Sorry, you need to enable JavaScript to visit this website.

കോട്ടയത്ത് മൂന്നു വില്ലേജ് ഓഫീസ് കൂടി സ്മാർട്ടായി

കോട്ടയം - കോട്ടയം ജില്ലയിൽ മൂന്നു വില്ലേജ് ഓഫീസു കൂടി സ്മാർട്ടായി. പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ  പട്ടയ മിഷൻ രൂപീകരിക്കുമെന്നും ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം 25 ന് കോട്ടയത്തു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും മന്ത്രി കെ. രാജൻ. മണിമല സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടയ്ക്കാട്, ചെത്തിപ്പുഴ സ്മാർട്ട് വില്ലേജ് ഓഫീസുകളുടേയും ഉദ്ഘാടനം മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു.
അർഹരായ മുഴുവൻ പേരെയും ഭൂമിയുടെ അവകാശികളാക്കാനാണ് പട്ടയ മിഷന് സർക്കാർ രൂപം നൽകുന്നതെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ കൈയിലുള്ള ഭൂമി വിട്ടുകൊടുത്തുകൊണ്ട് റവന്യൂ വകുപ്പിന് പട്ടയം നൽകാൻ കഴിയുന്ന കാര്യങ്ങൾ ഉൾപ്പെടെ നടപ്പാക്കും. റവന്യൂ വകുപ്പിന് പട്ടയം കൊടുക്കാൻ തടസ്സം നിൽക്കുന്ന എല്ലാ സാങ്കേതിക തടസ്സങ്ങളും പരിഹരിച്ചുകൊണ്ട് അർഹരായവർക്കു പട്ടയം കൊടുക്കും. നിയോജക മണ്ഡലം തലത്തിൽ എം.എൽ.എമാരുടെ സാന്നിധ്യത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് ഓരോയിടത്തും ഉള്ള പ്രത്യേക ഭൂപ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള പരിപാടി മെയ് മാസം മുതൽ ആരംഭിക്കും. പ്രശ്നങ്ങൾ എല്ലാം കണ്ടെത്തി രേഖയാക്കി പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെടുത്തും. തഹസീൽദാർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ഈ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസർ ആയി പ്രവർത്തിക്കും.റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾക്കു വേഗം കൂട്ടാൻ ഡിജിറ്റൈലെസേഷൻ ആണ് പ്രധാന മാർഗം. നവംബർ ഒന്നോടു കൂടി സംസ്ഥാനത്തെ മുഴുവൻ റവന്യൂ ഓഫീസുകളും ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
 റീബിൽഡ് കേരള ഇനീഷിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ടോമി സി വാടയിൽ സൗജന്യമായി നൽകിയ ഏഴ് സെന്റ് സ്ഥലത്താണ് ചെത്തിപുഴയിൽ പുതിയ വില്ലേജ് ഓഫീസ് പണിതത്. ടോമി സി വാടയിലിനെ കലക്ടർ ഡോ. പി .കെ ജയശ്രീ ഉദ്ഘാടന ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. 44 ലക്ഷം രൂപ ചെലവിൽ 1500 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിതി കേന്ദ്രമാണ് വില്ലേജ് ഓഫീസ് പണി കഴിപ്പിച്ചത്. സേവനങ്ങൾക്കായി എത്തുന്നവർക്ക് ഫ്രണ്ട് ഓഫീസ്, വിശ്രമ മുറി, രണ്ടു ശുചിമുറികൾ, ജോലിക്കാർക്കായി കാബിനുകൾ, റെക്കോഡ് റൂം, ജീവനക്കാർക്കായി രണ്ട് ശുചിമുറി എന്നീ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിലുള്ളത്.ചെത്തിപ്പുഴ പഴയ വില്ലേജ് ഓഫീസിനോട് ചേർന്ന് 44 ലക്ഷം രൂപ ചെലവിട്ട് 1300 ചതുരശ്ര അടിയലാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ചെത്തിപ്പുഴ വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ അഡ്വ. ജോബ് മൈക്കിൾ എം എൽ എ അധ്യക്ഷനായിരുന്നു. 
മണിമല വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അധ്യക്ഷനായിരുന്നു.തോട്ടയ്ക്കാടു വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു അധ്യക്ഷയായിരുന്നു. ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീ, സബ് കലക്ടർ സഫ്ന നസറുദ്ദീൻ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.

Latest News