ഷാറൂഖ് സെയ്ഫി പിടിയിലായത് കേന്ദ്ര ഇന്റലിജന്‍സ് നല്‍കിയ വിവരത്തെ തുടര്‍ന്ന്

കോഴിക്കോട് - എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫി പിടിയിലായത് പോലീസ് തന്നെത്തേടിയെത്തിയതറിഞ്ഞ് മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ. കായികമായി നേരിട്ടാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇയാള്‍ രത്‌നഗിരിയിലെ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് റെയില്‍വേ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ അര്‍ധ രാത്രി സംയുക്ത ഓപ്പറേഷനിലൂടെ പോലീസ് സംഘം ആശുപത്രി വളയുകയും ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പോലീസ് എത്തിയതറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തി. രത്‌നഗിരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഷാറൂഖ് സെയ്ഫി ചികിത്സ തേടിയിരുന്നത്. മുഖത്തും കാലിലും തീപ്പൊള്ളലേറ്റ പരിക്കുണ്ട്. നിലവില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിലാണ് ഷാറൂഖ് സെയ്ഫി. കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘവും ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും എത്തി അവിടെ വെച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം കേരളത്തിലേക്ക് കൊണ്ടു വരുമെന്നാണ് വിവരം. സംഭവ സമയം ട്രെയിനിലുണ്ടായിരുന്നവരെ ഇയാളുടെ ഫോട്ടോ അന്വേഷണ സംഘം കാണിച്ചിട്ടുണ്ട്. ഇയാള്‍ തന്നെയാണ് ട്രെയിനില്‍ തീയിട്ടതെന്ന് ഇവരില്‍ പലരും തിരിച്ചറിഞ്ഞിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരമാണ് ഷാറൂഖ് സെയ്ഫിയെ പിടികൂടുന്നതിന് സഹയാകമായതെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ പറഞ്ഞു.

 

 

 

 

Latest News