കൊച്ചി - ഇടുക്കിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന കാട്ടാന 'അരിക്കൊമ്പനെ' പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതിയുടെ അനുമതി. ഇത് സംബന്ധിച്ച കോടതിയുടെ ഉത്തരവ് ഉടന്‍ ഇറങ്ങും. അരിക്കൊമ്പന്‍ വിഷയത്തില്‍ എന്ത് നിലപാടെടുക്കണമെന്നത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കാനായി ഹൈക്കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയാണ് അരിക്കൊമ്പനെ പിടികൂടി കൂടുതല്‍ തീറ്റയും വെള്ളവും ലഭിക്കുന്ന പറമ്പിക്കുളത്തേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കുകിയത്. ഈ നിര്‍ദ്ദേശം അംഗീകരി്ക്കുകയാണ് ഹൈക്കോടതി ചെയ്തത്.
അരിക്കൊമ്പനെ മയക്കു വെടിവെച്ച് പിടികൂടാനുള്ള വനം വകുപ്പിന്റെ നീക്കം നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു അരിക്കൊമ്പനെ പിടികൂടാനുള്ള സര്‍വ്വ സജ്ജീകരണങ്ങളുമായി ആനയെ നിരീക്ഷിച്ചുകൊണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാത്തു നിന്നെങ്കിലും കോടതി അനുമതി നല്‍കിയില്ല. ഇത് ഇടുക്കിയില്‍ ജനങ്ങളുടെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കോടതി തീരുമാനത്തില്‍ പ്രതിഷേധിച്ച് 10 പഞ്ചായത്തുകളില്‍ നാട്ടുകാര്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. മറ്റ് രീതിയിലുള്ള പ്രക്ഷോഭ പരിപാടികള്‍ നടന്നു വരുന്നതിനിടയിലാണ് ഇപ്പോള്‍ കോടതിയുടെ അനുകൂല തീരുമാനം വന്നത്.