നിയോംസിറ്റി- വംശനാശ ഭീഷണി നേരിടുന്ന 22 ഓളം പക്ഷികളെ അമീർ മുഹമ്മദ് ബിൻ സൽമാൻ വന്യജീവി സംരക്ഷണ മേഖലയിലേക്കു തുറന്നു വിട്ടതായി സൗദി വന്യജീവി സംരക്ഷണ വകുപ്പ് അറിയിച്ചു. നിയോം സിറ്റിയോടു ചേർന്ന് സൗദിയിലെ പടിഞ്ഞാറൻ മേഖലയിലാണ് അമീർ മുഹമ്മദ് ബിൻ സൽമാൻ വന്യജീവി സംരക്ഷണ മേഖലയ സ്ഥാപിച്ചിട്ടുള്ളത്. രണ്ട് മഞ്ഞ പരുന്തുകൾ, ഒരു വെള്ള പരുന്ത്, പത്തൊമ്പതോളം ഫാൽക്കൺ കാടകൾ തുടങ്ങിയവയാണ് തുറന്നവിട്ടവയിലുള്ളത്. വംശനാശ ഭീഷണി നേരിടുന്ന വിവിധ തരം ജീവികളുടെ സംരക്ഷണമാണ് ഇതു വഴി ലക്ഷ്യമാക്കുന്നതെന്ന് സൗദി ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം ഡയറക്ടർ മുഹമ്മദ് അൽ ഖുർബാൻ പറഞ്ഞു.
വംശനാശ ഭീഷണി നേരിടുന്ന ജീവികളെ പുനരധിവസിക്കുക വഴി പാരിസ്ഥിതിക സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കുന്നതിൽ ലോക നിലവാരത്തിലേക്ക് രജ്യത്തയെത്തിക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്രം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൗദിയിലെ പാരിസ്ഥിതി വനം മേഖലകളിലുള്ള ജീവികളെ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള വിപുലമായ പദ്ധതികൾ തയ്യാറാക്കിയതായും തത്സംബന്ധമായ പഠന ഗവേഷണ വിഷയങ്ങൾ തയ്യാറാക്കുന്നതും വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ലക്ഷ്യമാണെന്ന് മുഹമ്മദ് അൽ ഖിർബാൻ കൂട്ടിച്ചേർത്തു. പാരിസ്ഥിത സംരക്ഷണ കേന്ദ്രങ്ങളിലേക്കോ സംരക്ഷിത വനം മേഖലകളിലേക്കോ നുഴഞ്ഞു കയറുന്നവരെ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട വകുപ്പുകളെ വിവരമറിയിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ബോധവത്ക്കരണ സന്ദേശങ്ങൾ സൗദി ടെലികോമുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ കേന്ദ്രം അടുത്തിടെ അയച്ചിരുന്നു.