തിരുവനന്തപുരം- ബറ്റാലിയൻ മേധാവി സ്ഥാനത്ത്‌നിന്ന് എ.ഡി.ജി.പി സുധേഷ് കുമാറിനെ നീക്കി. സുധേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ചുവെന്ന പരാതിയിലാണ് നടപടി. പോലീസുകാരെ കൊണ്ട് എ.ഡി.ജി.പി ദാസ്യവേല ചെയ്യിച്ചിരുന്നുവെന്നും പരാതി ഉയർന്നിരുന്നു. പുതിയ എ.ഡി.ജി.പിയായി അനന്തകൃഷ്ണനെ നിയോഗിച്ചു. സുധേഷ് കുമാറിനെ പോലീസ് സേനക്ക് പുറത്ത് മറ്റെവിടെയെങ്കിലും നിയോഗിക്കാനാണ് സർക്കാർ നീക്കം. പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാനും എ.ഡി.ജി.പിയോട് നിർദ്ദേശിച്ചിട്ടുണ്ട്. പോലീസ് ഡ്രൈവർ ഗവാസ്‌കർക്ക് മർദ്ദനമേറ്റത് അടക്കമുള്ള പരാതികളിൽ സർക്കാർ അന്വേഷണം നടക്കുകയാണ്. പോലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകൾ മർദ്ദിച്ച സംഭവം ഗൗരവമേറിയതാണെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിറകെയാണ് നടപടി വന്നത്.