കോഴിക്കോട്- എലത്തൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീവച്ച കേസില്‍ പിടിയിലായ ഷാരൂഖ് സെയ്ഫയെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ ഇയാളെ കേരള പൊലീസിന് കൈമാറി. പ്രതിയെ വൈകാതെ കേരളത്തില്‍ എത്തിക്കും. ഷാരൂഖ് ഒറ്റയ്ക്ക് തന്നെയാണ് കൃത്യം നടത്തിയതെന്നാണ് നിലവിലെ വിവരം. ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ, ആക്രമണത്തിന് എന്തുകൊണ്ട് കേരളം തെരഞ്ഞെടുത്തു, ആലപ്പുഴ- കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിന്‍ എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്നീ കാര്യങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്.
യാത്രക്കാരനെന്ന ഭാവത്തില്‍ ട്രെയിനിലെ ഡി - 1 കോച്ചില്‍ കയറിക്കൂടിയ ഷാരൂഖ് രണ്ടു കൈയിലും കരുതിയിരുന്ന കുപ്പിയില്‍ നിറച്ച പെട്രോള്‍ യാത്രക്കാരുടെ ദേഹത്ത് വീശിയൊഴിച്ചശേഷം തീവെക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ വന്നുകയറിയപാടേ പെട്രോള്‍ വീശിയൊഴിച്ച് തീപടര്‍ത്തിയതില്‍ നിന്നു ഏതെങ്കിലുമൊരാളെ കൊല്ലാനുള്ള ഉദ്ദേശ്യമല്ല ഇതിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ബോഗിയിലെ മുഴുവന്‍ യാത്രക്കാരും വെന്തുമരിക്കണമെന്ന ലക്ഷ്യം തന്നെയാണ് സംഭവത്തിന് പിന്നിലെന്ന സംശയം ബലപ്പെടുത്തുന്നതാണ് സാഹചര്യത്തെളിവുകള്‍. കമ്പാര്‍ട്ട്മെന്റിലെ ഒരാളെപ്പോലും മുന്‍പരിചയമില്ലാത്ത പ്രതി മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൃത്യമാണിതെന്ന് വ്യക്തമാണെന്ന് പോലീസ് പറയുന്നു. എലത്തൂരിലെ കോരപ്പുഴ പാലത്തിലേക്ക് ട്രെയിന്‍ പൂര്‍ണമായി കയറുന്നതിന് മുമ്പാണ് അക്രമി യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീയിട്ടത്. ട്രെയിന്‍ നിന്നതോടെ യാത്രക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണം നടന്ന ഡി 1, ഡി 2 കോച്ചുകള്‍ പാലത്തിന്റെ മദ്ധ്യത്തില്‍ ആയിരുന്നെങ്കില്‍ രക്ഷപ്പെടല്‍ അസാദ്ധ്യമാവുമായിരുന്നു. പരിഭ്രാന്തിയില്‍ പുറത്തേക്ക് ചാടുന്ന യാത്രക്കാര്‍ കോരപ്പുഴയില്‍ വീണ് വലിയ ദുരന്തം ഉണ്ടാവുമായിരുന്നു. അക്രമി ഉന്നമിട്ടതും വലിയ ദുരന്തമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഡിപ്പോ ഉള്‍പ്പടെയുള്ള പ്രദേശമാണ് എലത്തൂര്‍. തീ വലിയ തോതില്‍ പടര്‍ന്നിരുന്നെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. ആക്രമണം നടന്ന ഉടന്‍ ചെയിന്‍ വലിച്ച് ട്രെയിന്‍ നിറുത്തിയതും ദുരന്തത്തിന്റെ ആക്കം കുറച്ചു.