കൊച്ചി- മീഡിയ വണ്‍ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രിം കോടതിയുടെ ചരിത്രപരമായ വിധി ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിന് ജീവശ്വാസം നല്‍കുന്നതാണെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ്. ബാബു പറഞ്ഞു.
ചാനല്‍ ലൈസന്‍സ് പുതുക്കാന്‍ നിര്‍ദ്ദേശിക്കുന്ന വിധി ന്യായത്തിലെ ഓരോ വാചകവും ഭരണകൂടത്തിന്റെ ഏകാധിപത്യ കരചരണങ്ങളെ അരിയുന്നതാണ്. ഇതിന്റെ വിലയറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള ധീരതയും ആര്‍ജ്ജവവുമാണ് മാധ്യമങ്ങള്‍ക്ക് പൊതുവില്‍ ഉണ്ടാകേണ്ടത്.
കേന്ദ്ര ഭരണകൂടത്തിന് ഹിതകരമല്ലാത്ത വസ്തുതാപരമായ റിപ്പോര്‍ട്ടോ അന്വേഷണമോ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ ഭയപ്പെടുന്നുണ്ട്. ഈ ഘട്ടത്തില്‍ നേരറിയിക്കാനുള്ള മാധ്യമ സ്വാതന്ത്ര്യത്തെ ദേശസുരക്ഷയുടെ പേരില്‍ തടയാന്‍ പാടില്ല എന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് വിധി സുപ്രധാനമാണ്.
ഭരണകൂട നയങ്ങള്‍ക്കെതിരെ വിമര്‍ശനാത്മക നിലപാട് മാധ്യമങ്ങള്‍ സ്വീകരിക്കുന്നതിന് നിയമപരമായ പരിരക്ഷ കോടതി ഉറപ്പു നല്‍കുന്നു. ഭിന്നഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം സുപ്രിം കോടതി അടിവരയിടുമ്പോള്‍ ആ സ്വാതന്ത്ര്യം പ്രയോജനപ്പെടുത്താന്‍ മാധ്യമങ്ങളും അതിനൊത്തു മാറണമെന്ന് അക്കാദമി ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.