Sorry, you need to enable JavaScript to visit this website.

ഹൃദയാഘാതം: കണ്ണൂർ സ്വദേശി അൽകോബാറിൽ നിര്യാതനായി

ദമാം- കണ്ണൂർ ആയിക്കര സൈതമ്മറത്ത് ലാഞ്ചിറപ്പുരയിൽ പരേതനായ മഹമൂദിന്റെ മകൻ സർഫറാസ് മഹമൂദ് (37) ഹൃദയാഘാതംമൂലം അൽകോബാറിൽ നിര്യാതനായി. കഴിഞ്ഞ മൂന്നു വർഷമായി ദമാമിലെ ആർക്ക് ആന്റ് ബിൽഡ് കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ ഇന്നലെ രാത്രി പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടർന്ന് അൽകോബാറിലെ അൽ മന ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ഫാത്തിമ ഷഹിസ്ത്ത്. മക്കൾ: വിദ്യാർഥികളായ ഇനായ ഫാത്തിമ, മുഹമ്മദ് ഇഷാൻ, എന്നിവരുമൊത്ത് അൽ കോബാറിലായിരുന്നു താമസം. മാതാവ്: ശരീഫ മഹമൂദ് നാട്ടിലാണ്. അൽകോബാർ അൽമന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് ഇശാ നമസ്‌കാരത്തിനു ശേഷം ദമാം 91 ഖബർസ്ഥാനിൽ മറവു ചെയ്തുവെന്ന് സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം അറിയിച്ചു. 13 വർഷം മുമ്പ് ദമാമിൽ മരിച്ച സർഫറാസിന്റെ പിതാവ് മഹമൂദിന്റെ മയ്യിത്ത് ദമാം ഖബർസ്ഥാനിലാണ് മറവു ചെയ്തിരുന്നത്. ഇതേ ഖബർസ്ഥാനിൽ തന്നെ സർഫറാസിനെയും മറവു ചെയ്യണമെന്ന കുടുംബത്തിന്റെ ആഗ്രഹം രാത്രി തന്നെ മറവു ചെയ്യുന്നതിനുള്ള അനുമതി നാസ് വക്കത്തിന്റെ ഇടപെടലിലൂടെ സാധ്യമാക്കുകയായിരുന്നു. നിലവിൽ അസർ നമസ്‌കാരത്തിനു ശേഷം ദമാം ഖബർസ്ഥാനിൽ മയ്യിത്തുകൾ മറവു ചെയ്യുന്നതിന് അനുമതിയില്ല.
 

Tags

Latest News