റിയാദ്- സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഞായറാഴ്ച വരെ ഇടിയോടു കൂടിയുള്ള മഴക്കു സാധ്യതയെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസീർ, ജീസാൻ,അൽ ബാഹ,നജ്‌റാൻ,മക്ക പ്രവിശ്യകളിൽ നാളെ(വ്യാഴം) വൈകിട്ടോടെ താരതമ്യേന ചെറിയ തോതിലുള്ള മഴയും പൊടിക്കാറ്റുമുണ്ടായേക്കും. വെള്ളിയാഴ്ച മുതൽ ശക്തമായാക്കാവുന്ന മഴ ഞായറാഴ്ച വരെ തുടരും. റിയാദ്, അൽഖസീം, മദീന, ഹായിൽ, തുടങ്ങിയ പ്രദേശങ്ങളിലും സമാന സാഹചര്യം തന്നെയായിരിക്കും. കിഴക്കൻ പ്രവിശ്യയിൽ ചെറിയ തോതിലുള്ള മഴക്കും പൊടിക്കാറ്റിനുമുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. അടുത്തയാഴ്ച വരെ കാലാവസ്ഥ വ്യതിയാനം തുടർന്നേക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മഴസാധ്യത പ്രവചനത്തെ തുടർന്ന് മഴയുള്ള സമയങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകളിലും പ്രവേശിക്കരുതെന്ന് മുന്നറിയിപ്പു നൽകി സിവിൽ ഡിഫൻസും പ്രസ്താവനയിറക്കിയിട്ടുണ്ട്.