മദീന- ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നും ഒഴുകിയെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും വേണ്ടി പ്രവാചക പള്ളിയിൽ ഒരുക്കിയിരിക്കുന്നത് ഇ-ചിപ്പ് അടങ്ങിയ കാൽ ലക്ഷം മുന്തിയ പരവതാനികൾ. മസ്ജിദുന്നബവിയിലെ ആവശ്യത്തിന് ഏറ്റവും മുന്തിയ, ഉയർന്ന ഗുണമേന്മയുള്ള കാർപറ്റുകൾ സൗദിയിലെ ഫാക്ടറികളിൽ പ്രത്യേകം നിർമിക്കുകയാണ് ചെയ്യുന്നത്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കാർപറ്റുകളിലെ ചിപ്പുകൾ റീഡ് ചെയ്യുന്നത്. നിർമിച്ചതു മുതൽ ഉപയോഗം, വിരിച്ച സ്ഥലം, കഴുകേണ്ട സമയം എന്നിവ അടക്കം കാർപറ്റുകളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഇലക്‌ട്രോണിക് സംവിധാനവുമായി ബന്ധിപ്പിച്ച ചിപ്പുകളിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യ റീഡിംഗിലൂടെ എളുപ്പത്തിൽ ലഭിക്കുന്നു. പരവതാനികളുടെ എണ്ണം കണക്കാക്കാനും ഓരോന്നും പ്രത്യേകം തിരിച്ചറിയാനും ഡിജിറ്റൽ ബാർകോഡിൽ കാർപറ്റ് വിവരങ്ങൾ പ്രിന്റ് ചെയ്യുന്നു. ഇത് പരവതാനികളെ എളുപ്പത്തിൽ ട്രാക്ക് ചെയ്യാനും മസ്ജിദുന്നബിയിലും മുറ്റങ്ങളിലും കാർപറ്റുകളുടെ നീക്കവുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും അറിയാനും സഹായിക്കുന്നു.
പതിനാറു മില്ലിമീറ്റർ കനമുള്ള കാർപറ്റുകൾക്ക് മനുഷ്യ സാന്ദ്രത വഹിക്കാൻ ശേഷിയുണ്ട്. കാർപറ്റുകളുടെ മികച്ച നെയ്ത്ത് ജോലികൾ നമസ്‌കാരങ്ങൾക്കും ആരാധന കർമങ്ങൾക്കുമിടെ വിശ്വാസികൾക്കും സന്ദർശകർക്കും പൂർണ ആശ്വാസം നൽകുന്നു. മൃദുവായ കമ്പിളിയുടെ സമൃദ്ധി, ഉയരം, വർണ സ്ഥിരത, ഇടക്കിടെ കഴുകുന്നത് ഗുണമേന്മയെ ഒട്ടും ബാധിക്കുന്നില്ല എന്നിവയും ഇതിന്റെ സവിശേഷതകളാണ്.
കാർപറ്റ് നിർമാണത്തിന് ഉപയോഗിക്കുന്ന ശുദ്ധമായ അക്രിലിക് നൂലിന്റെ ഭാരം ഒരു ചതുരശ്ര മീറ്ററിന് 4000 ഗ്രാം ആണ്. കാർപറ്റിലെ മൃദുനാരിന്റെ ഉയരം പതിനാലു മില്ലിമീറ്ററാണ്. പരവതാനിയുടെ ആകെ ഉയരം പതിനാറു മില്ലിമീറ്റർ വരെയാണ്. വ്യത്യസ്ത വലിപ്പങ്ങളിലുള്ള കാൽ ലക്ഷം പരവതാനികളാണ് മസ്ജിദുന്നബവിയുടെ എല്ലാ ഭാഗത്തുമായി വിരിച്ചിരിക്കുന്നത്.