കൊച്ചി- മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ 96-ാമത് ജന്മദിനത്തോടനുബന്ധിച്ച് പ്രേംനസീര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഇരുപതാമത് അവാര്‍ഡ് നിശ ഇത്തവണ കൊച്ചിയില്‍. ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318സി, ഫിലിം ഫ്രറ്റേണിറ്റി എന്നിവരുമായി സഹകരിച്ചാണ് അവാര്‍ഡ് നിശയും കലാസന്ധ്യയും നടത്തുന്നത്. പ്രേംനസീര്‍ അവാര്‍ഡ് ഇതാദ്യമായിട്ടാണ് തിരുവനന്തപുരത്തിനു പുറത്ത് സംഘടിപ്പിക്കുന്നത്.
അഭ്രപാളിയില്‍ നടന വിസ്മയം തീര്‍ത്ത കലാകാരന്മാരെയും സാംസ്‌കാരിക സാമൂഹ്യ സേവനങ്ങളില്‍ നിറസാന്നിധ്യമായ വിശിഷ്ട വ്യക്തികളെയും ആദരിക്കുന്ന സന്ധ്യ മെയ് 20ന് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ആറു മണി മുതല്‍ നടക്കും.
മലയാള സിനിമയിലെ പ്രശസ്തരായ അഭിനേതാക്കളും പിന്നണി ഗായകരും സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ലയണ്‍ ഓഫ് സെല്ലുലോയ്ഡായി സുരേഷ് ഗോപിയെയും പ്രിന്‍സ് ഓഫ് സെല്ലുലോയ്ഡായി കുഞ്ചാക്കോ ബോബനെയും പ്രിന്‍സസ് ഓഫ് സെല്ലുലോയിഡായി മഞ്ജു വാര്യരെയും എവര്‍ഷൈന്‍ ഡയറക്ടറായി ജോഷിയെയും ആദരിക്കും. എഴുത്തുകാരനും നിര്‍മാതാവും ഗാന രചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയെ പൊന്‍തൂലിക അവാര്‍ഡ് നല്‍കിയും സ്റ്റാര്‍ ഓഫ് ന്യൂ ജനറേഷന്‍ നടനായി സൗബിന്‍ ഷാഹിറിനെയും നിര്‍മ്മാതാക്കാളായ എവര്‍ഷൈന്‍ മണി, സിയാദ് കോക്കര്‍ എന്നിവരെയും അവാര്‍ഡുകള്‍ നല്‍കി ആദരിക്കും.
പ്രേംനസീര്‍ അഭിനയിച്ച ചിത്രങ്ങളിലെ അനശ്വരമായ ഗാനങ്ങള്‍ മാത്രം കോര്‍ത്തിണക്കി മലയാളത്തിലെ സിനിമ പിന്നണി ഗായകര്‍ ഒരുക്കുന്ന വേറിട്ട ഗാന സന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.