Sorry, you need to enable JavaScript to visit this website.

ലോട്ടറി വിൽപ്പനക്കാരിയെ പറ്റിച്ച് ടിക്കറ്റുകൾ തട്ടിയെടുത്തു 

തൊടുപുഴ- ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ച് ടിക്കറ്റുകൾ തട്ടിയെടുത്തു. തൊടുപുഴ നഗരത്തിൽ ലോട്ടറി വിൽപ്പന നടത്തുന്ന പന്നിമറ്റം ഉറുമ്പനാനിയ്ക്കൽ കാർത്യായനി കൃഷ്ണൻകുട്ടിയാണ് തട്ടിപ്പിനിരയായത്. ഇന്നലത്തെ കേരള സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ അമ്പതോളം ലോട്ടറികളാണ് അജ്ഞാതൻ ഇവരിൽ നിന്നും തട്ടിയെടുത്തത്. കടം വാങ്ങിയ പണം ഉപയോഗിച്ച് വിൽപ്പനക്കായി വാങ്ങിയ ലോട്ടറികളാണ് മോഷ്ടിക്കപ്പെട്ടത്.
 ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. തൊടുപുഴ ജ്യോതി ജംഗ്ഷനു സമീപത്തെ ജ്വലറിക്കു സമീപം ലോട്ടറി വിൽപ്പന നടത്തുമ്പോഴായിരുന്നു ഇയാൾ കാർത്യായനിയെ സമീപിച്ച് ലോട്ടറി ആവശ്യപ്പെട്ടത്. നല്ല നമ്പരുകൾ നോക്കിയെടുക്കാനായി ഇവരുടെ കൈവശം ഉണ്ടായിരുന്ന ലോട്ടറികൾ മുഴുവൻ ഇയാൾ വാങ്ങി. ഇത് നോക്കുന്നതിനിടെ ഒരു നാലക്ക നമ്പർ പറഞ്ഞ ഇയാൾ കഴിഞ്ഞ ദിവസത്തെ ലോട്ടറിയുടെ ഫലത്തിൽ ഇതുണ്ടോയെന്ന് നോക്കാൻ ആവശ്യപ്പെട്ടു. കാർത്യായനി ലോട്ടറിയുടെ ഫലം നോക്കുന്നതിനിടെ ഇയാൾ കൈയിലുണ്ടായിരുന്ന പേപ്പറിനുള്ളിൽ കുറെ ലോട്ടറികൾ മാറ്റിയ ശേഷം ബാക്കി തിരികെ നൽകി.
 നാലു ലോട്ടറി എടുത്തെന്ന് പറഞ്ഞ് ഇതിന്റെ തുകയായ 200 രൂപ നൽകിയ ശേഷം വേഗത്തിൽ പോകുകയായിരുന്നു. ലോട്ടറിയുടെ എണ്ണം കുറഞ്ഞതായി തോന്നിയ കാർത്യായനി നോക്കിയപ്പോഴാണ് അമ്പതോളം ലോട്ടറികൾ നഷ്ടപ്പെട്ടതായി മനസിലായത്. ഇതോടെ പരിസരത്ത് ഇയാളെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ജ്വവലറിയിലെ സിസിടിവി കാമറയിൽ നിന്നും ഇയാളുടെ ദൃശ്യങ്ങൾ ലഭിച്ചു. ഇതുൾപ്പെടെ കാർത്യായനി പോലീസിൽ പരാതി നൽകി. വീഴ്ചയെ തുടർന്ന് ശാരീരിക പ്രശ്നങ്ങൾ അലട്ടുന്ന  കാർത്യായനി ലോട്ടറി വിൽപ്പന നടത്തിയാണ്  കഴിയുന്നത്. 2500 രൂപയുടെ നഷ്ടമുണ്ടായതായി കാർത്യായനി പറഞ്ഞു.
 

Latest News