ദമാം- പ്രവാസ ലോകത്തിന്റെ പിന്തുണ വിളിച്ചോതി ദമാം ഒ.ഐ.സി.സി രാഹുൽ ഗാന്ധി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ഇന്ത്യയുടെ പൊതുസമ്പത്ത് ഏതാനും ശതകോടീശ്വരന്മാർക്ക് തീറെഴുതിക്കൊടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടപടികളെ ചോദ്യം ചെയ്തുകൊണ്ട് പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ച രാഹുൽ ഗാന്ധിക്കെതിരെ നരേന്ദ്ര മോഡി സർക്കാരും സംഘ്പരിവാർ ശക്തികളും നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് സദസ്സ് സംഘടിപ്പിച്ചത്.
കിഴക്കൻ പ്രവിശ്യയിലെ മുഖ്യധാരാ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒ.ഐ.സി.സി ദമാം റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച 'സത്യമേവ ജയതേ' ഐക്യദാർഢ്യ സദസ്സിൽ
രാഹുൽ ഗാന്ധിയുടെ പോരാട്ടങ്ങൾക്ക് പ്രവാസ ലോകത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല അധ്യക്ഷത വഹിച്ചു. സമ്മേളനം കെ.പി.സി.സി നിർവാഹക സമിതിയംഗം അഹമ്മദ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.
ഇന്ത്യ ഇന്ത്യയായി നിലനിൽക്കണമെങ്കിൽ രാഹുൽ ഗാന്ധി നിർഭയമായി നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങൾ വിജയിച്ചേ മതിയാകൂവെന്നും, അതിനു വേണ്ടി ഇന്ത്യയിലെ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും കക്ഷി രാഷ്ട്രീയത്തിനതീതമായി രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അഹമ്മദ് പുളിക്കൽ പറഞ്ഞു.
കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നടത്തിയ സ്വതന്ത്ര ഇന്ത്യ കണ്ട എക്കാലത്തെയും ഏറ്റവും വലിയ പദയാത്രയായ ഭാരത് ജോഡോ യാത്രയ്ക്കു ശേഷം നരേന്ദ്ര മോഡിയും സംഘ്പരിവാർ കേന്ദ്രങ്ങളും ആസൂത്രിതമായ ആക്രമണമാണ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് 4080 കിലോ മീറ്റർ ഒരു കടലു പോലെ ആർത്തിരമ്പി നീങ്ങിയ ജനസാഗരത്തിനൊപ്പം നടന്നു തീർത്ത രാഹുൽ ഗാന്ധി ജനങ്ങളുമായി സംവദിച്ചും, അവരെ ചേർത്തുപിടിച്ചും വർത്തമാനകാല ഇന്ത്യയെ കണ്ടെത്തുകയായിരുന്നു. ഭാരത് ജോഡോ യാത്രയ്ക്കു ശേഷം പാർലമെന്റിലെത്തിയ രാഹുൽ ഗാന്ധിയുടെ മൂർഛയുള്ള ഓരോ ചോദ്യവും നരേന്ദ്ര മോഡിയെയും സർക്കാരിനെയും അക്ഷരാർഥത്തിൽ വിറപ്പിക്കുകയായിരുന്നു.
രാഹുൽ ഗാന്ധിയുടെ തുടർന്നുള്ള ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള കുറുക്ക് വഴിയായിരുന്നു എന്തു വില കൊടുത്തും അദ്ദേഹത്തെ പാർലമെന്റിൽ നിന്നും പുറത്താക്കുക എന്നുള്ളത്. ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്തുകൊണ്ട് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദ് ചെയ്ത ബി.ജെ.പി സർക്കാരിന്റെ തീരുമാനം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായമായി എഴുതിച്ചേർക്കപ്പെടുമെന്നും വിവിധ പ്രസംഗകർ ചൂണ്ടിക്കാട്ടി.
ഭരണഘടനാ സ്ഥാപനങ്ങളെയും മറ്റ് ഭരണ സംവിധാനങ്ങളെയും തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് രാഹുൽ ഗാന്ധിയ്ക്കെതിരെ ദുരുപയോഗം ചെയ്യുന്ന ഭരണകൂടത്തിനെതിരെ നിർഭയനായി പോരാടുന്ന രാഹുൽ ഗാന്ധിക്ക് സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസ ലോകത്തെ ജനാധിപത്യ മതേതര വിശ്വാസികൾ നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്നതായും ഒ.ഐ.സി.സി ദമാം റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച രാഹുൽ ഗാന്ധിക്കുള്ള ഐക്യദാർഢ്യ സദസ്സ് അറിയിച്ചു.
വിവിധ സംഘടനകളെ പ്രനിധീകരിച്ച് സി. അബ്ദുൽ ഹമീദ്, മുഹമ്മദ്കുട്ടി കോഡൂർ, നൗഷാദ് അകോലത്ത്, ഷാജി മതിലകം, കെ.എം. ബഷീർ, ആൽബിൻ ജോസഫ്, പി.എ.എം. ഹാരിസ്, അൻവർ ഷാഫി, മുഹമ്മദ് നജാത്തി, അബ്ദുൽ റഹീം തിരൂർക്കാട്, മാത്തുക്കുട്ടി പള്ളിപ്പാട്, ഹനീഫ് റാവുത്തർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇ.കെ. സലീം സ്വാഗതവും ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.