Sorry, you need to enable JavaScript to visit this website.

ആൾക്കൂട്ട കൊലപാതകത്തിന്റെ ഞെട്ടൽ മാറാതെ...

പാലക്കാട്- അട്ടപ്പാടി മധു വധക്കേസിനെപ്പോലെ സമീപകാലത്ത് മലയാളിയുടെ മനസ്സാക്ഷിയെ പിടിച്ചുലച്ച മറ്റൊരു കേസ് ഉണ്ടായിട്ടുണ്ടോ? ഇല്ലെന്ന് പറയേണ്ടി വരും. മാനസികാസ്വാസ്ഥ്യവുമായി അട്ടപ്പാടിയിലെ കാട്ടിൽ അലഞ്ഞു തിരിയുന്ന ആദിവാസിയുവാവിനെ കാട്ടിൽനിന്ന് പിടിച്ചു കെട്ടികൊണ്ടുവരാൻ ആസൂത്രണം ചെയ്യുക, സംഘം ചേർന്ന് അത് നടപ്പിലാക്കുക, ആൾക്കൂട്ടവിചാരണ നടത്തി മർദ്ദിക്കുക, വമ്പു കാണിക്കാൻ അതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക, ഒടുവിൽ യുവാവ് മരിച്ചപ്പോൾ കേസ് തേച്ചുമായ്ച്ച് കളയാൻ എല്ലാവിധത്തിലുള്ള സ്വാധീനങ്ങളും ഉപയോഗിക്കുക, കൊല്ലപ്പെട്ട യുവാവിന്റെ അമ്മയേയും സഹോദരിയേയും നിരന്തരം വേട്ടയാടുക, വിചാരണാവേളയിൽ സാക്ഷികളെ പല രീതിയിൽ സ്വാധീനക്കുക, ജഡ്ജിയെപ്പോലും ഭീഷണിപ്പെടുത്തുക
ഇതെല്ലാമാണ് മധു വധക്കേസ് എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നത്. ഒരു പാക്കറ്റ് ചായപ്പൊടിയും ഒരു പാക്കറ്റ് മുളകുപൊടിയും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം മധു എന്ന യുവാവിനെ വിചാരണ നടത്തി അടിച്ചു കൊന്നത്. ഉത്തരേന്ത്യയിലും മറ്റും പതിവായി കേൾക്കുന്ന ആൾക്കൂട്ടക്കൊലപാതകത്തിന് അങ്ങനെ കേരളവും വേദിയായി. സംഭവം മലയാളിക്ക് ഉണ്ടാക്കിയ നാണക്കേട് ചെറുതല്ല. 
2018 ഫെബ്രുവരി 22നായിരുന്നു കേസിനാസ്പദമായ സംഭവം. അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധു എന്ന യുവാവ് മാനസികാസ്വാസ്ഥ്യത്തെത്തുടർന്ന് കുറെ നാളായി കാട്ടിൽ അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്നു.
മുക്കാലിയിലേയും സമീപപ്രദേശങ്ങളിലേയും വ്യാപാരികൾക്ക് ആൾ ഒരു ശല്യമായി. തുടർന്നാണ് കാട്ടിൽ കയറി യുവാവിനെ ബലം പ്രയോഗിച്ച് പിടികൂടിയത്. ശാരീരികമായി അങ്ങേയറ്റം ദുർബ്ബലനായിരുന്ന യുവാവിന് എതിർക്കാൻ പോലും കഴിയുമായിരുന്നില്ല. പിടിച്ചുകെട്ടി വലിച്ച് മുക്കാലിയിലെത്തിച്ച മധുവിനെ നിരവധി പേർ മർദ്ദിച്ചു. പലരും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. വീരസാഹസമെന്ന മട്ടിലാണ് ആ ദിവസങ്ങളിൽ യുവാവിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ അട്ടപ്പാടിയിലെ വാട്‌സ് ആപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചത്. മർദ്ദനമേറ്റ് അവശനായ യുവാവിനെ പിന്നീട് നാട്ടുകാർ പോലീസിന് കൈമാറി. പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. 
മധു മരിച്ചതോടെ കഥ മാറി. വാട്‌സ് ആപ് ഗ്രൂപ്പുകളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർ അവ ഡിലിറ്റ് ചെയ്യുന്നതിനുള്ള നെട്ടോട്ടത്തിലായി. പല വാട്‌സ് ആപ്  ഗ്രൂപ്പുകളും പിരിച്ചു വിട്ടു. ചിലരെങ്കിലും അങ്ങനെ രക്ഷപ്പെട്ടിട്ടുണ്ടാകാം. സാക്ഷിമൊഴികളേക്കാൾ പോലീസ് മധു കേസിൽ ആശ്രയിച്ചത് ഡിജിറ്റൽ തെളിവുകളെയാണ്. സാമൂഹ്യമാധ്യമങ്ങളിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ വലിയ രീതിയിലുള്ള ശ്രമങ്ങൾ നടന്നു. കുറേ തിരിച്ചു കിട്ടി. കുറേ നഷ്ടപ്പെട്ടു. മുഴുവൻ ദൃശ്യങ്ങളും വീണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞിരുന്നുവെങ്കിൽ മധു കേസിലെ പ്രതിപ്പട്ടിക ഇനിയും നീളുമായിരുന്നു. സാക്ഷിപ്പട്ടികയിലുണ്ടായിരുന്ന പലരും പ്രതിപ്പട്ടികയിലേക്ക് മാറുമായിരുന്നു. പതിനാറ് പേരെ മാത്രം ഉൾപ്പെടുത്തി പോലീസ് പ്രതിപ്പട്ടിക തയ്യാറാക്കിയപ്പോൾ മധുവിന്റെ അമ്മ മല്ലി പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. കൂടുതൽ പേർ സംഭവത്തിലുൾപ്പെട്ടിട്ടുണ്ടെന്നും അവരെയെല്ലാം പ്രതി ചേർക്കണം എന്നതുമായിരുന്നു അമ്മയുടെ ആവശ്യം. 
അട്ടപ്പാടിയിലേത് ഒറ്റപ്പെട്ട സംഭവമല്ല എന്നതാണ് ദളിത് പ്രവർത്തകരും സംഘടനകളും ഉയർത്തുന്ന വാദം. സമീപകാലത്ത് സംസ്ഥാനത്ത് ആദിവാസികൾക്കെതിരേ നടന്ന പല സംഭവങ്ങളും ഇതര സമൂഹങ്ങൾക്ക് അവരോടുള്ള മനോഭാവത്തിന്റെ തെളിവാണ് എന്നാണ് സണ്ണി കപിക്കാടിനെപ്പോലുള്ളവർ പറയുന്നത്. മധു വധക്കേസിലെ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വരുമ്പോഴും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരും. 

Latest News