെതിരായ വൻ ഭീഷണിയെന്ന് ട്രംപ് ആവർത്തിച്ചു പറഞ്ഞിരുന്നു.   തെരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങളിലൊന്ന് ആണവായുധം കൈയിലുള്ള ഉത്തര കൊറിയയെ സ്വതന്ത്രമായി വിടുന്നതിനെതിനെതിരെ ആയിരുന്നു. ചൈനയുടെ പിന്തുണയാണ്  ഉത്തര കൊറിയയുടെ  ഭീഷണിക്കുള്ള കാരണമെന്നും.  
 ട്രംപ് അമേരിക്കൻ പ്രസിഡന്റായതിനു ശേഷമാണ് 2017 നവംബറിൽ നോർത്ത് കൊറിയ പുതിയൊരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത്. ആണവായുധം ഘടിപ്പിച്ച ആ മിസൈൽ അമേരിക്കൻ ഭൂഖണ്ഡം ലക്ഷ്യം വെക്കാൻ പ്രാപ്തമാണെന്ന് ഉത്തര കൊറിയ വെളിപ്പെടുത്തി.  തങ്ങളെ വിഴുങ്ങാൻ കിം കണ്ടെത്തിയ ഹുവാസോങ്  15 തരത്തിൽപെട്ട ആണവ മിസൈലുകളെ എങ്ങനെ പ്രതിരോധിക്കാമെന്ന് തങ്ങൾ ശ്രദ്ധിച്ചോളാം എന്നാണ് ട്രംപ് അന്ന് പ്രതികരിച്ചത്. 
 'രോഗം പിടിപെട്ട പട്ടിക്കുഞ്ഞ്' എന്ന് കിമ്മിനെ ചീത്ത വിളിച്ച് ഉത്തര കൊറിയയ്‌ക്കെതിരെ പുലഭ്യങ്ങളുടെ മിസൈലുകളാണ് ട്രംപ് തുടരെത്തുടരെ പ്രയോഗിച്ചത്. 'കിഴവൻ, തലയ്ക്ക് വെളിവില്ലാത്തവൻ' എന്നുവരെ കിം തിരിച്ചും പ്രയോഗിച്ചു. ഒടുവിൽ ട്രംപ് ഇങ്ങനെ സങ്കടപ്പെടുക പോലും ചെയ്തു: 'എന്നെ കിഴവനെന്നും മറ്റും കിം ജോഗ് അപമാനിക്കുന്നതെന്തിനാണ്.  ഞാനവനെ കുള്ളനും തടിയനും എന്ന് ആക്ഷേപിച്ചില്ലല്ലോ. ഞാൻ അവന്റെ സുഹൃത്താവാൻ കഠിന പ്രയത്‌നം നടത്തും.  ഒരു ദിവസം അത് സംഭവിക്കും' - 2017 നവംബർ 12 നായിരുന്നു ട്രംപിന്റെ ഈ പ്രതിജ്ഞ. 
നൂറു കോടി രൂപ ചെലവിൽ സുരക്ഷിതമായി ഉന്നതതലത്തിനു വേദിയൊരുക്കിയ സിംഗപ്പൂർ ഗവണ്മെന്റിന്റെ മുൻകൈയെ തുടർന്ന് ട്രംപിന് തന്റെ മോഹം തൽക്കാലം സാധിച്ചെന്നു തോന്നുന്നു. ചൈനീസ് പ്രസിഡന്റ് സീ ജിങ് പിംഗുമായി കിം ആദ്യം നടത്തിയ രഹസ്യ കൂടിക്കാഴ്ച,  സീ ജിങ് പിംഗുമായി ട്രംപു തന്നെ സഹായികളില്ലാതെ നടത്തിയ രഹസ്യ കൂടിക്കാഴ്ച -ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഉന്നതതലം വിജയിച്ചതെന്ന് വ്യക്തം. 
