വീട്ടിലെ കാരണവർക്ക് 'അടുപ്പിലും ആകാം' എന്ന ആ പഴയ കാലം മാറി സുധീരൻജീ......കാലഘട്ടങ്ങൾക്കനുസരിച്ച് സ്വയം മാറിയില്ലെങ്കിൽ തൂക്കിയെടുത്ത് വൃദ്ധസദനത്തിലാക്കുന്ന പുതിയ തലമുറയുടെ കാലമാണിത്. കോൺഗ്രസിൽ സമകാലിക രാഷ്ട്രീയത്തിന് ഒട്ടും യോജിക്കാത്തവരായ ചില നേതാക്കന്മാരുണ്ട്. അവരിലൊരാളാണ് വി.എം സുധീരൻജിയും. അദ്ദേഹം എന്നും നേരിന്റെയും,ആദർശത്തിന്റെയും കൂടെ വിട്ടുവീഴ്ച ഇല്ലാതെ സഞ്ചരിക്കുന്ന ആളാണ് എന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യുന്നുമുണ്ട്. പക്ഷേ ഇന്നത്തെ സാഹചര്യത്തിൽ വിജയിക്കാൻ ഇത് മാത്രം ഉണ്ടായാൽ പോരാ.
ആദർശം ഉയർത്തിപ്പിടിച്ചാലൊന്നും ഇന്ന് വോട്ട് വീഴില്ല...'സാധ്യതകളുടെ കളിയായി 'രാഷ്ട്രീയം ഇന്ന് മാറിയിരിക്കുന്നു. പൊളി'ട്രിക്‌സ്' എന്നത് കളം അറിഞ്ഞു കളിക്കേണ്ട കളിയാണ്. പ്രാക്ടിക്കൽ പൊളിറ്റിക്‌സ് എന്ന് പറഞ്ഞാൽ 'ലക്ഷ്യമാണ് പ്രധാനം മാർഗമല്ല' എന്ന് മറ്റു പാർട്ടിക്കാർ പുത്തൻ കാശുകാരേയും, താരങ്ങളേയും ഇലക്ഷനിറക്കിയതുൾപ്പെടെ കണ്ടിട്ടും സുധീരൻജിയേയും എന്റെ അച്ഛനേയും പോലുള്ളവർക്ക് ലക്ഷ്യവും മാർഗവും ഒരുപോലെ സ്ഫടികം പോലെ സുതാര്യമാകണമെന്ന് നിർബന്ധമാണ്. അത് പക്ഷേ പ്രായോഗികമല്ല എന്നു മാത്രമല്ല, സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ അമ്പേ പരാജയവുമാണ്. ഇദ്ദേഹം കെ.പി.സി.സി പ്രസിഡൻറായിരുന്നപ്പോൾ പരസ്യ പ്രസ്താവനകൾ പലതവണ വിലക്കുകയും ലംഘിച്ചവർക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. എന്നാലിപ്പോൾ പരസ്യ വിഴുപ്പലക്കലിന് നേതൃത്വം കൊടുക്കുന്നു. വിഎം. സുധീരൻ പ്രസിഡന്റായിരുന്നപ്പോഴാണ് രായ്ക്കുരാമാനം ഏകപക്ഷീയ തീരുമാനമെടുത്ത് കൊല്ലത്തെ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് ആർ.എസ്.പിക്ക് വിട്ടു നൽകിയത്. പ്രായോഗിക രാഷ്ട്രീയം മറന്ന് സ്വയം ആദർശ പരിവേഷമണിഞ്ഞ് ബാർ വിഷയത്തിലും ഭൂമി ഇടപാടിലും തീരുമാനം എടുത്തു വിഎംഎസ്. സ്വന്തം പാർട്ടിയെ എന്തു വില കൊടുത്തും സംരക്ഷിക്കേണ്ടതിനു പകരം പ്രതിപക്ഷ നേതാവിന്റെ കുപ്പായമെടുത്ത് സ്വയം അണിഞ്ഞ് നടത്തിയ പരസ്യ പ്രസ്താവനകളും നിലപാടുകളും പാർട്ടിക്ക് ഉണ്ടാക്കിയ ഡാമേജ് ചെറുതൊന്നുമല്ല. അത് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന് ഭരണ തുടർച്ച നഷ്ടപ്പെടുത്തുന്നതിൽ വലിയ പങ്കു തന്നെ വഹിച്ചു. ഗ്രൂപ്പ് മാനേജർമാർക്കെതിരെ ആഞ്ഞടിച്ച വിഎംഎസ് പുതിയ വിഎംഎസ് ഗ്രൂപ്പിന്റെ നേതാവായി രണ്ട് ഡിസിസി അധ്യക്ഷന്മാരെ തന്നെ പ്രതിഷ്ഠിച്ചു. പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള വലിയ സാധ്യതയുണ്ടായിട്ടും അതൊഴിവാക്കി ജംബോ ഡിസിസികളും മഹാ കെ.പി.സി എക്‌സിക്യൂട്ടീവും വിഎംഎസിന്റെ മറ്റൊരു ഹിമാലയൻ ബ്ലണ്ടർ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇപ്പോൾ ചെയ്തത് ശരിയാണെന്ന് വ്യക്തിപരമായി എനിക്ക് അഭിപ്രായമില്ല.
പക്ഷേ അതിനെ വിമർശിക്കാൻ അർഹതയില്ലാത്ത ആളാണ് താങ്കളെന്ന് ഓർമ്മിപ്പിക്കുന്നു. താങ്കളുടെ രാഷ്ട്രീയം സ്വന്തം ഗുഡ് വിൽ നന്നാക്കുന്നതിനും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നതിനും മാത്രമായിട്ടുള്ളതാണെന്ന് സമൂഹം വിലയിരുത്തുന്നിടത്ത് കാര്യങ്ങളെത്തി നിൽക്കുന്നത് കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് സ്വയം മാറാൻ ശ്രമിക്കാതെ ഒരു പടി പിന്നേ സഞ്ചരിച്ചതു കൊണ്ടു മാത്രമാണ്.
മനസ്സു കൊണ്ട് 'സുധീരമായ' ചില നിലപാടുകളുടെ കൂടെ നിൽക്കുമ്പോഴും പാർട്ടിയുടെ അതിജീവനത്തിന്, ഉയർത്തെഴുന്നേൽപ്പിനു 'പ്രാക്ടിക്കൽ പൊളിറ്റിക്‌സിന്റെ' കൂടെ നിൽക്കുകയേ ഞാനുൾപ്പെടെയുള്ള തലമുറയ്ക്കും വരും തലമുറയ്ക്കും നിർവാഹമുള്ളൂ എന്ന് പറയുന്നതിനോടൊപ്പം സുധീരനെ പോലുള്ള പരിണത പ്രജ്ഞരായ നേതാക്കന്മാർ പഴയകാല തറവാട്ടു കാരണവന്മാരെ പോലുള്ള അവരുടെ അനാവശ്യ ശാഠ്യം ഉപേക്ഷിച്ച് മാറുന്ന കാലത്തിന്റെ മാറ്റങ്ങളുൾക്കൊണ്ട് സ്വന്തം ഗുഡ് വിൽ എന്ന് മാത്രം ചിന്തിക്കാതെ 'എന്റെ പാർട്ടിയുടെ ഗുഡ് വിൽ എങ്ങനെ ഉയർത്താം' എന്ന് ചിന്തിച്ച് മാറിയ കാലഘട്ടത്തിന് ഒരുപടി മുൻപേ നടക്കാൻ പുതിയ തലമുറയിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു.