Sorry, you need to enable JavaScript to visit this website.

അട്ടപ്പാടി മധു വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

പാലക്കാട് - അട്ടപ്പാടി മധു വധക്കേസില്‍  കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും  മണ്ണാര്‍ക്കാട് പട്ടിക ജാതി-പട്ടിക വര്‍ഗ  പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് ശിക്ഷ വിധിക്കുക. കേസിലെ 16 പ്രതികളില്‍ 14 പേര്‍ കുറ്റക്കാരാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരില്‍ പ്രധാന പ്രതികള്‍ക്കെതിരെ  മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം തെളിഞ്ഞിരുന്നു.  പ്രതികളില്‍ 13 പേര്‍ക്കെതിരെ അന്യായമായി സംഘം ചേരല്‍, പരിക്കേല്‍പ്പിക്കല്‍, പട്ടിക വര്‍ഗ അതിക്രമം എന്നീ കുറ്റങ്ങളും തെളിഞ്ഞു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം എന്നിവരെ അക്രമത്തില്‍ നേരിട്ട് പങ്കില്ലെന്ന് കണ്ട് കോടതി വെറുതെവിട്ടിരുന്നു.

കേസിലെ 24 സാക്ഷികള്‍ നേരത്തെ പ്രതിഭാഗത്തേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് സാക്ഷി സംരക്ഷണ നിയമം നടപ്പാക്കിയ അസാധാരണ കേസാണിത്. സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിച്ചത്. 2018 ഫെബ്രുവരി 22 നാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്നാണ് ആദിവാസിയായ അട്ടപ്പാടി താലൂക്കിലെ ചിണ്ടേക്കി കടുകുമണ്ണ പഴയൂരിലെ മധു(30) കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു ബന്ധുക്കളില്‍ നിന്നകന്ന് കാട്ടിലെ ഗുഹയിലാണ് കഴിഞ്ഞിരുന്നത്. ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പ്രദേശവാസികളായ പ്രതികള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.  2022 ഏപ്രില്‍ 28 നാണ് മണ്ണാര്‍ക്കാട് എസ്.സി.എസ്.ടി ജില്ലാ പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്. 127 സാക്ഷികളില്‍ 24 പേര്‍ വിചാരണയ്ക്കിടെ കൂറുമാറി. രണ്ടുപേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചിരുന്നു.

 

 

 

 

Latest News