 സി.ഐ.എയുടെ മുൻ ഡയറക്ടർ മൈക്കൽ ഹേഡന്റെ പ്രതികരണം ശ്രദ്ധിക്കേണ്ടതുണ്ട്: ഭാവി ചർച്ചകൾക്കുള്ള വാതിലുകൾ തുറന്ന ഗുണകരമായ സംഭവം. എന്നാൽ അമേരിക്ക മനസ്സിലാക്കേണ്ടത് ഉത്തര കൊറിയ പുതുതായൊന്നും സമ്മതിച്ചിട്ടില്ലെന്നാണ്. നമ്മൾ വലിയ വില കൊടുത്തെന്നും തിരിച്ചറിയേണ്ടതുണ്ട്. ഉത്തര കൊറിയയ്‌ക്കെതിരെയുള്ള ഉപരോധം പിൻവലിക്കുന്ന കാര്യം തീരുമാനമായിട്ടില്ല.
ആണവ പരീക്ഷണങ്ങൾ പൂർണ്ണമായും നിർത്തിവെക്കാൻ ഉത്തര കൊറിയയ്ക്ക് ആറു മാസക്കാലാവധി  കരാറിൽ  വ്യവസ്ഥ ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് ആറു മാസക്കാലത്തേക്കെങ്കിലും കൊറിയൻ മേഖല സമാധാനപരമായി നിലകൊള്ളുമെന്നും യുദ്ധഭീഷണി ഉയരില്ലെന്നും ഉറച്ച് വിശ്വസിക്കാം. ഇതൊരു നല്ല തുടക്കമാകുമെങ്കിൽ.
ലോക ചരിത്രഗതി സംബന്ധിച്ച നെഹ്‌റുവിന്റെ രണ്ട് നിരീക്ഷണങ്ങൾ ഏഷ്യൻ രാജ്യങ്ങളായ കൊറിയയും ചൈനയും ജപ്പാനും ഉൾപ്പെടുന്ന ഈ സംഘർഷം സംബന്ധിച്ച് ഇപ്പോൾ പ്രസക്തമാണ്. ഏഷ്യക്കാരെ ശരിക്കും മനസ്സിലാക്കാൻ കഴിയാത്തവരാണ് പുതിയ അമേരിക്കൻ സാമ്രാജ്യത്വം എന്നതാണ് അതിലൊന്ന്. രണ്ടാമത്തേത്, ഏഷ്യയും യൂറോപ്പും മറ്റുമെന്നത് കേവലം ഭൂമിശാസ്ത്രപരമായ പ്രകടനങ്ങളാണെന്നും ഓരോ രാജ്യവും അഭിമുഖീകരിക്കുന്നത് ലോകത്തിന്റെ പ്രശ്‌നങ്ങളാണെന്നതും എന്നതാണ്. താൽക്കാലിക പ്രതിസന്ധികളെ അതിജീവിച്ച് ലോകസമാധാനത്തിനു വേണ്ടി ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങൾ നിലകൊള്ളുന്ന കാലം വരുമെന്നും നെഹ്‌റു വിശ്വസിച്ചു. നെഹ്‌റുവിന്റെ ഇന്ത്യ നരേന്ദ്ര മോടിയുടെ നേതൃത്വത്തിൽ ഈ ചരിത്ര സംഭവ വികാസത്തിൽ പക്ഷേ പരിധിക്കു പുറത്താണ്!
തിരിച്ചറിവോടെയുള്ള അമേരിക്കൻ  നീക്കമാണ് കൊറിയയിലേതെങ്കിൽ അതൊരു പുതിയ വാതിൽ തുറക്കലാണ്. ലോകസമാധാനമെന്ന വസന്തത്തിലേക്കുള്ള വാതിൽ തുറ. മറിച്ചാണ് ഫലമെങ്കിൽ ലോകത്തിന്റെ വലിയൊരു പ്രതീക്ഷയുടെ മഴവിൽ തകർച്ചയായി അത് മാറുമെന്ന ദുരന്തവും ഉണ്ട്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.


 

Latest News