കോഴിക്കോട് - എലത്തൂരില്‍ ട്രെയിനില്‍ തീയിട്ട കേസിലെ പ്രതിയെ തേടി സാമൂഹ്യ മാധ്യമങ്ങളില്‍ പോലീസിന്റെ ഊര്‍ജ്ജിത തിരച്ചില്‍. പ്രതിയുടേതെന്ന് കരുതുന്ന ബാഗ് സംഭവ സ്ഥലത്ത് ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ ബാഗിലുണ്ടായിരുന്ന പുസ്തകത്തില്‍ നിന്ന് ചില പേരുകള്‍ പോലീസിന് കിട്ടിയിരുന്നു. ഇതില്‍ പറഞ്ഞ പേരുകാരെ തേടി സാമൂഹ്യ മാധ്യമങ്ങളില്‍ തിരച്ചില്‍ നടത്തുകയാണ് പോലീസ്. ഈ പുസ്‌കത്തില്‍ നിന്ന് ' ഷാരൂഖ് സെയ്ഫിസ് കാര്‍പെന്ററി ' എന്ന പേര് എഴുതിയിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പരിശോധിച്ചപ്പോള്‍ ഇതേ പേരില്‍ ഒരു യൂട്യൂബ് ചാനല്‍ കണ്ടെത്തിയിട്ടുണ്ട്. കാര്‍പെന്ററിയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ഇതില്‍ പ്രധാനമായും ഉള്ളത്. ഈ ചാനലില്‍ നല്‍കിയ ഒരു അലമാരയുടെ ചിത്രം ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്ന് കണ്ടെടുത്ത പുസ്തകത്തിലുമുണ്ട്. ഇതോടെ ഈ യൂട്യൂബ് ചാനലിന്റെ ഉടമയും ട്രെയിനിലെ ആക്രമണവും തമ്മില്‍ ബന്ധമുണ്ടെന്ന് കണക്കു കൂട്ടന്ന പോലീസ് യൂട്യൂബ് ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഈ ചാനലില്‍ കാണുന്ന വ്യക്തിയുടെ ചിത്രം സംഭവസമയത്ത് ട്രെയിനിലുണ്ടായിരുന്നവരെ കാണിച്ച് അക്രമിക്ക് ഇതുമായി രൂപസാദൃശ്യമുണ്ടോയെന്ന് ഒത്തുനോക്കുന്നുണ്ട്. എന്നാല്‍ കൃത്യമായ ഒരു ഉത്തരം ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.
ബാഗില്‍ നിന്ന് കണ്ടെത്തിയ സിം ഊരി മാറ്റിയ മൊബൈല്‍ ഫോണില്‍ നിന്ന് ബന്ധപ്പെട്ടവരുടെ നമ്പറുകളില്‍ പോലീസ് വിളിച്ചു നോക്കിയെങ്കിലും എല്ലാ ഫോണുകളും സ്വിച്ച് ഓഫ് ആണ്. മാര്‍ച്ച് 31 നാണ് ഏറ്റവുമൊടുവില്‍ ഈ ഫോണില്‍ നിന്ന് വിളി പോയിട്ടുള്ളത്. ഡല്‍ഹി-ഹരിയാന അതിര്‍ത്തി പ്രദേശത്തു നിന്നാണ് അവസാനമായി ഈ ഫോണില്‍ നിന്ന് വിളിച്ചത്. 2018 ലാണ് ഇതില്‍ ഉപയോഗിച്ചിരുന്ന സിംകാര്‍ഡ് എടുത്തതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ വ്യാജമേല്‍വിലാസ രേഖകളാണ് ഇതിന് വേണ്ടി ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിയിലേക്കെത്തിച്ചേരാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണ് അന്വേഷണ സംഘത്തിനുള്ളത്.